ഓര്‍ത്തഡോക്സ്- യാക്കോബായ പള്ളി തര്‍ക്ക കേസുകളില്‍ പറയാനുള്ളത് സുപ്രീംകോടതി വ്യക്തമായി പറഞ്ഞുകഴിഞ്ഞതാണ്. 1934ലെ മലങ്കര സഭ ഭരണ ഘടന പ്രകാരം പള്ളികളുടെ ഭരണം നടത്തണം എന്ന വിധി 2017 ജൂലൈയിലാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. അതേസമയം അന്തിമവിധി പറഞ്ഞ കേസില്‍ വീണ്ടും വീണ്ടും കീഴ്ക്കോടതികളില്‍ ഹര്‍ജി എത്തിക്കൊണ്ടിരുന്നു. ഇതോടെ സുപ്രീം കോടതി അന്തിമ തീര്‍പ്പ് കല്‍പ്പിച്ച കേസുകളില്‍ രാജ്യത്തെ ഒരു കീഴ് കോടതിയും ഇടപെടരുത് എന്ന കര്‍ശന നിര്‍ദേശവും സുപ്രീംകോടതിക്ക് നല്‍കേണ്ടിവന്നത് അടുത്തിടെയാണ്. ഇതോടെ പള്ളി തര്‍ക്ക കേസുകളില്‍ കേരള ഹൈ കോടതിക്കും മറ്റ് കോടതികള്‍ക്കും ഇടപെടാനാകില്ലെന്നാണ് സാമാന്യബുദ്ധിയുള്ളവര്‍ മനസിലാക്കേണ്ടത്. അപ്പോള്‍ പിന്നെ നിയമം നിയമത്തിന്റെ വഴിക്ക് നടക്കണമെന്ന് പ്രത്യേക നിര്‍ബന്ധ ബുദ്ധിയുള്ള പിണറായി സര്‍ക്കാര്‍ എന്തുചെയ്യണം അതങ്ങ് നടപ്പിലാക്കണം. പക്ഷേ അത് ചെയ്യാനുള്ള ഇരട്ടചങ്കൊന്നും മുഖ്യമന്ത്രിക്കില്ലാത്തത് കൊണ്ട് സര്‍ക്കാര്‍ ഇപ്പോള്‍ വീണ്ടും വീണ്ടും സമവായശ്രമത്തിന്റെ പാതയിലാണ്. ശബരിമലയിലെ സ്ത്രീ പ്രവേശനവിധിയില്‍ പക്ഷേ പരമോന്നതി കോടതിവിധി ചോരചിന്തിയും നടപ്പിലാക്കുമെന്ന നിര്‍ബന്ധബുദ്ധി ഇതേ സര്‍ക്കാരിനുണ്ടായിരുന്നു എന്നു കൂടി ഓര്‍ക്കുക.
സഭാതര്‍ക്കം പരിഹരിക്കാന്‍ ഓര്‍ത്തഡോക്സ്, യാക്കോബായ വിഭാഗങ്ങളെ മൂന്നാംവട്ട ചര്‍ച്ചക്കായി പിണറായി സര്‍ക്കാര്‍ ക്ഷണിച്ചുകഴിഞ്ഞു. എന്നാല്‍ സര്‍ക്കാരിന്റെ സമവായ ശ്രമങ്ങളോട് സഹകരിക്കുമെന്ന് യാക്കോബായ സഭ അറിയിച്ചപ്പോള്‍ ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടെന്നാണ് ഓര്‍ത്തഡോക്സ് സഭയുടെ നിലപാട്. മുമ്പ് വിളിച്ച രണ്ട് ചര്‍ച്ചകളും പരാജയപ്പെട്ടിട്ടാണ് ഈ മൂന്നാംവട്ട ചര്‍ച്ചയ്ക്കുള്ള ശ്രമം. വിവിധ പളളികള്‍ സംബന്ധിച്ച് സഭാവിഭാഗങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ ഇരുകൂട്ടരുമായും ചര്‍ച്ച നടത്തുന്നതിന് മന്ത്രിസഭാ ഉപസമിതിയെ സര്‍ക്കാര്‍ നേരത്തെ നിയോഗിച്ചിരുന്നു. മന്ത്രി ഇ പി ജയരാജനാണ് മന്ത്രിതല സമിതിയുടെ അധ്യക്ഷന്‍. തര്‍ക്കത്തിലുളള പളളികളുടെ ഉടമസ്ഥാവകാശം ഓര്‍ത്തഡോക്സ് വിഭാഗത്തിനായിരിക്കുമെന്ന് സുപ്രീംകോടതി ഉത്തരവിടുകയും ചെയ്തു. ഇതിനു ശേഷവും വിവിധയിടങ്ങളില്‍ മൃതദേഹം സംസ്‌കാരിക്കുന്നതടക്കമുളള വിഷയങ്ങളില്‍ ഇരുവിഭാഗവും തമ്മില്‍ കടുത്ത തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നടപടി. മന്ത്രിസഭാ ഉപസമിതിയുടെ സാന്നിധ്യത്തില്‍ വ്യാഴാഴ്ച തിരുവനന്തപുരത്ത് വെച്ച് ഇരുസഭകളുമായും കൂടിക്കാഴ്ച നടത്താമെന്നാണ് സര്‍ക്കാരിന്റെ തീരുമാനം.
എന്നാല്‍, സുപ്രീംകോടതി വിധി സര്‍ക്കാര്‍ നടപ്പാക്കിയശേഷമേ ചര്‍ച്ചയ്ക്കുള്ളെന്ന നിലപാടിലാണ് ഓര്‍ത്തഡോക്സ് സഭ. തങ്ങള്‍ക്കനുകൂലമായ സുപ്രീംകോടതി വിധി നടപ്പാക്കിയ ശേഷം സര്‍ക്കാരുമായി എന്ത് ചര്‍ച്ചയ്ക്കും തയ്യാറാണെന്നും ഓര്‍ത്തഡോക്സ് സഭാ സെക്രട്ടറി ബിജു ഉമ്മന്‍ പ്രതികരിച്ചു. സഭാകേസില്‍ ഇനി സര്‍ക്കാര്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കരുതെന്നും വിധി ഉടന്‍ നടപ്പാക്കണമെന്നും സുപ്രീം കോടതി നല്‍കിയ അന്ത്യശാസനം സര്‍ക്കാരിന് മുന്നിലുണ്ട്. ഇനിയും വിധി നടപ്പാക്കാന്‍ തയാറാകുന്നില്ലെങ്കില്‍ ചീഫ് സെക്രട്ടറിയെ ജയിലില്‍ അടയ്ക്കുമെന്ന മുന്നറിയിപ്പാണ് കോടതി നല്‍കിയിരിക്കുന്നത്. തര്‍ക്കത്തിലുള്ള പള്ളികളുടെ ഉടമസ്ഥാവകാശം ഓര്‍ത്തഡോക്സ് സഭയ്ക്കാണെങ്കില്‍ അത് നടപ്പിലാക്കി നീതി ഉറപ്പാക്കാന്‍ എന്തുകൊണ്ട് പിണറായി സര്‍ക്കാരിന് കഴിയുന്നില്ല. നീതി നടപ്പിലാക്കിയില്ലെങ്കിലും അത് നടപ്പിലാക്കാനുള്ള ശ്രമമെങ്കിലും സര്‍ക്കാരിന്റൈ ഭാഗത്ത് നിന്ന് ഉണ്ടാകണ്ടേ. ശബരിമല വിധി നടപ്പിലാക്കാനുള്ള ധൃതിയില്‍ ശരണം വിളിച്ച് റോഡില്‍ നിന്ന് ചെറുപ്പക്കാരെ തിരഞ്ഞുപിടിച്ച് തുറുങ്കലില്‍ ഇട്ട പിണറായി ആ ആര്‍ജ്ജവം ഓര്‍ത്തഡോക്്സ് സഭയക്ക് നീതി ഉറപ്പാക്കുന്നതിലും കാണിക്കണം എന്ന് ആരെങ്കിലും ആവശ്യപ്പെട്ടാല്‍ കുറ്റം പറയാനാകുമോ.
ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല പള്ളികളുടെ അവകാശം സംബന്ധിച്ച് യാക്കോബായ ഓര്‍ത്തഡോക്സ് സഭകള്‍ തമ്മിലുള്ള തര്‍ക്കവും വഴക്കും.
സഭകള്‍ തമ്മില്‍ സമാധാനം ഉണ്ടാകണമെന്ന് വിശ്വാസികളില്‍ ഭൂരിപക്ഷവും ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇരു സഭാ നേതൃത്വത്തിലെയും ഉന്നതര്‍ സമാധാന ചര്‍ച്ചകള്‍ക്കു തുരങ്കം വയ്ക്കുകയാണെന്നും ആക്ഷേപമുണ്ട്. തങ്ങള്‍ക്ക് നിലവില്‍ ലഭിക്കുന്ന സ്ഥാനമാനങ്ങള്‍ നഷ്ടപ്പെടുമെന്നു ഭയമാണ് ഇതിന് പിന്നിലെന്നാണ് പറയുന്നത്. പന്ത്രണ്ടോളം പള്ളികളുടെ പേരിലുള്ള തര്‍ക്കം കൂടി പരിഹരിച്ചാല്‍ യാക്കോബായ -ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കത്തിന് ശാശ്വത പരിഹാരമാകുമെന്നാണ് സമാധാനം ആഗ്രഹിക്കുന്ന വിശ്വാസികള്‍ ചൂണ്ടിക്കാണിക്കുന്നത്. മെത്രപൊലീത്തയുടെയും ജനങ്ങളുടെയും സമവായശ്രമങ്ങള്‍ കൊണ്ടാണ് തര്‍ക്കത്തിലിരുന്ന മറ്റ് പള്ളികളുടെ തര്‍ക്കം പരിഹരിച്ചത്. അപ്പോള്‍ പിന്നെ സമവായം തന്നെയാണ് നിയമനടപടികളല്ല സഭാതര്‍ക്കത്തില്‍ ഉചിതമെന്ന് സര്‍ക്കാരിനും ബോധ്യപ്പെട്ടതിന്റെ ലക്ഷണമാണ് സമവായചര്‍ച്ചയ്ക്കുള്ള ആഹ്വാനം.
ഇരുവിഭാഗത്തെയും വിശ്വാസികള്‍ക്ക് അവര്‍ പ്രാര്‍ത്ഥന നടത്തുന്ന പള്ളികള്‍ അവരുടെ വൈകാരിക വിഷയമാണ്. അതില് കോടതിയോ ഭരണകൂടങ്ങളോ സഭാധ്യക്ഷന്‍മാരോ നടത്തുന്ന ഇടപെടലുകള്‍ അവര്‍ അംഗീകരിക്കില്ല. സൂര്യന് കീഴിലെന്തിനെയും ചോദ്യം ചെയ്യുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന രാഷ്ട്രീയ കക്ഷികള്‍ക്കും ഈ വിഷയത്തില്‍ ഇടപെടാന്‍ മടിയാണ്. ഇരു വിഭാഗത്തിലും ശക്തമായ വോട്ടുബാങ്കുള്ളതിനാല്‍ ഇരുകൂട്ടരെയും പിണക്കുന്നത് തെരഞ്ഞടുപ്പുകളില്‍ ദോഷം ചെയ്യുമെന്നതും പാര്‍ട്ടികളെ വിഷയത്തില്‍ ഇടപെടുന്നതില്‍ നിന്നു പിന്തിരിപ്പിക്കുന്നുണ്ട്. അപ്പോള്‍ പിന്നെ ഭരണപക്ഷവും പ്രതിപക്ഷവും ഏതെങ്കിലും ഒരു സഭയുടെ കൂടെ നില്‍ക്കില്ല. സുപ്രീംകോടതിയുടെ വിധിയാണെങ്കിലും അത് നടപ്പിലാക്കുമ്പോള്‍ മറുവിഭാഗത്തെ പിണക്കേണ്ടി വരും. മതേതര ജനാധിപത്യ വ്യവസ്ഥയില്‍ അത് ഉചിതമല്ലെന്ന് പ്രഖ്യാപിക്കാം. പക്ഷേ അതിനുള്ള നട്ടെല്ലൊന്നുമില്ല താനും. അപ്പോള്‍ പിന്നെ പരസ്പരം തര്‍ക്കിക്കുന്നവരെ പിടിച്ചിരുത്തി മുഖാമുഖം നോത്തി തര്‍ക്കിക്കാന്‍ ഒരു അവസരം നല്‍കാമെന്ന് പിണറായി സര്‍ക്കകാര്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായി വിളിച്ച യോഗത്തില്‍ നിന്ന് ഓര്‍ത്തഡോക്സ് വിഭാഗം മാറിനില്‍ക്കുമ്പോള്‍ പിണറായി ഉദ്ദേശിച്ച പോലെ കാര്യങ്ങള്‍ നടക്കില്ലെന്നുറപ്പ്. ഇനി സഭാനേതാക്കളുടെയോ വിശ്വാസികളുടെയോ നിലപാടല്ല മുഖ്യമന്ത്രി പിണറായിയുടെ നിലപാടാണ് നിര്‍ണായകം. കാണട്ടെ ഇരട്ടച്ചങ്കന്റെ ചങ്കിന്റെ കരുത്ത് സഭാതര്‍ക്കത്തില്‍.
Post Your Comments