ലണ്ടൻ: ഈ താരങ്ങൾ ഇത്തവണ ലോകകപ്പിൽ കളിക്കുന്നുണ്ട്. എന്നാൽ ഇനിയൊരു ലോകകപ്പ് ജീവിതത്തിൽ ഉണ്ടാകാനിടയില്ലാത്ത ചില ക്രിക്കറ്റ് താരങ്ങളാണിവർ. എംഎസ് ധോണി, ക്രിസ് ഗെയിൽ, മുഹമ്മദ് നബി, മുഷ്ഫിക്കർ റഹീം, റോസ് ടെയ്‌ലർ, ഷൊഐബ് മാലിക്ക് തുടങ്ങിയവരാണ് ഇവർ.
ലോകകപ്പിനു ശേഷം ധോണി വിരമിച്ചേക്കുമെന്ന സൂചന ബിസിസിഐ നൽകിക്കഴിഞ്ഞതു കൊണ്ട് തന്നെ ഇനിയൊരു ലോകകപ്പിൽ അദ്ദേഹം ഉണ്ടാവില്ല. ഒന്നരപ്പതിറ്റാണ്ട് നീണ്ട കരിയറിനാണ് ഇതോടെ അന്ത്യമാകുന്നത്. യൂണിവേഴ്സ് ബോസ് എന്ന ക്രിസ്റ്റഫർ ഹെൻറി ഗെയിൽ ക്രിക്കറ്റ് ഫീൽഡിൽ ഏറ്റവും ആഘോഷിക്കപ്പെട്ട താരമായിരുന്നു.ഗെയിലും വിരമിക്കാനൊരുങ്ങുകയാണ്.
അഫ്ഗാനിസ്ഥാൻ ക്രിക്കറ്റിനു വിത്തു പാകി മുളപ്പിച്ചെടുത്ത മുഹമ്മദ് നബിയാണ് അവരുടെ ആദ്യ ക്രിക്കറ്റിംഗ് ഇതിഹാസം. 34 വയസ്സായ നബി ഇനിയൊരു ലോകകപ്പിന് ഉണ്ടാവാൻ സാധ്യതയില്ല. സ്ഥിരതയാർന്ന മികച്ച ഇന്നിംഗ്സുകളിലൂടെ ബംഗ്ലാദേശ് ബാറ്റിംഗ് യൂണിറ്റിനെ ഒരു കാലത്ത് താങ്ങി നിർത്തിയിരുന്ന മുഷ്ഫിക്കർ റഹീമും ഈ ലോകകപ്പ് കഴിയുന്നതോടെ വിരമിച്ചേക്കും.
ന്യൂസിലൻഡ് മധ്യനിരയിലെ ഏറ്റവും വിശ്വസ്തനായ ബാറ്റ്സ്മാൻ റോസ് ടെയ്‌ലറിന്റെയും അവസാന ലോകകപ്പാണിത്. അതുപോലെ 37 വയസ്സായ ഷൊഐബ് ലോകകപ്പോടെ വിരമിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. വിരമിച്ചില്ലെങ്കിൽ പോലും ഇനിയൊരു തിരിച്ചു വരവ് ഉണ്ടാവില്ല.
കരിയർ അവസാനത്തിലെ ഫോമില്ലായ്മ മൂലം ബഹുദൂരം പിന്നിലായെങ്കിലും ദക്ഷിണാഫ്രിക്കയുടെ ടോപ്പ് ഓർഡറിനെ 10 വർഷത്തിലധികമായി ചുമലിലേറ്റുന്ന അസാമാന്യ ബാറ്റ്സ്മാൻ ഹാഷിം അംലയും വിരമിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. അതുപോലെ 35 വയസ്സ് പിന്നിട്ട മലിംഗയും ഇനിയൊരു ലോകകപ്പിൽ കളിക്കില്ല.
Post Your Comments