വാഷിംഗ്ടണ്‍: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഈ മാസം 22-ന് അമേരിക്ക സന്ദര്‍ശിക്കുമെന്ന് പാകിസ്ഥാന്‍ അറിയിച്ചതിനു പിന്നാലെ നിഷേധിച്ച് അമേരിക്ക. പാക് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ സംബന്ധിച്ച് സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ലെന്ന് അമേരിക്കയുടെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അമേരിക്കയുടെ പ്രതികരണത്തില്‍ പ്രതിരോധത്തിലായ പാകിസ്ഥാന്‍ സന്ദര്‍ശനം സംബന്ധിച്ച നടപടി ക്രമങ്ങള്‍ തുടരുകയാണെന്ന് അറിയിച്ചു.
നേരത്തേ, പാകിസ്ഥാന്‍ വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസലാണ് ഇമ്രാന്‍ ഖാന്റെ അമേരിക്കന്‍ സന്ദര്‍ശനത്തേക്കുറിച്ചുള്ള വാര്‍ത്ത പുറത്തു വിട്ടത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്ഷണമനുസരിച്ച് ഇമ്രാന്‍ ഖാന്‍ തന്റെ അദ്യ അമേരിക്കന്‍ സന്ദര്‍ശനം ഈ മാസം 22-ന് നടത്തുമെന്നാണ് മുഹമ്മദ് ഫൈസല്‍ അറിയിച്ചത്.
തുടർന്ന് ഇമ്രാന്‍ ഖാന്റെ അമേരിക്കന്‍ സന്ദര്‍ശനത്തേക്കുറിച്ചുള്ള സ്ഥിരീകരണമൊന്നും വൈറ്റ് ഹൗസില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് അമേരിക്കന്‍ വിദേശകാര്യ വക്താവ് മോര്‍ഗന്‍ ഓര്‍ട്ടഗസ് പ്രതികരിക്കുകയായിരുന്നു. അതെ സമയം പിന്നീട് ട്രംപും ഇമ്രാനും തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൌസ് വക്താവ് അറിയിച്ചു
Post Your Comments