തിരുവനന്തപുരം: പ്രവര്‍ത്തനമികവിനുള്ള സംസ്ഥാന പൊലീസ് മേധാവിയുടെ പുരസ്‌കാരം നേടി കേരള പൊലീസിലെ ട്രോളന്മാര്‍ കയ്യടിനേടി. കുറ്റാന്വേഷണം, ക്രമസമാധാനം തുടങ്ങി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ വരെയുള്ള വിവിധ മേഖലകളില്‍ കഴിഞ്ഞ വര്‍ഷം മികവ് പുലര്‍ത്തിയവര്‍ക്കുള്ള പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്. ക്രിയാത്മകമായ നവമാധ്യമ ഇടപെടലിലൂടെ പോലീസ് പൊതുജനബന്ധം ശക്തിപ്പെടുത്തുവാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം.
എഡിജിപി മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തിലുള്ള സോഷ്യല്‍ മീഡിയ സെല്ലില്‍ സീനിയര്‍ സിവില്‍ ഓഫീസര്‍മാരായ കമല്‍നാഥ് കെ ആര്‍, ബിമല്‍ വി എസ്സ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സന്തോഷ് പി എസ്സ് , അരുണ്‍ ബി ടി എന്നിവരാണ് പ്രവര്‍ത്തിക്കുന്നത്. ഫെയ്സ്ബുക്കിന് പുറമെ ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ എന്നിവയിലും പോലീസ് ഔദ്യോഗിക അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതും ഇവരാണ്. ഇപ്പോള്‍ കൂടുതല്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്ന ടിക് ടോക്കിലും കേരള പോലീസ് ഔദ്യോഗിക അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
ട്രോളുകളിലൂടെയും നര്‍മ്മം നിറഞ്ഞ മറുപടികളിലൂടെയും ജനഹൃദയങ്ങളില്‍ സ്ഥാനംനേടിയ കേരള പോലീസിന്റെ ഫെയ്‌സ്ബുക് പേജ് നിലവില്‍ പതിനൊന്നര ലക്ഷത്തിലധികം ഫോളോവര്‍മാരുമായി ലോകത്തിലെ തന്നെ പോലീസ് പേജുകളില്‍ ഒന്നാമതാണുള്ളത്. ശബരിമല ഉള്‍പ്പെടെയുള്ള പല വിഷയങ്ങളിലും ഈ കാക്കിക്കുള്ളിലെ കലാഹൃദയം നാം കണ്ടതാണ്.
Post Your Comments