തിരുവല്ല: മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച സംഭവത്തില്‍ ജയില്‍ വകുപ്പ് നടപടി തുടങ്ങി. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ജയില്‍ സൂപ്രണ്ടിനെ സ്ഥലംമാറ്റി. ജയിലിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും മാറ്റി നിയമിക്കാന്‍ ജയില്‍ വകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നു.
ജയിലില്‍ റിമാന്‍ഡ് പ്രതി കുമരകം സ്വദേശി ജേക്കബ്ബ് മരിച്ചത് കൂടാതെ മറ്റൊരു പ്രതിയെ ജയില്‍ ചാടാന്‍ സഹായിച്ചുവെന്ന ആരോപണവും ജയില്‍ ജീവനക്കാര്‍ക്കെതിരെയുണ്ട്. ജയിലിനുള്ളിലേക്ക് പുറത്തുനിന്നുള്ള ഭക്ഷണവും കഞ്ചാവും എത്തിക്കുന്നതായും ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയ സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ജയില്‍ ജീവനക്കാരെ മാറ്റി നിയമിക്കുന്നതിനൊപ്പം ജയിലില്‍ 37 ക്യാമറകള്‍ സ്ഥാപിക്കാനും തീരുമാനമെടുത്തിട്ടുണ്ട്.
മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലില്‍ അടുത്തിടെയുണ്ടായ വിവിധ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മുഴുവന്‍ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റാന്‍ തീരുമാനിച്ചത്. ഇതേത്തുടര്‍ന്നാണ് ജയില്‍ സൂപ്രണ്ട് എ സമീറിനെ സ്ഥലം മാറ്റി ജയില്‍ വകുപ്പ് ഉത്തരവ് ഇറക്കിയത്. കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയിലിലേക്കാണ് സ്ഥലംമാറ്റം. മറ്റ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം രണ്ട് ഘട്ടമായി നടപ്പാക്കാനാണ് ജയില്‍ വകുപ്പിന്റെ തീരുമാനം. തീരുമാനം നടപ്പാകുന്നതോടെ സംസ്ഥാനത്ത് തന്നെ ആദ്യമായിട്ടാണ് ഒരു സബ് ജയിലിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും മാറ്റി നിയമിക്കുന്നത്.
Post Your Comments