തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും പദ്ധതികളുടെ നടത്തിപ്പ് വേഗമാക്കുന്നതിന്റെയും ഭാഗമായി പ്രത്യേക പ്രതിനിധിയെ നിയമിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍ ഇത് രാഷ്ട്രീയ നിയമനം ആയിരിക്കും എന്നാണ് ലഭിക്കുന്ന സൂചന. സിപിഎം മുന്‍ എംപിമാരായ കെ.എന്‍. ബാലഗോപാല്‍, എ. സമ്പത്ത് എന്നിവരെയാണ് ഈ തസ്തികയിലേക്കു പരിഗണിക്കുന്നതെന്നാണു റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ നടക്കും. ഡല്‍ഹിയില്‍ കേരളാ ഹൗസ് കേന്ദ്രീകരിച്ചായിരിക്കും പ്രത്യേക പ്രതിനിധിയുടെ പ്രവര്‍ത്തനം.
ദേശീയപാത വികസനം ഉള്‍പ്പെടെ നിലവില്‍ പല കേന്ദ്ര പദ്ധതികളും വൈകുന്നതത് ഉദ്യോഗസ്ഥ തലത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ പോരായ്മ മൂലമാണെന്ന സര്‍ക്കാര്‍ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണിത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നയങ്ങളെക്കുറിച്ചു വ്യക്തമായ ധാരണയുള്ള ഒരാളെ പ്രത്യേക പ്രതിനിധിയായി നിയോഗിക്കുന്നതു ഗുണം ചെയ്യുമെന്ന നിഗമനത്തിലാണു പുതിയ നീക്കം നടത്തുന്നത്.
സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കേന്ദ്ര മന്ത്രാലയങ്ങളും തമ്മിലുള്ള പ്രവര്‍ത്തനം ഏകോപിപ്പിക്കാനും ത്വരിതപ്പെടുത്താനും വീഴ്ചകള്‍ പരിഹരിക്കാനും രാഷ്ട്രീയമായ ഇടപെടല്‍ നടത്താനും ഇത് ഉപകരിക്കുമെന്നാണു കരുതുന്നത്. ഇതോടെ കേന്ദ്രപദ്ധതികളുടെ നടത്തിപ്പു ത്വരിതപ്പെടുത്തി കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു പരാജയപ്പെട്ടവരാണ് കെ.എന്‍. ബാലഗോപാലും, എ. സമ്പത്തും. ബാലഗോപാല്‍ കൊല്ലത്തും എ. സമ്പത്ത് ആറ്റിങ്ങലിലുമാണു മല്‍സരിച്ചിരുന്നത്.
Post Your Comments