വ്യാജ സൗന്ദര്യവര്‍ദ്ധക ഉല്‍പന്നങ്ങളുടെ ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍. വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് 366 പെട്ടി വ്യാജ ഉല്‍പ്പന്നങ്ങള്‍ അബുദാബി മുനിസിപ്പാലിറ്റി പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്. വ്യാജ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതായി സൂചന ലഭിച്ച കടകളില്‍ അടുത്തിടെ നടത്തിയ പരിശോധനയില്‍ പ്രമുഖ കമ്പനികളുടെ പേരില്‍വരെ വില്‍പ്പന നടത്തിയിരുന്ന നിരവധി സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു.
പിടികൂടിയ ഉല്‍പ്പന്നങ്ങളില്‍ അധികവും മെഡിക്കല്‍ ക്രീമുകളും നിറം വര്‍ദ്ധിപ്പിക്കാനുപയോഗിക്കുന്ന ക്രീമുകളും ആയിരുന്നു. പല പ്രമുഖ ബ്രാന്‍ഡുകളുടെയും പേരിലുള്ള വ്യാജ ഉത്പ്പന്നങ്ങളും ഇവിടെ നിന്നും കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. ശരീരത്തെ ഏറെ ദോഷകരമായി ബാധിക്കുന്ന ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഇത് അലര്‍ജിക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നും മുനിസിപ്പാലിറ്റിയിലെ പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. സയീദ് മുഹമ്മദ് ഖര്‍വാഷ് അല്‍ റോമൈതി പറഞ്ഞു.
‘ഏതെങ്കിലും ഒരു സൗന്ദര്യ വര്‍ദ്ധക വസ്തു വാങ്ങുമ്പോള്‍ നാം അതേക്കുറിച്ച് പഠിക്കുകയും പ്രായോഗിക സമീപനം സ്വീകരിക്കുകയും വേണമെന്നും വിലകുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ അവ വ്യാജമായിരിക്കാനും ശരീരത്തെ ദോഷകരമായി ബാധിക്കുവാനും ഉള്ള സാധ്യത ഏറെയാണെന്ന് ഓര്‍മ്മിക്കണമെന്നും അല്‍ റോമൈതി പറഞ്ഞു. വ്യാജ ഉല്‍പ്പന്നങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള പരാതിയുണ്ടെങ്കില്‍ ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍ മുനിസിപ്പാലിറ്റി ആളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുജനാരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കുന്ന അറിയപ്പെടുന്ന ഏജന്‍സികളില്‍ നിന്ന് മാത്രമേ ഇത്തരം ഉത്പന്നങ്ങള്‍ വാങ്ങാവൂ എന്നും അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
Post Your Comments