KeralaLatest News

ഉല്ലാസയാത്രക്കിടെ രാജ്യാതിര്‍ത്തി കടന്നു; മലയാളി വിദ്യാര്‍ത്ഥിക്ക് രക്ഷകരായത് മോട്ടോര്‍ വാഹന വകുപ്പ്

തൃശ്ശൂര്‍: ഉല്ലാസയാത്രയ്ക്കിടെ രാജ്യാതിര്‍ത്തി കടന്ന വിദ്യാര്‍ത്ഥിയ്ക്ക് രക്ഷയായത് കേരള മോട്ടോര്‍വാഹന വകുപ്പിന്റെ സമയോചിതമായ ഇടപെടല്‍. ലാത്വിയയില്‍ ഉന്നതവിദ്യാഭ്യാസത്തിന് പോയ തൃശ്ശൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ പോയ യാത്രയ്ക്കിടെ ലാത്വിയന്‍ അതിര്‍ത്തി കടന്ന് തൊട്ടടുത്തുള്ള രാജ്യമായ ലിത്വാനിയയില്‍ എത്തിയതോടെയാണ് പൊലീസ് പിടിയിലാവുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥിയുടെ താത്കാലിക ജയില്‍വാസം ഒഴിവാക്കാന്‍ സാധിച്ചത് തൃശൂര്‍ മോട്ടോര്‍ വാഹന വകപ്പ് കാലതാമസം വരുത്താതെ നടത്തിയ ഇടപെടലാണ്.

ജൂണ്‍ 13നാണ് സംഭവം നടന്നത്. ലാത്വിയയില്‍ നിന്നും രാജ്യാതിര്‍ത്തി കടന്ന് ലിത്വാനിയയില്‍ എത്തിയതോടെ വിദ്യാര്‍ത്ഥിയെ പോലീസ് പിടികൂടുകയായിരുന്നു. വിദേശ രാജ്യങ്ങളില്‍ വാഹനം ഓടിക്കാനുള്ള പെര്‍മിറ്റ് വിദ്യാര്‍ത്ഥിയുടെ കൈവശം ഉണ്ടായിരുന്നെങ്കിലും ലൈസന്‍സ് കയ്യില്‍ ഇല്ലാതെ വന്നതോടെയാണ് വിദ്യാര്‍ത്ഥിയെ ജയിലില്‍ അടയ്ക്കുമെന്ന സാഹചര്യം വന്നത്.
ലൈസന്‍സ് കൈവശമുണ്ടെന്ന് വ്യക്തമാക്കാന്‍ ഏതാനും മണിക്കൂറുകളുടെ സാവകാശമാണ് പൊലീസ് വിദ്യാര്‍ത്ഥിക്ക് നല്‍കിയത്. ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ ബന്ധപ്പെടുകയും ചെയ്തു. ലൈസന്‍സ് കൈവശമുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ സാധിക്കാതെ വന്നാല്‍ താത്കാലിക കസ്റ്റഡിയില്‍ നിന്ന് വിദ്യാര്‍ത്ഥിയെ ജയിലിലേക്ക് മാറ്റുമെന്ന സാഹചര്യം വന്നതോടെയാണ് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ തൃശ്ശൂര്‍ മോട്ടോര്‍ വാഹന ഓഫീസില്‍ ബന്ധപ്പെടുന്നത്.

ഇന്ത്യന്‍ സമയവുമായി മൂന്ന് മണിക്കൂറോളം വ്യത്യാസമുണ്ട് ലിത്വേനിയയില്‍. അതിനാല്‍ തന്നെ രാത്രിയിലാണ് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ബന്ധപ്പെടുന്നതെന്ന് തൃശ്ശൂര്‍ ആര്‍ ടി ഒ ഉമ്മര്‍ കെ എം പറഞ്ഞു. ഉടന്‍ ഇടപെട്ടില്ലെങ്കില്‍ വിദ്യാര്‍ത്ഥി ജയില്‍ പോവുമെന്ന സാഹചര്യം കണക്കിലെടുത്താണ് രാത്രിയില്‍ തന്നെ ഓഫീസ് തുറന്ന് ആവശ്യമായ രേഖകള്‍ കൈമാറിയത്.

അടിയന്തരസാഹചര്യം പരിഗണിച്ച് ഓഫീസ് സമയം കഴിഞ്ഞിട്ടും രാത്രിയില്‍ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോര്‍ വാഹന വകുപ്പ് ഓഫീസ് തുറക്കുകയായിരുന്നു. വിദ്യാര്‍ത്ഥിയുടെ ലൈസന്‍സ് വിവരങ്ങള്‍ രാത്രിയില്‍ തന്നെ ജോയിന്റ് ആര്‍ടിഒ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്ക് അയച്ച് നല്‍കുകയായിരുന്നു. കൃത്യസമയത്ത് ലൈസന്‍സ് വിവരങ്ങള്‍ ലഭിച്ചതോടെ ലിത്വേനിയന്‍ പൊലീസ് വിദ്യാര്‍ത്ഥിയെ വിട്ടയ്ക്കുകയും ചെയ്തു.സമയം പരിഗണിക്കാതെയുള്ള സേവനത്തിന് അഭിനന്ദനം അറിയിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷണറുടെ ആശംസ എത്തിയതോടെയാണ് തൃശ്ശൂര്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രവര്‍ത്തനം പുറത്തറിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button