തൂത്തുക്കുടി : തമിഴ്നാട് തൂത്തുക്കുടിയില്‍ ജാതി മാറി വിവാഹം കഴിച്ചതിന്റെ പേരില്‍ ഗര്‍ഭണിയായ യുവതിയെയും ഭര്‍ത്താവിനെയും ഒരു സംഘം വെട്ടിക്കൊന്നു. അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്ന ഇരുവരും പട്ടികജാതി വിഭാഗത്തില്‍പ്പെട്ട രണ്ടു ജാതിയില്‍പെട്ടവരായിരുന്നു.
24 കാരന് ചോളൈലരാജയും ഭാര്യ 21-കാരി ജ്യോതിയുമാണ് കൊല്ലപ്പെട്ടത്. ജ്യോതി മൂന്ന് മാസം ഗര്‍ഭിണിയാണ്. ചോലൈരാജയുടെ വീടിനു പുറത്തെ കട്ടിലില്‍ ഇരുവരും ഉറങ്ങിക്കിടക്കവെയാണ് സംഭവം നടന്നത്. വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് ഇരുവരും മൂന്ന് മാസം മുന്‍പാണ് വിവാഹിതരായത്. ഇരുവരും ഉപ്പ് നിര്‍മ്മാണ കമ്പനിയില്‍ ജോലിചെയ്ത് വരികയായിരുന്നു.
അമ്മ മുത്തുമാരിയാണ് മകനും മരുമകളും കഴുത്തും, കൈകാലുകളും അറ്റ നിലയില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്നതു കണ്ടത്. മുത്തുമാരിയുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തൂത്തുക്കുടി എസ്പി അരുണ്‍ ബാലഗോപാലന്റെ നേതൃത്ത്വത്തിലുള്ള പോലീസ് സംഘം പരിശോധന നടത്തി. കുറ്റവാളികളെ അറസ്റ്റ് ചെയ്യാതെ മൃതദേഹം പോസ്റ്റ് മാര്‍ട്ടം ചെയ്യാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ് നാട്ടുകാര്‍ ഉപരോധിച്ചെങ്കിലും, കുറ്റവാളികളെ ഉടന്‍ തന്നെ പിടികൂടുമെന്ന പോലീസിന്റെ ഉറപ്പിന്മേല് ഉപരോധം അവസാനിപ്പിച്ചു.
പെണ്‍കുട്ടിയുടെ വീട്ടുകാരാകാം കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പറയുന്നത്. പ്രാഥമിക അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹത്തിന് ഇരു വീട്ടുകാരും എതിര്‍ത്തതിനെതുടര്‍ന്ന് മൂന്ന് മാസം മുന്‍പ് കുളത്തുര്‍ പോലീസ് സ്റ്റേഷനിന് ഇവര്‍ അഭയം തേടിയിരുന്നു. പിന്നീട് പോലീസ് ഇരു വീട്ടുകാരെയും വിളിച്ച് ചര്‍ച്ച നടത്തിയായിരുന്നു വിവാഹം നടത്തിയത്. അന്നു തന്നെ ജ്യോതിയുടെ വീട്ടുകാര്‍ പലതവണ വീട്ടിലെത്തി അമ്മ മുത്തുമാരിയെ ജ്യോതിയുടെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൊലപാതകം.
Post Your Comments