തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമങ്ങള്‍ക്ക് എതിരെ ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എഐഎസ്എഫ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. എസ്എഫ്‌ഐക്കും ആഭ്യന്തര വകുപ്പിനും എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് എഐഎസ്എഫ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. പൊലീസ് ബാരിക്കേഡ് നിരത്തി പ്രവര്‍ത്തകരെ തടഞ്ഞതോടെ സംഘര്‍ഷമായി. ഒടുവില്‍ സംഘര്‍ഷം നിയന്ത്രിക്കാന്‍ വിദ്യര്‍ത്ഥികള്‍ക്ക് നേരെ പോലീസിന് ജലപീരങ്കി പ്രയോഗിക്കേണ്ടി വന്നു. പ്രതിഷേധക്കാരില്‍ ചിലര്‍ക്ക് സംഘര്‍ഷത്തിനിടെ പരിക്കേറ്റിട്ടുണ്ട്. കനത്ത സുരക്ഷാ സംവിധാനമാണ് സെക്രട്ടേറിയറ്റ് പരിസരത്ത് പൊലീസ് ഒരുക്കിയിരുന്നത്. അക്രമം ഒരു കാരണവശാലും ഇനി വച്ചു പൊറുപ്പിക്കില്ലെന്ന് എസ്എഫ്‌ഐക്ക് മുന്നറിയിപ്പ് നല്‍കിയ പ്രവര്‍ത്തകര്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ എഐഎസ്എഫിന്റെ യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചതായും അറിയിച്ചു. എസ്എഫ്‌ഐക്കെതിരെ പരസ്യമായ രംഗത്തെത്തിയ വിദ്യാര്‍ത്ഥികളെ കൂടി ഉള്‍പ്പെടുത്തിയാണ് യൂണിറ്റെന്നും എഐഎസ്എഫ് നേതാക്കള്‍ പറയുന്നു.
എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും രൂക്ഷമായ വിമര്‍ശനമാണ് ഇവര്‍ ഉന്നയിക്കുന്നത്. ആഭ്യന്തര വകുപ്പ് വേട്ടക്കാരനൊപ്പം നില്‍ക്കുന്നു എന്ന പ്രതികരണവുമായാണ് എഐഎസ്എഫ് നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments