തിരുവനന്തപുരം : തൈയ്ക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന ഗൈനക്കോളജി വിഭാഗത്തിലെ യൂണിറ്റുകള്‍ ആറില്‍നിന്നും നാലായി കുറച്ച് ആശുപത്രിയെ തരംതാഴ്ത്തുന്നതിനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് വി.എസ്.ശിവകുമാര്‍ എം.എല്‍.എ. സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 250 മുതല്‍ 300 വരെ രോഗികളാണ് പ്രതിദിനം ഗൈനക്കോളജി ഒ.പി. വിഭാഗത്തില്‍ എത്തുന്നത്. അതുപോലെ 400 മുതല്‍ 450 വരെ പ്രസവങ്ങളും പ്രതിമാസം ഈ ആശുപത്രിയില്‍ നടക്കുന്നു. ദക്ഷിണേന്ത്യയിലാദ്യമായി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന്‍ ലഭിക്കുന്നത് യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് തൈയ്ക്കാട് ആശുപത്രിയ്ക്കാണ്.
ആശുപത്രിയില്‍ എം.സി.എച്ച് ബ്ലോക്ക് നിര്‍മ്മിക്കുന്നതിന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 10 കോടിരൂപ അനുവദിക്കുകയും 90 ശതമാനം പ്രവൃത്തികളും പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്ന് മൂന്നുവര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തത് ദു:ഖകരമാണ്. കെട്ടിടത്തിന്റെ നിര്‍മ്മാണം എത്രയുംവേഗം പൂര്‍ത്തീകരിച്ച് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാക്കുന്നതിനായി തുറന്നുകൊടുക്കണം. തൈയ്ക്കാട് ആശുപത്രിയെയും, ജനറല്‍ ആശുപത്രിയെയും സംയോജിപ്പിച്ച് പുതിയ മെഡിക്കല്‍ കോളേജ് ആരംഭിച്ച് ആശുപത്രിയെ ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടത്തിയത്.
കേന്ദ്രസര്‍ക്കാരിന്റെയും മെഡിക്കല്‍ കൌണ്സില്‍ ഓഫ് ഇന്ത്യയുടെയും അംഗീകാരം ലഭ്യമായിട്ടും അത് വേണ്ടെന്ന് വച്ചതാണ് തൈയ്ക്കാട് ആശുപത്രിയുടെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം. ആശുപത്രിയിലെ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ആവശ്യമാണെങ്കില്‍ അധികമായി ഡോക്ടര്‍മാരുടെ തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തുകയാണ് ചെയ്യേണ്ടത്. അല്ലാതെ യൂണിറ്റുകള്‍ വെട്ടിക്കുറച്ച് ആശുപത്രിയെ തരംതാഴ്ത്തി രോഗികളെ ബുദ്ധിമുട്ടിക്കുകയല്ല വേണ്ടതെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments