കോട്ടയം ∙ മാവേലിക്കര സ്പെഷൽ സബ് ജയിലിൽ മരിച്ച സാമ്പത്തിക തട്ടിപ്പുകേസ് പ്രതി എം.ജെ. ജേക്കബിന്റെ ശരീരത്തിൽ മൂന്നിടത്തു ഗുരുതരമായ പരുക്കുകൾ കണ്ടെത്തിയതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ജേക്കബ് (68) മരിക്കുന്നതിനു മണിക്കൂറുകൾക്കു മുൻപ് ഏറ്റ പരുക്കുകളാണിവ. നെറ്റിയിലെ മുറിവിന് 3.5 സെന്റിമീറ്റർ നീളവും അര സെന്റി മീറ്റർ വീതിയുമുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇടതു ചെവിക്കു താഴെ 4 സെന്റിമീറ്റർ നീളത്തിൽ പലയിടത്തായി മുറിവുകളുണ്ട്.
പരുക്കൻ പ്രതലത്തിൽ നിന്നേറ്റതോ കട്ടിയുള്ള വസ്തുക്കൾകൊണ്ട് പ്രഹരിച്ചതുമൂലമോ വന്ന പരുക്കുകളാണ് ഇതെന്നാണു നിഗമനം. മാർച്ച് 21നു രാവിലെ മരിച്ച ജേക്കബിന്റെ പോസ്റ്റ്മോർട്ടം ആലപ്പുഴ മെഡിക്കൽ കോളജിൽ പിറ്റേന്നു പകൽ 12.30നാണു നടത്തിയത്. മരിക്കുന്നതിന് തലേന്നാണ് ജേക്കബിനെ കസ്റ്റഡിയിൽ എടുത്തത്. ചെവിക്കു മുകളിലെ മുറിവിന് ഒന്നര സെന്റിമീറ്റർ നീളമുണ്ട്. ജേക്കബിന്റെ തൊണ്ടയിൽ തിരുകിയ തൂവാല ഉമിനീരിലും സ്രവങ്ങളിലും കുതിർന്ന നിലയിലായിരുന്നു.
ജേക്കബിനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന കണ്ടെത്തലിനെ സാധൂകരിക്കുന്നതാണു മുറിവുകൾ. ശ്വാസംമുട്ടി മരിച്ചതിന്റെ ലക്ഷണങ്ങൾ ശരീരത്തിലുണ്ട്. തലച്ചോറിൽ നീർക്കെട്ടും കൺതടങ്ങളിൽ രക്തസ്രാവവുമുണ്ട്. നാക്ക് കടിച്ചുപിടിച്ചിരുന്നു. മരണത്തിനു കാരണമായ അസുഖങ്ങളുടെ സൂചനയില്ല.ശരീരത്തിലെ മുറിവുകൾ പിടിവലിക്കിടെ ഉണ്ടായതാവാമെന്നും ജേക്കബിന്റെ വെപ്പുപല്ലുകൾ അടർന്നുവീണത് ഈ സമയത്താകാമെന്നും റിപ്പോർട്ടിൽ പറയുന്നു.
വായ്ക്കകത്തോ മോണയിലോ ചുണ്ടിലോ മുറിവുകൾ ഇല്ല. ജേക്കബ് സ്വയം തൂവാല തിരുകി ആത്മഹത്യ ചെയ്തതല്ലെന്ന് ഫൊറൻസിക് സർജൻമാരുടെ സംഘം അന്വേഷണ ഉദ്യോഗസ്ഥർക്കു മൊഴി നൽകിയിരുന്നു. എന്നാൽ ഏതു വിധേനയാണു കൊലപാതകമെന്ന് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ നിഗമനത്തിൽ എത്താൻ കഴിയില്ലെന്നും റിപ്പോർട്ടിലുണ്ട്.
Post Your Comments