Latest NewsIndia

വനിത കമ്മീഷന്‍ അദാലത്തില്‍ വ്യാജ പരാതികള്‍ വ്യാപകം; ഇസ്രായേല്‍ യുവതിയുടെ പേരില്‍ സൗദി യുവാവിനെതിരെ പരാതി

ഇസ്രായേലില്‍ നിന്നുള്ള യുവതിയുടെ പേരില്‍ സൗദിയിലുള്ള യുവാവിനെ പ്രതിയാക്കിയാണ്  പരാതിയെത്തിയത്

ഇടുക്കി: വനിത കമ്മീഷന്‍ അദാലത്തില്‍ വ്യാജ പരാതികള്‍ വ്യാപകമാകുന്നെന്ന് കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. വിദേശത്തു നിന്നുവരെയാണ് വനിതാ കമ്മീഷനില്‍ വ്യാജ പരാതികള്‍ എത്തുന്നത്. ഇസ്രായേലില്‍ നിന്നുള്ള യുവതിയുടെ പേരില്‍ സൗദിയിലുള്ള യുവാവിനെ പ്രതിയാക്കിയാണ്  പരാതിയെത്തിയത്. യുവതിയുടെ ബന്ധുക്കളെത്തി യുവതി ഇങ്ങനെയൊരു പരാതിയയച്ചിട്ടില്ലെന്ന് അറിയച്ചതോടെ വ്യാജ ഇ-മെയില്‍ പരാതിയുടെ ഉറവിടം അന്വേഷിക്കാനും കമ്മീഷന്‍ തീരുമാനിച്ചിരിക്കുകയാണ്.

പൈനാവ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വനിത കമ്മീഷന്‍ അദാലത്തില്‍ 100 പരാതികള്‍ പരിഗണിച്ചിരുന്നു. ഇതില്‍ അഞ്ച് പരാതികള്‍ വ്യാജമാണെന്ന് പ്രഥമദൃഷ്ട്യാ തെളിയുകയായിരുന്നു. വ്യാജപരാതികള്‍ കമ്മീഷന് സമയ നഷ്ടവും സാമ്പത്തിക ബാധ്യതയും സൃഷ്ടിക്കുന്നതായി വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.

പൊതുപരാതിയായി എംപ്ലോയ്മെന്റ് ഗാര്‍ഡന്‍ റസിഡന്‍സ് അസോസിയേഷന്‍ എന്ന സംഘടനയുടെ പേരില്‍ 22 സ്ത്രീകള്‍ നല്‍കിയ പരാതിയില്‍ വാദികളായ ആരുമെത്തിയില്ല. ഇവരെ പ്രതിനിധീകരിച്ച് എത്തിയത് ഒരു പുരുഷനാണ്. കെഎസ്ഇബി ജീവനക്കാരികളുടെ പേരില്‍ നല്‍കിയ പരാതിയില്‍ പരാതിക്കാരുടെ പേരും വിവരങ്ങളും നല്‍കിയിരുന്നില്ല. ഇതോടെ ഇതും വ്യാജപരാതിയായാണ് കമ്മീഷന്‍ കണക്കാക്കി. ബാങ്കിലെ താത്കാലിക ജീവനക്കാരിയായ ഭാര്യയെ പുറത്താക്കിയതിനെ തുടര്‍ന്ന് ഭാര്യയുടെ പേരില്‍ ഭര്‍ത്താവ് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഭാര്യ കമ്മീഷന്റെ മുന്നിലെത്തിയപ്പോള്‍ ഭര്‍ത്താവ് പരാതി നിഷേധിച്ചു. ഇതോടെ ഇതും വ്യാജപരാതിയായി മാറി.

പ്രണയം നടിച്ച് കബിളിപ്പിച്ച നാലോളം യുവാക്കള്‍ക്കെതിയെ ഒരു യുവതിയുടെ പേരിലും വനിതാ കമ്മിഷനില്‍ പരാതിയെത്തിയിരുന്നു. കുറ്റാരോപിതരായ രണ്ട് യുവാക്കള്‍ അദാലത്തിനെത്തിയെങ്കിലും പരാതിക്കാരിയായ യുവതിയെത്തിയില്ല. മറ്റ് രണ്ട് യുവാക്കാളുടെ പേരിലും യുവതി പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിക്കാരി ഹാജരാകാതിരുന്നതിനാല്‍ ഇതും വ്യാജ പരാതിയായി കണക്കാക്കി. വ്യാജപരാതികളുടെ പേരില്‍ പുരുഷന്‍മാരെ കേസില്‍ കുടുക്കുന്നതിനോടുള്ള ശക്തമായ വിയോജിപ്പും അദാലത്തിനിടെ കമ്മീഷന്‍ രേഖപ്പെടുത്തി.

വഴിത്തര്‍ക്കം, സ്വത്ത് തര്‍ക്കം തുടങ്ങിയ പരാതികളാണ് കൂടുതലായി കമ്മീഷന്റെ മുന്‍പിലെത്തിയത്. പോക്സോ കേസിലുള്‍പ്പെട്ട പ്രതിക്കെതിരെ ലഭിച്ച പരാതിയില്‍ അന്വേഷണം പൊലീസിന് കൈമാറി. 100 പരാതികള്‍ പരിഗണിച്ചതില്‍ 10 എണ്ണമാണ് തീര്‍പ്പാക്കിയത്. 21 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. 56 പരാതികളില്‍ വാദിയും പ്രതിയും ഹാജരായില്ല. കമ്മീഷനിലെത്തിയ 13 കേസുകള്‍ കൂടുതല്‍ അന്വേഷണത്തിനായി പൊലീസിന് കൈമാറി. വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍, കമ്മീഷന്‍ അംഗങ്ങളായ അഡ്വ. ഷിജി ശിവജി, ഇ എം രാധ കമ്മീഷന്‍ ഡയറക്ടര്‍ വി യു കുര്യാക്കോസ് എന്നിവര്‍ പരാതികള്‍ പരിഗണിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button