തിരുവനന്തപുരം : കാരുണ്യ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തലാക്കിയതോടെ വൃക്ക മാറ്റിവച്ച നൂറു കണക്കിന് രോഗികള്‍ മരുന്നു വാങ്ങാന്‍ പോലും വകയില്ലാതെ പ്രതിസന്ധിയില്‍. കാരുണ്യ ബെനവലന്റ് പദ്ധതിയുടെ സഹായം പ്രതീക്ഷിച്ച് അന്‍പത്തിയാറര കോടി രൂപയുടെ സഹായം തേടിയുളള അപേക്ഷകള്‍ ലോട്ടറി ഓഫീസുകളിലും മെഡിക്കല്‍ കോളജ് ആശുപത്രികളിലും കെട്ടിക്കിടക്കുകയാണ്. വൃക്ക മാറ്റി വച്ച രോഗികള്‍ക്ക് തുടര്‍ന്നും സര്‍ക്കാര്‍ ധനസഹായം നല്‍കുകയോ സര്‍ക്കാര്‍ ആശുപത്രികള്‍ വഴി ആവശ്യമുളള മരുന്നുകള്‍ സൗജന്യ നിരക്കില്‍ വിതരണം ചെയ്യുകയോ വേണമെന്നാണാവശ്യം.
കാരുണ്യ ജില്ല സമിതികളില്‍ നിന്ന് അനുമതി കാത്താണ് മെഡിക്കല്‍ കോളജുകളിലെ കാരുണ്യ ഓഫീസുകളിലും ജില്ല ലോട്ടറി ഓഫീസുകളില്‍ അപേക്ഷകളുമായി രോഗികളും ബന്ധുക്കളും ഇപ്പോഴും കയറി ഇറങ്ങുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി കൂടി വരുന്നതുകൊണ്ട് ഒരേ സമയം രണ്ടു ഇന്‍ഷുറന്‍സ് പദ്ധതികള്‍ വേണ്ടന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍ കാരുണ്യ നിര്‍ത്തലാക്കിയത്.
വൃക്ക മാറ്റി വച്ച ഓരോ രോഗിക്കും തുടര്‍ന്ന് പ്രതിമാസം ആറായിരം മുതല്‍ പന്തീരായിരം രൂപയുടെ വരെ മരുന്നു വേണം. കാരുണ്യ പദ്ധതിയില്‍ നിന്നു ലഭിച്ച സാമ്പത്തിക സഹായമായിരുന്നു ഇതുവരെയുളള ആശ്വാസം. ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്ന മരുന്ന് സര്‍ക്കാര്‍ ആശുപത്രികളിലും പ്രധാനമന്ത്രി ജന്‍ ഔഷധിയിലുമുണ്ടാകാറില്ല. പകരം മറ്റു മരുന്നുകള്‍ വാങ്ങി സ്വയം പരീക്ഷിക്കപ്പെടാനും ഇവര്‍ക്കാകില്ല.
Post Your Comments