
തൊടുപുഴ: മരുമകളുടെ വജ്രാഭരണങ്ങള്‍ സൂക്ഷിക്കാന്‍ ഇടുക്കി മുന്‍ എസ്പി: കെ.ബി വേണുഗോപാല്‍ ജില്ലയിലെ 4 പൊലീസുകാരെ നിയോഗിച്ചെന്ന പരാതിയെക്കുറിച്ച് ഇന്റലിജന്‍സ് അന്വേഷണം തുടങ്ങി. എസ്റ്റേറ്റ് ഉടമകളുടെ തര്‍ക്കത്തില്‍ അനധികൃതമായി ഇടപെട്ട് തോട്ടം ഉടമകളില്‍ ഒരാളുടെ ബംഗ്ലാവില്‍ മേയ് 31 നു വേണുഗോപാല്‍ തങ്ങിയതിനെക്കുറിച്ചും അന്വേഷണം ആരംഭിച്ചു.
മേയില്‍ കൊച്ചിയിലായിരുന്നു മുന്‍ എസ്പിയുടെ മകന്റെ വിവാഹം. വജ്രാഭരണങ്ങള്‍ സൂക്ഷിക്കാന്‍ വനിത പൊലീസുകാരി ഉള്‍പ്പെടെ 4 പേരെ ആണു നിയോഗിച്ചത്. സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ഒരു എഎസ്‌ഐയാണ് പൊലീസുകാരുടെ പട്ടിക തയാറാക്കി മുന്‍ എസ്പിക്കു കൈമാറിയത്. തൊടുപുഴ മേഖലയില്‍ ജോലി ചെയ്തിരുന്ന പൊലീസുകാരെയാണ് ഡ്യൂട്ടിക്കിട്ടത്.
വജ്രാഭരണങ്ങള്‍ മരുമകളുടെ വീട്ടില്‍ എത്തിക്കുന്നതു മുതല്‍ വിവാഹദിനം വരെ പൊലീസുകാര്‍ രാവും പകലും കാവല്‍ നിന്നെന്നാണ് ഇന്റലിജെന്‍സിനു ലഭിച്ച വിവരം. വണ്ടിപ്പെരിയാര്‍ മേഖലയില്‍ എസ്റ്റേറ്റ് ഉടമകളുടെ തര്‍ക്കത്തിലാണ് വേണുഗോപാല്‍ അനധികൃതമായി ഇടപെട്ടത്. ഇതേക്കുറിച്ച് എസ്‌റ്റേറ്റ് ഉടമകളില്‍ ഒരാള്‍, മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടു കണ്ടു പരാതി നല്‍കി. മുഖ്യ മന്ത്രിക്കു നേരിട്ട് പരാതിനല്‍കിയ തോട്ടം ഉടമയെ വേണുഗോപാല്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണവും ഇന്റലിജന്‍സ് അന്വേഷിക്കുന്നുണ്ട്. രാജ്കുമാര്‍ ഉരുട്ടികൊലപാതകത്തില്‍ മുന്‍ എസ്.പിയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നെന്ന ആരോപണം ഉയരുമ്പോഴാണ് വേണുഗോപാലിനെതിരെ കൂടുതല്‍ പരാതികള്‍ പുറത്തുവരുന്നത്.
Post Your Comments