തിരുവനന്തപുരം: ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരത്തു ഹോട്ടല്‍ അടച്ചു പൂട്ടി. കിഴക്കേകോട്ടയിലെ ബിസ്മി ഹോട്ടലാണ് അധികൃതര്‍ അടച്ചു പൂട്ടിയത്. നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ഇവിടെ നിന്നും പുഴുവരിച്ച ഭക്ഷണം കണ്ടെത്തിയത്. തുടര്‍ന്ന് ഹോട്ടല്‍ താത്കാലികമായി അടച്ചിടാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
എന്‍ജിനീയറിങ് പ്രവേശന അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട് നഗരത്തിലെത്തിയ തൃശൂര്‍ സ്വദേശികള്‍ രാത്രി ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ കയറിയപ്പോഴാണ് സംഭവം. ക്ഷേത്ര ദര്‍ശനം കഴിഞ്ഞാണ് ഇവര്‍ ഹോട്ടലില്‍ എത്തിയത്. മസാല ദോശ ഓര്‍ഡര്‍ ചെയ്ത ഇവര്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് സമ്പാറില്‍ പുഴുവിനെ കണ്ടത്. തുടര്‍ന്ന് ഹോട്ടല്‍ അധികൃതരുമായി തര്‍ക്കമായതോടെ ജനം തടിച്ചുകൂടി. പിന്നീട് വിവരം അറിഞ്ഞ് നഗരസഭാ ആരോഗ്യവിഭാഗം അധികൃതരും സ്ഥലത്തെത്തി.നഗരസഭാ അധികൃതര്‍ പരിശോധനയ്ക്കു എത്തിയപ്പോള്‍ സാമ്പാറിനായി ഉപയോഗിച്ച പച്ചക്കറിയില്‍ പുഴുവിനെ കണ്ടെത്തുകയായിരുന്നു. ഇതോടെ ഹോട്ടല്‍ താത്കാലികമായി പൂട്ടി ഇടാന്‍ നിര്‍ദ്ദേശിച്ചു. നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ നൈറ്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് പുഴുവരിച്ച ഭക്ഷണം കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു മാസക്കാലമായി നഗരസഭാ ആരോഗ്യ വിഭാഗം ഹോട്ടലുകള്‍ പരിശോധിച്ച് വരികയാണ്.
Post Your Comments