Latest NewsInternational

യജമാനനെ വളര്‍ത്തുനായ്ക്കള്‍ കൊന്നുതിന്നു; കേസ് അന്വേഷിക്കാനെത്തിയ പോലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകള്‍

ന്യൂയോര്‍ക്ക്: മാസങ്ങള്‍ക്ക് മുന്‍പ് കാണാതായ 57-കാരനെ വളര്‍ത്തുനായ്ക്കള്‍ തന്നെ ഭക്ഷിച്ചതാണെന്ന് പോലീസ്. യു.എസിലെ ടെക്സാസില്‍ ടെക്സസിന് സമീപത്തെ വെനസ് എന്ന ഗ്രാമപ്രദേശത്ത് താമസിച്ചിരുന്ന ഫ്രഡി മാക്ക് എന്നയാളെയാണ് നായ്ക്കള്‍ കടിച്ചുകീറി ഭക്ഷണമാക്കിയത്. 18 നായ്ക്കളെ  ഇയാള്‍ വളര്‍ത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം, നായ്ക്കള്‍ ഇയാളെ കൊന്നുതിന്നതാണോ അതോ ഫ്രഡി മരിച്ചശേഷം ഇയാളുടെ മൃതദേഹം ഭക്ഷിച്ചതാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

ടെക്സാസിലെ വീനസില്‍ ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു ഫ്രഡിയുടെ താമസം. 18 വളര്‍ത്തുനായ്ക്കളും ഫ്രഡിയും മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. രണ്ടാഴ്ചയിലൊരിക്കല്‍ ബന്ധുക്കളോടൊപ്പം ഇയാള്‍ പുറത്ത് പോകാറുണ്ടായിരുന്നു. എന്നാല്‍ ഇയാളെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും കാണാത്തതിനാലാണ് പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പലതവണ ഫ്രഡിയുടെ വീട്ടുവളപ്പില്‍ കയറി പരിശോധിക്കാന്‍ ശ്രമിച്ചെങ്കിലും വളര്‍ത്തുനായ്ക്കള്‍ സമ്മതിച്ചില്ല. ആദ്യം ബന്ധുക്കളാണ് വീട്ടുവളപ്പില്‍ കയറാന്‍ ശ്രമിച്ചത്. എന്നാല്‍ വളര്‍ത്തുനായ്ക്കള്‍ ഇവര്‍ക്കുനേരെ തിരിഞ്ഞതിനാല്‍ പിന്‍വാങ്ങി. തുടര്‍ന്നാണ് പോലീസ് സംഘം പരിശോധനയ്ക്കായുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. അന്വേഷണത്തിന്റെ ഭാഗമായി ഫ്രഡിയുടെ ബന്ധുക്കളെയും സമീപപ്രദേശത്ത് താമസിക്കുന്നവരെയും പോലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

ഫ്രഡിയെ കാണാതായതിനെ തുടര്‍ന്നുള്ള അന്വേഷണങ്ങള്‍ തുടരുന്നതിനിടെയാണ് ഇയാളുടെ വീട്ടുവളപ്പില്‍നിന്ന് പോലീസ് സംഘത്തിന് മനുഷ്യന്റെ എല്ലുകളുടെ അവശിഷ്ടങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് നടത്തിയ വിശദപരിശോധനയില്‍ പരിസരത്തുനിന്നും കൂടുതല്‍ എല്ലിന്‍ കഷണങ്ങള്‍ കണ്ടെത്തി. എന്നാല്‍ അപ്പോഴും നായ്ക്കള്‍ ഫ്രഡിയെ ഭക്ഷിച്ചെന്ന് വിശ്വസിക്കാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. കണ്ടെത്തിയ എല്ലിന്‍ കഷണങ്ങള്‍ പോലീസ് സംഘം ശേഖരിക്കുകയും ഡി.എന്‍.എ. പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് പോലീസിനെ ഞെട്ടിച്ച് നായ്ക്കളുടെ വിസര്‍ജ്യത്തില്‍നിന്ന് മനുഷ്യന്റെ തലമുടി കണ്ടെടുത്തത്. മാത്രമല്ല, ഫ്രഡിയുടെ വസ്ത്രത്തിന്റെ അവശിഷ്ടങ്ങളും വിസര്‍ജ്യത്തില്‍നിന്ന് കണ്ടെടുത്തു. ഇതോടെ ഫ്രെഡിയെ വളര്‍ത്തുനായ്ക്കള്‍ ഭക്ഷിച്ചതാകുമെന്ന സംശയം ബലപ്പെട്ടു. കഴിഞ്ഞ ചൊവ്വാഴ്ച എല്ലിന്‍ കഷ്ണങ്ങളുടെ ഡി.എന്‍.എ. പരിശോധനഫലം പുറത്തുവന്നതോടെ ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. നായ്ക്കള്‍ മനുഷ്യമാംസം ഭക്ഷിക്കുന്നതായി കേട്ടിട്ടുണ്ടെങ്കിലും ഉടമയെ കൊന്നുതിന്നു എന്നകാര്യം വിശ്വസിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് അടക്കം ബുദ്ധിമുട്ടുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

അതേസമയം, വളര്‍ത്തുനായ്ക്കള്‍ ഫ്രെഡിയെ കൊന്നുതിന്നതാണോ എന്നതില്‍ ഇതുവരെ വ്യക്തതയില്ല. ഒരുപക്ഷേ, സ്വഭാവികമായി മരണപ്പെട്ട ഫ്രെഡിയുടെ മൃതദേഹം വളര്‍ത്തുനായ്ക്കള്‍ ഭക്ഷിച്ചതായിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. ഫ്രഡിയുടെ ആകെയുണ്ടായിരുന്ന 18 നായ്ക്കളില്‍ രണ്ടെണ്ണത്തിനെ മറ്റുനായ്ക്കള്‍ ചേര്‍ന്ന് കൊന്നുതിന്നിരുന്നു. ബാക്കിയുള്ള 16 നായ്ക്കളെ പിന്നീട് പോലീസ് പിടിച്ചെടുത്തിരുന്നു. ഇതില്‍ ആക്രമണസ്വഭാവം പ്രകടിപ്പിച്ചിരുന്ന 13 എണ്ണത്തിനെ കൊന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button