KeralaLatest News

പ്രദേശവാസികളെ ഭീതിയിലാഴ്ത്തി വീടുകളുടെ മുറ്റത്ത് ചോരത്തുള്ളികള്‍; പോലീസ് അന്വേഷണം ആരംഭിച്ചു

കൊച്ചി: കീഴ്മാട് പഞ്ചായത്തിലെ കീരംകുന്നില്‍ വീടുകളുടെ പരിസരത്തുനിന്നും ചോരത്തുള്ളികള്‍ കണ്ടെത്തിയത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. കീരംകുന്നിലെ 7 വീടുകളുടെ പരിസരത്തു നിന്നാണ് ചെറിയ കാല്‍പ്പാടുകളുടെ ആകൃതിയില്‍ ചോരത്തുള്ളികള്‍ കണ്ടെത്തിയത്. വീടുകളുടെ സിറ്റൗട്ട്, പോര്‍ച്ച്, മുന്‍പിലെ റോഡ് എന്നിവിടങ്ങളിലാണ് രാവിലെ ചോരപ്പാടുകള്‍ കണ്ടത്. ഇതു മനുഷ്യരുടേതോ മൃഗങ്ങളുടേതോ എന്നു തിരിച്ചറിയാന്‍ പൊലീസ് സാംപിള്‍ ശേഖരിച്ചു കാക്കനാട് റീജനല്‍ അനലറ്റിക്കല്‍ ലബോറട്ടറിയില്‍ പരിശോധനയ്ക്ക് നല്‍കി.

ചോരപ്പാടുകള്‍ കണ്ടെത്തിയ വീടുകള്‍ക്ക് സമീപത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബംഗാള്‍ സ്വദേശിയുടെ മൊബൈല്‍ ഫോണ്‍ ലഭിച്ചത് ദുരൂഹത വര്‍ധിപ്പിച്ചു. താഴത്തങ്ങാടി കുഞ്ഞിക്കൊച്ചിന്റെ വീട്ടിലാണ് ആദ്യം ഇത് ശ്രദ്ധയില്‍പ്പെട്ടത്. രാവിലെ വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്നപ്പോഴാണ് വീട്ടുകാര്‍ സിറ്റൗട്ടില്‍ ചോരപ്പാടുകള്‍ കണ്ടത്.
തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ അയല്‍ക്കാരായ പൂഴിത്തറ കുഞ്ഞുമുഹമ്മദ്, പള്ളിക്കുഴി റസിയ അബ്ദുല്‍ ഖാദര്‍, നടുക്കുഴി അഷ്‌റഫ്, പൂഴിത്തറ നാസര്‍, ചേരില്‍ അബ്ദുല്ല എന്നിവരുടെ വീടുകളുടെ പരിസരത്തും ചോരത്തുള്ളികള്‍ കണ്ടു. തൊട്ടടുത്ത് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന സിദ്ദീഖിന്റെ കെട്ടിടത്തിലും ചോരപ്പാടുകള്‍ ഉണ്ടായിരുന്നു.

സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടെ റോഡില്‍ നിന്നു കിട്ടിയ മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്ത നിലയിലായിരുന്നെങ്കിലും സിം കാര്‍ഡ് ഊരി ബാറ്ററിയുടെ അടിയില്‍ വെച്ച നിലയിലായിരുന്നു. ഈ സിം കാര്‍ഡ് പരിശോധിച്ചപ്പോള്‍ ഇതില്‍ നിന്നും ബംഗാളിലേക്ക് 28 കോളുകള്‍ ചെയ്തതായി കണ്ടെത്തി. കീരംകുന്നില്‍ താമസിക്കുന്ന ബംഗാള്‍ സ്വദേശിയെക്കൊണ്ടു നാട്ടുകാര്‍ അതിലൊരു നമ്പരില്‍ വിളിപ്പിച്ചപ്പോള്‍ സ്ത്രീ എടുത്തു. സിം കാര്‍ഡ് നമ്പരിന്റെ ഉടമ കേരളത്തിലില്ലെന്നും ബംഗാളിലാണെന്നും അവര്‍ അറിയിച്ചു. അതോടെ ഭീതിയും ദുരൂഹതയും വര്‍ധിച്ചുവെന്നു വാര്‍ഡ് അംഗം എം.ഐ. ഇസ്മായില്‍ പറഞ്ഞു. സംഭവദിവസം അര്‍ധരാത്രി വരെ മഴയുണ്ടായിരുന്നു. എന്നാല്‍ റോഡില്‍ കിടന്ന മൊബൈല്‍ ഫോണ്‍ നനഞ്ഞിട്ടില്ല. ചോരപ്പാടുകളിലും ജലാംശം കലര്‍ന്നിട്ടില്ല. അതിനാല്‍ പുലര്‍ച്ചെ സംഭവം നടന്നിരിക്കാനാണ് സാധ്യത. അന്‍വര്‍ സാദത്ത് എംഎല്‍എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുല്‍ മുത്തലിബ്, പഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button