ന്യൂഡല്‍ഹി : സുപ്രീംകോടതി രജിസ്ട്രിയിലെ അഴിമതി തടയാന്‍ കടുത്ത നടപടികളുമായി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി. ഇതിനായി സിബിഐയിലെയും ഡല്‍ഹി പൊലീസിലെയും എസ്.എസ്.പി, എസ്.പി റാങ്കുകളിലുള്ള ഉദ്യോഗസ്ഥരെ സുപ്രീംകോടതിയില്‍ ഡപ്യൂട്ടേഷനില്‍ നിയമിക്കും.
രജിസ്ട്രിയിലെ ജീവനക്കാരെ സ്വാധീനിച്ച് അഭിഭാഷകര്‍ ഇഷ്ടമുള്ള ബെഞ്ചുകള്‍ നിശ്ചയിക്കുന്നതായും കേസുകള്‍ നേരത്തെ ലിസ്റ്റ് ചെയ്യിക്കുന്നതായും പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. ചരിത്രത്തിലാദ്യമായാണ് സുപ്രിംകോടതിയുടെ ഭരണനടപടികളില്‍ പൊലീസിനെ പങ്കാളികളാക്കുന്നത്.
അനില്‍ അംബാനി കേസോടെയാണ് രജിസട്രിയിലെ അട്ടിമറി വലിയ ചര്‍ച്ചയ്ക്ക് വഴിവെക്കുന്നത്. കോടതി അലക്ഷ്യ കേസില്‍ വ്യവസായി അനില്‍ അംബാനി കോടതിക്ക് മുന്നാകെ ഹാജരാകണമെന്ന ഉത്തരവ് കോടതി പുറപ്പെടുവിച്ചെങ്കിലും ഉത്തരവ് വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അനില്‍ അംബാനി ഹാജരാകേണ്ടതില്ല എന്നായിരുന്നു വന്നത്. ഇതിനെതിരേ ജസ്റ്റിസുമാര്‍ പരാതി പറഞ്ഞിരുന്നു, രജിസ്ട്രിയിലെ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
മാത്രമല്ല അനുകൂല വിധി വരാന്‍ ബെഞ്ചുകള്‍ മാറ്റുന്ന പ്രവണതയിലേക്ക് വരെ രജിസ്ട്രിയില്‍ അട്ടിമറികളുണ്ടായി. ഇത്തരം ദുഷ്പ്രവണതകള്‍ തടയാനാണ് ചീഫ് ജസ്റ്റിസിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായിരിക്കുന്നത്. ഈ നടപടിയോടെ അഡീഷണല്‍ രജിസ്ട്രാര്‍ ഡപ്യൂട്ടി രജിസ്ട്രാര്‍ എന്ന പദിവിയിലേക്ക് ഇനി ഡെപ്യൂട്ടേഷനില്‍ സിബിഐയിലെയും ഡല്‍ഹി പോലീസിലെയും ഉദ്യോഗസ്ഥര്‍ എത്തും.
Post Your Comments