ചെന്നൈ: കൊലപാതകക്കേസില്‍ ജീവപര്യന്തം തടവു ശിക്ഷ ലഭിച്ച ശരവണ ഭവന്‍ ഉടമ പി.രാജഗോപാല്‍ (71), ചെന്നൈ അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ നാടകീയമായി കീഴടങ്ങി. ജീവനക്കാരന്റെ മകളെ വിവാഹം കഴിക്കാന്‍ അവരുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലാണ് രാജഗോപാലിന് ശിക്ഷ ലഭിച്ചത്.
ആരോഗ്യ കാരണങ്ങളാല്‍ ശിക്ഷ നടപ്പാക്കുന്നതു നീട്ടിവയ്ക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളിയതിനെ തുടര്‍ന്ന് മുഖത്ത് ഓക്‌സിജന്‍ മാസ്‌കുമായി സ്‌ട്രെച്ചറിലാണു രാജഗോപാല്‍ കോടതി മുറിയിലെത്തിയത്. ഏറെ നാടകീയമായിരുന്നു അദ്ദേഹത്തിന്റെ കീഴങ്ങല്‍. വിദഗ്ധ പരിശോധനയ്ക്കു ശേഷം രാജഗോപാലിനെ പുഴല്‍ ജയിലിലേക്കു മാറ്റി. ജയിലില്‍ സഹായിയെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് കോടതിയെ സമീപിക്കാനാണ് സാധ്യത.
2001ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ശരവണ ഭവനിലെ ജീവനക്കാരന്റെ മകള്‍ ജീവജ്യോതിയുടെ ഭര്‍ത്താവ് പ്രിന്‍സ് ശാന്തകുമാറിനെ ഗുണ്ടകളെ ഉപയോഗിച്ച് കൊലപ്പെടുത്തിയെന്നാണു കേസ്. ജ്യോതിയുടെ ഒന്നര പതിറ്റാണ്ടിലേറെ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യയിലെ ‘ദോശരാജാവ്’ എന്നറിയപ്പെടുന്ന രാജഗോപാലിനെ അഴിക്കുള്ളിലാക്കിയത് . 2004ല്‍ വിചാരണക്കോടതി 10 വര്‍ഷത്തെ തടവിനാണ് രാജഗോപാലിനെ ശിക്ഷിച്ചത്. എന്നാല്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണു ശിക്ഷ ജീവപര്യന്തമാക്കി ഉയര്‍ത്തിയത്. സുപ്രീം കോടതിയും ശിക്ഷ ശരിവച്ചതോടെ ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്ന് ഈ മാസം 7 വരെ സാവകാശം നല്‍കിയെങ്കിലും 4ന് ആശുപത്രിയില്‍ പ്രവേശിച്ച രാജഗോപാല്‍ ജയില്‍വാസം വൈകിപ്പിക്കാന്‍ വീണ്ടും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
2 ഭാര്യമാരുണ്ടായിരുന്ന രാജഗോപാല്‍, ജീവജ്യോതിയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചതു ജ്യോത്സ്യന്റെ ഉപദേശപ്രകാരമായിരുന്നു. ജീവജ്യോതിയെ വിവാഹം കഴിച്ചാല്‍ വ്യവസായത്തില്‍ കൂടുതല്‍ അഭിവൃദ്ധി ഉണ്ടാകുമെന്നായിരുന്നു പ്രവചനം. അന്ന് അവിവാഹിതയായ ജീവജ്യോതിക്ക് 22 വയസും രാജഗോപാലിനു 50 വയസുമായിരുന്നു പ്രായം. ആഗ്രഹം ജീവജ്യോതിയെ അറിയിച്ചെങ്കിലും അവര്‍ തള്ളി. പിന്നീട് കുടുംബത്തെ പലരീതിയില്‍ ഉപദ്രവിക്കുകയായിരുന്നു. ജീവജ്യോതി വിവാഹിതയായതോടെ ജ്യോതിയുടെ ഭര്‍ത്താവിനെ വാടക കൊലയാളിയെ ഉപയോഗിച്ചു വെടിവച്ചു കൊല്ലാന്‍ ശ്രമിച്ചെങ്കിലും തലനാരിഴയ്ക്കു രക്ഷപ്പെട്ടു. എന്നാല്‍, 2001ല്‍ ഗുണ്ടകളെ നിയോഗിച്ചു കൊലപ്പെടുത്തുകയായിരുന്നു.
Post Your Comments