KeralaLatest News

65 ലക്ഷത്തിന്റെ ലോട്ടറി അടിച്ചു; ടിക്കറ്റുമായി സുഹൃത്ത് മുങ്ങിയെന്ന പരാതിയുമായി യുവാവ്

കേരള ലോട്ടറിയുടെ വിന്‍ വിന്‍ ടിക്കറ്റിന് ആണ് 65 ലക്ഷം രൂപ സമ്മാനമടിച്ചത്

മൂന്നാര്‍: സുഹൃത്തുക്കള്‍ ചേര്‍ന്നെടുത്ത ലോട്ടറിക്ക് 65 ലക്ഷത്തിന്റെ ഒന്നാം സമ്മാനം അടിച്ചു. എന്നാല്‍ സുഹൃത്തുക്കളിലൊരാള്‍ ലോട്ടറി ടിക്കറ്റുമായി മുങ്ങിയെന്ന പരാതിയുമായി യുവാവ്. സംഭവത്തെ തുടര്‍ന്ന് കബളിപ്പിക്കപ്പെട്ട മൂന്നാര്‍ ന്യൂ കോളനി സ്വദേശി ആര്‍. ഹരികൃഷ്ണന്‍ ആണ് ഇതു സംബന്ധിച്ച് ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്.
ഹരികൃഷ്ണനും അയല്‍വാസി സാബുവും ചേര്‍ന്നാണ് കഴിഞ്ഞ തിങ്കളാഴ്ച കുഞ്ചിത്തണ്ണിയില്‍ നിന്ന് 30 രൂപ മുടക്കി ലോട്ടറി വാങ്ങിയത്. ഇവര്‍ വാങ്ങിയ കേരള ലോട്ടറിയുടെ വിന്‍ വിന്‍ ടിക്കറ്റിന് ആണ് 65 ലക്ഷം രൂപ സമ്മാനമടിച്ചത്. ഈ സമയം ഹരികൃഷ്ണന്റെ കയ്യിലായിരുന്നു ലോട്ടറി ടിക്കറ്റ്.

പിറ്റേന്ന് ഹരികൃഷ്ണന്‍ സാബുവിനെയും ബ്ലോക്ക് പഞ്ചായത്ത് അംഗം സി. നെല്‍സനെയും കൂട്ടി മൂന്നാര്‍ എസ്ബിഐ ശാഖയിലെത്തി. എന്നാല്‍ സമ്മാനത്തുകയ്ക്ക് 2 അവകാശികള്‍ ഉള്ളതിനാല്‍ ഇരുവരുടെയും പേരില്‍ ജോയിന്റ് അക്കൗണ്ട് എടുക്കണമെന്നും പിറ്റേന്ന് വരണമെന്നും ബാങ്ക് അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു. ബാങ്കിലെത്തിയതിന് ശേഷം ഹരികൃഷ്ണന്‍ തന്റെ കൈവശമുണ്ടായിരുന്ന ടിക്കറ്റ് സാബുവിനെ ഏല്‍പ്പിച്ചിരുന്നു.

പിറ്റേന്ന് ബാങ്കില്‍ പോകാന്‍ നോക്കുമ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് വീടും പൂട്ടി സാബു സ്ഥലം വിട്ടിരുന്നു എന്നാണ് ഹരികൃഷ്ണന്റെ പരാതിയില്‍ പറയുന്നത്. മേസ്തിരിപ്പണിക്ക് മൂന്നാറില്‍ എത്തിയ സാബു തനിച്ച് വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്. എന്നാല്‍ ഇയാളുടെ സ്വദേശമോ വിലാസമോ ഹരികൃഷ്ണന് അറിയില്ല. സംഭവത്തെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button