Latest NewsKerala

സംസ്ഥാനത്ത് വീണ്ടും ഡിഫ്തീരിയ സ്ഥിരീകരിച്ചു, ഒരാള്‍ ഗുരുതരാവസ്ഥയില്‍; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യവകുപ്പ്

ഡിഫ്തീരയയ്ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കാത്ത കുട്ടികള്‍ക്കാണ് രോഗം പിടിപെട്ടത്

കൊല്ലം: കൊല്ലത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ഡിഫ്തീരിയ സ്ഥിരീകരിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമായി തുടരുന്നു. ഡിഫ്തീരയയ്ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കാത്ത കുട്ടികള്‍ക്കാണ് രോഗം പിടിപെട്ടത്. അതേസമയം, ജില്ലയില്‍ എല്ലാവര്‍ക്കും കുത്തിവയ്പ്പ് നല്‍കാനുള്ള നടപടികള്‍ തുടങ്ങിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

ഓച്ചിറയിലെ ഒരു അറബിക് കോളേജില്‍ താമസിച്ച് പഠിക്കുന്ന രണ്ട് കുട്ടികള്‍ക്കാണ് ഡിഫ്തീരിയ ബാധിച്ചത്. ഇതില്‍ 11കാരനായ വിദ്യാര്‍ത്ഥി എസ്എടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാത്തില്‍ ചികിത്സയിലാണ്. 16 വയസുള്ള കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്നു.

രോഗം സ്ഥിരീകരിച്ചതോടെ ഇവര്‍ക്കൊപ്പം ഹോസ്റ്റലില്‍ ഉണ്ടായിരുന്ന 260 കുട്ടികള്‍ക്കും 32 അധ്യാപകര്‍ക്കും പ്രതിരോധ മരുന്ന് നല്‍കി. രോഗ ലക്ഷണം ഉണ്ടായിരുന്ന കുട്ടികളെ ഇവിടെ നിന്നും മാറ്റിപ്പാര്‍പ്പിച്ച് പ്രത്യേക ചികില്‍സയും നല്‍കുന്നുണ്ട്. തുടര്‍ പരിശോധനകളില്‍ പനിയും തൊണ്ടവേദനയും കണ്ടെത്തിയ മൂന്ന് കുട്ടികളുടെ കൂടി സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്.

ഭാഗികമായി മാത്രം പ്രതിരോധ കുത്തിവയ്പ്പുകളെടുത്ത 400 കുട്ടികള്‍ ജില്ലയിലുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. മതപരമായ കാരണങ്ങളും അറിവില്ലായ്മയും കാരണമാണ് പലരും കുത്തിവയ്പ്പുകളെടുക്കാത്തതെന്നും ആരോഗ്യ വകുപ്പ് പറയുന്നു. ഇത്തരത്തില്‍ പ്രതിരോധ പ്രവര്‍ത്തനത്തിന് സഹകരിക്കാത്തവരെ കണ്ടെത്തി തദ്ദേശ പൊലീസ് വകുപ്പുകളുടെ സഹായത്തോടെ പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കാനാണ് തീരുമാനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button