Latest NewsKeralaIndia

പ്രവാസികള്‍ക്ക് പ്രോക്‌സി വോട്ട് സാധ്യമോ; കേന്ദ്ര തീരുമാനം ഇങ്ങനെ

ന്യൂഡല്‍ഹി : പ്രവാസികള്‍ക്ക് പകരക്കാരെ ഉപയോഗിച്ച് വോട്ട് ചെയ്യാന്‍ (പ്രോക്‌സി വോട്ട്) അനുമതി നല്‍കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ താല്‍ക്കാലികമായി ഉപേക്ഷിച്ചു. ഇതു സംബന്ധിച്ച് നേരത്തേ അവതരിപ്പിച്ച ബില്‍ ലോക് സഭയില്‍ പാസായെങ്കിലും ലോക്‌സഭ പിരിച്ചു വിട്ടതോടെ രാജ്യസഭയില്‍ പരിഗണനയ്ക്കു വരുന്നതിനു മുന്‍പേ റദ്ദായി. പുതിയ ബില്‍ അവതരിപ്പിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ മരവിപ്പിച്ചിരിക്കുന്നത്.

വിദേശത്തുള്ള വോട്ടര്‍ക്കു വേണ്ടി നാട്ടില്‍ അയാള്‍ ചുമതലപ്പെടുത്തുന്ന ആള്‍ക്കു വോട്ട് ചെയ്യാന്‍ അനുമതി നല്‍കുന്നതായിരുന്നു നിര്‍ദിഷ്ട ബില്‍. എന്നാല്‍ ഇതേ സൗകര്യം രാജ്യത്തിനുള്ളില്‍ മറ്റൊരു സംസ്ഥാനത്തു കഴിയുന്ന ഇന്ത്യന്‍ പൗരനും അനുവദിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതുള്‍പ്പെടെ വിവിധ അഭിപ്രായങ്ങള്‍ ഉയര്‍ന്നതോടെയാണ് ബില്‍ വിശദപഠനത്തിനായി മാറ്റിവച്ചത്. വിവിധ രാജ്യങ്ങളിലായി 3.10 കോടി പ്രവാസികള്‍ പാര്‍ക്കുന്നുണ്ടെന്നാണു സര്‍ക്കാര്‍ കണക്ക്.

പ്രവാസികള്‍ക്ക് വോട്ടവകാശം അനുവദിച്ച് 2010ല്‍ രണ്ടാം യു.പി.എ സര്‍ക്കാരാണ് ജനപ്രാതിനിധ്യ നിയമ ഭേദഗതി പാസാക്കിയെങ്കിലും തുടര്‍ നടപടികളൊന്നും ഉണ്ടായില്ല. തുടര്‍ന്നാണ് ഡോ. ശംഷീര്‍ വയലില്‍ സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് വിഷയം പരിശോധിക്കാന്‍ കോടതി തെരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദേശിച്ചതായിരുന്നു.  ഒടുവില്‍ പ്രോക്‌സി വോട്ട് അനുവദിക്കുന്ന ബില്‍ ആഗസ്ത് 9നാണ് ലോക്‌സഭ പാസാക്കിയത്. ലാപ്‌സായ മറ്റു പല ബില്ലുകളും ഓര്‍ഡിനന്‍സ് രൂപത്തില്‍ കൊണ്ടുവന്ന കേന്ദ്രം ഇക്കാര്യത്തില്‍ പക്ഷെ തണുത്ത നിലപാടാണ് കൈക്കൊണ്ടത്.

രാജ്യസഭയില്‍ കഴിഞ്ഞ ജനുവരി 31ന് ആരംഭിച്ചു ഫെബ്രുവരി 13ന് അവസാനിച്ച ബജറ്റ് സമ്മേളനത്തില്‍ ജനപ്രാതിനിധ്യ ബില്‍ ചര്‍ച്ചക്ക് എടുക്കാതിരുന്നതിനാല്‍ പ്രോക്‌സി വോട്ടിനു ഉള്ള സഭയുടെ അംഗീകാരം നഷ്ടമാവുകയായിരുന്നു. 2013ല്‍ രണ്ടു പ്രവാസി ഇന്ത്യക്കാര്‍ പ്രോക്‌സി വോട്ടുമായി ബന്ധപെട്ട് സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്യപെട്ട പൊതു താല്പര്യ ഹര്‍ജിയിന്‍മേല്‍ തീരുമാനമെടുക്കാന്‍ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

ലോക്‌സഭയില്‍ പാസാക്കിയ ബില്‍ രാജ്യസഭയില്‍ അംഗീകാരത്തിനായി വെക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതുണ്ടായില്ല. അതിനാല്‍ കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞടുപ്പില്‍ സ്വന്തം മണ്ഡലങ്ങളില്‍ നേരിട്ട് എത്തി വോട്ട് ചെയ്യേണ്ടി വന്നു പ്രവാസികള്‍ക്ക്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button