കണ്ണൂര്‍: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സിഒടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒരു പ്രതി കൂടി കീഴടങ്ങി. മിഥുന്‍ എന്നയാളാണ് തലശ്ശേരി കോടതിയില്‍ കീഴടങ്ങിയത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം പത്തായി. അതേസമയം, സിഒടി നസീര്‍ വധശ്രമക്കേസ് അന്വേഷിക്കുന്ന സിഐയെ സ്ഥലംമാറ്റിയിട്ടുണ്ട്. തലശ്ശേരി സിഐ വി കെ വിശ്വംഭരനെയാണ് കാസര്‍കോട് ജില്ലയിലേക്ക് സ്ഥലംമാറ്റിയത്. കേസില്‍ ആരോപണ വിധേയനായ എ എന്‍ ഷംസീര്‍ എംഎല്‍എയുടെ മൊഴിയെടുക്കാനിരിക്കെയാണ് സ്ഥലംമാറ്റം. തലശ്ശേരിയില്‍ പുതിയ സിഐ കഴിഞ്ഞ ദിവസം ചുമതലയേറ്റു.
അന്വേഷണ സംഘത്തിലുള്ള തലശ്ശേരി എസ്‌ഐ ഹരീഷിനും ഉടന്‍ സ്ഥലംമാറ്റമുണ്ടാകുമെന്നാണ് സൂചന. കേസിന്റെ നിര്‍ണായക ഘട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റുന്നത്. ആക്രമണത്തിന്റെ ഗൂഢാലോചനയില്‍ എ എന്‍ ഷംസീര്‍ എംഎല്‍എയ്ക്ക് പങ്കുണ്ടെന്ന് നസീര്‍ ആരോപിച്ചിരുന്നു. മെയ് 18 ന് രാത്രി 8 മണിയോടെ തലശ്ശേരി കയ്യത്ത് റോഡില്‍ വച്ചാണ് സിഒടി നസീര്‍ ആക്രമിക്കപ്പെട്ടത്. കൈക്കും തലയ്ക്കും വയറിനുമാണ് വെട്ടേറ്റത്.
തലശ്ശേരി നഗരസഭ കൗണ്‍സിലറും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ആയിരുന്ന സിഒടി നസീര്‍, സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ പ്രതിയായിരുന്നു. എന്നാല്‍ കേസില്‍ സഹായിച്ചില്ലെന്ന് ആരോപിച്ച് 2015 ലാണ് നസീര്‍ പാര്‍ട്ടിയുമായി അകന്നത്. കേസില്‍ രണ്ട് പ്രതികള്‍ കഴിഞ്ഞയാഴ്ച തലശ്ശേരി കോടതിയില്‍ കീഴടങ്ങിയിരുന്നു. കൊളശേരി സ്വദേശികളായ ജിതേഷ്, വിപിന്‍ എന്നിവരാണ് തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുന്‍പാക കീഴടങ്ങിയത്. ഇരുവരും കേസില്‍ മുഖ്യ പങ്കുള്ളവരാണ്.
Post Your Comments