ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗിന്റെ ഓഫീസിലും വീട്ടിലും സിബിഐയുടെ നേതൃത്വത്തില്‍ റെയ്ഡ്. ഡല്‍ഹിയിലെ വീട്ടിലും ഓഫീസിലുമാണ് റെയ്ഡ് നടത്തിയത്. തുടര്‍ന്ന്, ഇന്ദിര ജെയ്സിംഗ് സ്ഥാപിച്ച സന്നദ്ധ സംഘടനയായ ലോയേഴ്സ് കളക്ടീവിനെതിരെ നേരത്തെ സിബിഐ കേസെടുത്തിരുന്നു.
ഇന്ദിര ജെയ്സിംഗിനും ഭര്‍ത്താവ് ലോയേഴ്സ് കളക്ടീവ് പ്രസിഡണ്ടും അഭിഭാഷകമുമായ ആനന്ദ് ഗ്രോവര്‍ അടക്കമുള്ളവരും വിദേശ സംഭാവന ചട്ടം ലംഘിച്ചെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. വിദേശ സംഭാവന ഉപയോഗിച്ച് ആനന്ദ് ഗ്രോവറും ഇന്ദിര ജെയ്‌സിംഗും വിമാന യാത്രകള്‍ നടത്തിയെന്നും ധര്‍ണകള്‍, എംപിമാര്‍ക്ക് വക്കാലത്ത് എന്നിവ നടത്തിയെന്നും സിബിഐ കണ്ടെത്തിയിരുന്നു.
2016ല്‍ ലോയേഴ്സ് കളക്ടീവിനെതിരെ വിവിധ നിയമലംഘനം ആരോപിച്ച് ആഭ്യന്തര മന്ത്രാലയം പരിശോധന നടത്തുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പിന്നീട് സംഘടനയുടെ രജിസ്ട്രേഷന്‍ റദ്ദാക്കുകയും ചെയ്തിരുന്നു. എന്നാല്‍, അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കള്‍ക്കെതിരായ കേസിലും മോദി സര്‍ക്കാരിനെതിരെയും നിയമസഹായം നല്‍കിയതാണ് സിബിഐ നീക്കത്തിന് കാരണമെന്നാണ് ലോയേഴ്‌സ് കളക്ടീവിന്റെ പ്രതികരണം. അമിത് ഷാ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റതിന് തൊട്ട് പിന്നാലെയാണ് ലോയേഴ്‌സ് കളക്ടീവിനെതിരായ നടപടിയെന്നതും ആരോപണമുണ്ട്. അതേസമയം, ലോയേഴ്‌സ് കളക്ടീവിന് 2006 മുതല്‍ 2015 വരെ ലഭിച്ച വിദേശ വരുമാനം 32 കോടിയാണെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്.
Post Your Comments