തിരുവനന്തപുരം: 1989 ഏപ്രില്‍ പതിനൊന്നിനാണ് സുമേഷിനെ (യഥാര്‍ത്ഥ പേരല്ല) കുറ്റക്കാരനല്ലെന്നും ബന്ധുക്കളുടെ കൂടെ വിടാമെന്നും ആലപ്പുഴ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കുന്നത്. അപ്പോഴേക്കും ജയിലില്‍ നിന്നും സുമേഷ് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റപ്പെട്ടിരുന്നു. 26 വയസുള്ള യുവാവായിരുന്നു അന്ന് സുമേഷ്. നീണ്ട മുപ്പത് വര്‍ഷം. ഏറ്റെടുക്കാന്‍ ആരും വന്നില്ല. തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ ജയിലിന് സമാനമായ ഫോറന്‍സിക് വാര്‍ഡില്‍ സുമേഷ് കുടുങ്ങിക്കിടന്നു. ഇപ്പോള്‍ 56 വയസുള്ള വ്യക്തിയുടെ ജീവിതം തിരിച്ചു കൊടുക്കാന്‍ ശ്രമിക്കുകയാണ് സാമൂഹ്യ നീതി വകുപ്പ്. വകുപ്പിലെ പ്രൊബേഷന്‍ വിഭാഗമാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രം, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ജയിലിലെത്തി കേസില്‍ തീര്‍പ്പാവാതെ 50 വര്‍ഷത്തിലധികമായി നാല് ചുവരുകള്‍ക്കുള്ളില്‍ കഴിയുന്ന വ്യക്തികള്‍ ഇപ്പോഴും കേരളത്തിലുണ്ട്. ചെയ്ത കുറ്റത്തിന് നിയമ പ്രകാരമുള്ള ശിക്ഷയനുഭവിച്ച് കഴിഞ്ഞും മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ കഴിയുക എന്നു പറഞ്ഞാല്‍… കേരളത്തിലെ ജയിലുകളിലെ മാനസിക രോഗം ബാധിച്ച 100ലധികം ആളുകളാണ് വിചാരണത്തടവുകാരായി തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ കഴിഞ്ഞു വരുന്നത്. ഇതില്‍ തന്നെ നേരത്തെ വിചാരണ തടവുകാരായിരിക്കുകയും വിചാരണ കഴിഞ്ഞ് പൂര്‍ണമായും വിടുതല്‍ ചെയ്തവരുമായ ഇരുപതോളം പേരുണ്ട്. ഇങ്ങനെ വിടുതല്‍ ചെയ്യുന്നവരെ ആരും ഏറ്റെടുക്കാത്തത് കൊണ്ട് അവര്‍ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ വര്‍ഷങ്ങളായി കഴിഞ്ഞു വരികയാണ്. മനുഷ്യ മനസാക്ഷിയെ വേദനിപ്പിക്കുന്ന ഇവരുടെ കാര്യത്തില്‍ അംഗീകൃത സൈക്കോ സോഷ്യല്‍ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഒരു പദ്ധതി തയ്യാറാക്കുകയും ഇതിന്റെയടിസ്ഥാനത്തില്‍ ആദ്യഘട്ടത്തില്‍ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും 8 പേരെ മോചിപ്പിച്ച് പുനരധിവാസം സാധ്യമാക്കാന്‍ സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യ നീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കൂടാതെ ദീര്‍ഘകാലമായി വിചാരണത്തടവുകാരായി മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിയുന്നവരില്‍ രോഗം നിയന്ത്രണ വിധേയമായവരുടെ കേസുകള്‍ കോടതികളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും നടപടിയെടുത്തതായി മന്ത്രി പറഞ്ഞു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലുള്ള 8 പേരെയാണ് ആദ്യഘട്ടത്തില്‍ പുനരധിവസിപ്പിക്കുന്നത്. ഇവരെ തിരുവനന്തപുരം നാലാഞ്ചിറ ആര്‍ച്ച് ബിഷപ്പ് മാര്‍ ഗ്രിഗോറിയോസ് സ്‌നേഹവീട്, വെട്ടുകാട് ദിവ്യശാന്തി ആശ്രമം എന്നീ സ്ഥാപനങ്ങളിലേക്കാണ് പുനരധിവസിപ്പിക്കുന്നത്. സ്ഥാപനത്തില്‍ കഴിയുന്ന കാലത്തെ മുഴുവന്‍ ചെലവും സാമൂഹ്യനീതി വകുപ്പ് വഹിക്കും. ഈ വ്യക്തികളുടെ ബന്ധുക്കളെ കണ്ടെത്തി വിടുതല്‍ ചെയ്യാന്‍ സ്ഥാപനത്തിലെ സോഷ്യല്‍ വര്‍ക്കറോ മേധാവിയോ ശ്രമിക്കേണ്ടതാണ്. ബന്ധുക്കളെ കണ്ടെത്തി വിടുതല്‍ ചെയ്യാന്‍ കഴിയാത്തപക്ഷം ഈ സന്നദ്ധ സംഘടകള്‍ ഓരോ വര്‍ഷവും സാമ്പത്തിക സഹായത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. വിടുതല്‍ ചെയ്ത വ്യക്തിയെ ആദ്യ ഒരു വര്‍ഷം 4 മാസത്തിലൊരിക്കല്‍ ജില്ല പ്രൊബേഷന്‍ ഓഫീസര്‍ മേല്‍നോട്ടം നടത്തി സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കേണ്ടതുമാണ്.
ഇത്തരക്കാരെ പുനരസിപ്പിക്കുന്നിന് 33 സന്നദ്ധ സംഘടനകള്‍ താത്പര്യം അറിയിക്കുകയും സര്‍ക്കാര്‍ സാമ്പത്തികമായി സഹായിച്ചാല്‍ ഇവരെ ഏറ്റെടുക്കാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. അതിന്റെ പ്രാരംഭ പ്രവര്‍ത്തനമായാണ് 8 പേരെ പുനരധിവസിപ്പിക്കാന്‍ ഉത്തരവായത്. ഇതനുസരിച്ച് ഓരോ വ്യക്തിക്കും ഒരു വര്‍ഷം ഭക്ഷണം, വസ്ത്രം, മരുന്ന്, വ്യക്തി ശുചിത്വം എന്നിവയ്ക്കായി 39,660 രൂപയാണ് അനുവദിക്കുന്നത്. കൂടാതെ അത്യാവശ്യ ചികിത്സകള്‍ക്ക് ഗവ. ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് പ്രകാരം തുക അനുവദിക്കുന്നതുമാണ്.
കോഴിക്കോടും തൃശൂരുമുള്ള മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ പൂര്‍ണമായും വിടുതല്‍ ചെയ്ത ആളുകളെ തുടര്‍ന്നും പുനരധിവസിപ്പിക്കുമെന്ന് മന്ത്രി കെ.കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ബാക്കിയുള്ള ആളുകളുടെ കാര്യത്തില്‍ അവരുടെ രോഗം നിയന്ത്രണ വിധേയമായോയെന്ന് ജില്ലാ ലീഗല്‍ അതോറിറ്റി സെക്രട്ടറി, മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട്, മാനസികാരോഗ്യ കേന്ദ്രത്തിലെ മറ്റൊരു ഡോക്ടര്‍ എന്നിവരടങ്ങിയ കമ്മിറ്റി പരിശോധിച്ചും കോടതി കാര്യങ്ങള്‍ തീര്‍പ്പാക്കുന്നതനുസരിച്ചും പുനരധിവാസം സാധ്യമാക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments