മരണം പലപ്പോഴും അങ്ങനെയാണ്. അപ്രതീക്ഷിതവും അവിശ്വസനീയവുമാണ്. ഉറ്റവര്‍ക്കും ഉടയവര്‍ക്കും മുറിപ്പാടായി മാറിയ സംഭവമായിരുന്നു റോഡപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ റോണി എന്ന യുവാവിനെ പൊലീസ് ആശുപത്രിയില്‍ എത്തിക്കാതിരുന്നതിനെ തുടര്‍ന്ന് മരിച്ചത.് ഏറെ ജനശ്രദ്ധ നേടിയ ഒരു വാര്‍ത്തകൂടിയായിരുന്നു ഇത്. കോട്ടയം വെമ്പള്ളിയിലാണ് പരുക്കേറ്റ റോണി എന്ന യുവാവ് മരിച്ചത്.
കുര്യം സ്വദേശികളായ ഫിലിപ്പ് ജോക്കുട്ടിയും മകന്‍ റോണിയും സഞ്ചരിച്ച ബൈക്കില്‍ തൃശൂര്‍ എ.ആര്‍ ക്യാമ്പില്‍നിന്ന് സാധനങ്ങള്‍ കയറ്റിവന്ന പിക് വാന്‍ ഇടിക്കുകയായിരുന്നു. തൊട്ടുപിന്നാലെ തൃശ്ശൂര്‍ എ.ആര്‍ ക്യാമ്പിലെ പോലീസ് ജീപ്പ് സ്ഥലത്തെത്തി. ഗുരുതരാവസ്ഥയില്‍ റോഡില്‍ കിടന്ന മകന്‍ റോണിയെ വാഹനത്തില്‍ കയറ്റാന്‍ നാട്ടുകാര്‍ തുനിഞ്ഞു. എന്നാല്‍, പോലീസ് ഇതിന് അനുവദിച്ചില്ല.
പൊലീസിന്റെ അനാസ്ഥ മൂലം സംഭവിച്ച മരണം വിവാദത്തിന് വഴിയൊരുക്കി. റോണിയുടെ മരണം ഇപ്പോഴും വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് സുഹൃത്തുക്കള്‍. റോണി കണ്ട സ്വപ്നങ്ങളെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചുമൊക്കെ മുഹമ്മദ് ഫാസില്‍ എന്ന സുഹൃത്ത് എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു.
കുറിപ്പ് ഇങ്ങനെ
മനം മരിക്കും വേദനനല്‍കി
മായ്ഞ്ഞ് പോകാനായിരുന്നെങ്കില്‍
എന്തിനു നീയെന്‍
ഹൃദയതീരത്തടിഞ്ഞു,,
അടുത്ത ദിവസം കോഴിക്കോട്ടേക്ക് എന്റെയടുത്ത് വരാമെന്ന് പറഞ്ഞ റോണിയുടെ നാടായ കോട്ടയത്തേക്ക് ഞാനും സഹപാഠിയുമായ ജംഹറും കോട്ടക്കലില്‍ നിന്ന് ബസ് കയറി,,
ഒരു മണിക്കൂര്‍ മുമ്പാണ് ജംഹര്‍ വിളിച്ച് കാര്യം പറഞ്ഞത്. കേട്ടത് വിശ്വസിക്കാതെ റോണിയുടെ നമ്പറില്‍ തന്നെ വിളിച്ചു എടുത്തത് ഒരു ബന്ധുവാണ് അയാള്‍ പറഞ്ഞ് തീരുംമുമ്പ് പറയാന്‍ ബാക്കിയുള്ളത് കേള്‍ക്കാനുള്ള ത്രാണിയില്ലാതെ ഞാന്‍ ഫോണ്‍ കട്ടാക്കി,,,
ഇല്ല,, ഞാന്‍ വിശ്വസിക്കില്ല,,,
രാത്രി ഒരു മണിക്ക് ഗടഞഠഇ ബസ്സിന്റെ സ്റ്റെപ്പിലിരുന്നു ഞങ്ങള്‍ യാത്ര തുടങ്ങി,,
ബാംഗ്ലൂരില്‍ നഴ്സിങ്ങിന് പഠിക്കുമ്പോള്‍ ഒരേ ക്ലാസില്‍ ഒരു ബഞ്ചില്‍ ഒരുമിച്ച് കൂടിയ സൗഹൃദം ഒരേ വീട്ടില്‍…. റൂമില്‍ ഒരുമിച്ച് ഉണ്ടും ഉറങ്ങിയും പഠിച്ചും കളിച്ചും വലുതായ സൗഹൃദം പക്ഷെ,, കലാലയ കാലഘട്ടം കഴിഞ്ഞിട്ടും ഞങ്ങളുടെ ആ കൂട്ട്‌കെട്ടിന്റെ കഥ അത് പോലെ തുടര്‍ന്നു,, പന്ത്രണ്ട് വര്‍ഷം പിന്നിട്ടു,,
മിക്കവരും പലവഴിക്ക് തിരിഞ്ഞു,, കഷ്ടപ്പാട് നിറഞ്ഞ ദുര്‍ഘടമായ വഴികള്‍ പിന്നിട്ട് ഭേദപ്പെട്ടയിടങ്ങളില്‍ എത്തിച്ചേര്‍ന്നപ്പോള്‍.. ജീവിതം പച്ച പിടിക്കാന്‍ തുടങ്ങിയപ്പോള്‍
റോണി ദുര്‍ഘടമായ പാന്ഥാവില്‍ വിഷമങ്ങള്‍ പുറത്ത് കാണിക്കാതെ പകച്ച് നില്‍ക്കുന്നുണ്ടായിരുന്നു,,,
വേണ്ടപ്പെട്ട എല്ലാവരും ഉണ്ടായിട്ടും അതിലെ നന്മകളും സന്തോഷങ്ങളും ലഭിക്കാതെ മരവിച്ച് നിന്ന റോണിയെ കൂടെ കൂട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നീറുന്ന രോഗികളാല്‍ നിറഞ്ഞ വരാന്തകളിലൂടെ നടത്തി, അവന്‍ പറഞ്ഞു ഇവരുടെ അവസ്ഥയൊന്നും എനിക്കില്ല,
എന്റെ കൂടെ സഹായിയായും ഞാന്‍ അവധിയാകുമ്പോള്‍ പകരക്കാരനായും ഐസിയു ആംബുലന്‍സില്‍ സേവനമനുഷ്ടിച്ചു,,
ഞാനും ഹാഷിമും ഇടക്ക് ജംഹറും
ബീച്ചിലും പാര്‍ക്കിലും പുഴയിലും പോയി,, കുന്നും മലയും താണ്ടി കാണാ കാഴ്ചകളും അനുഭവങ്ങളും സമ്മാനിച്ചു,,
സി എച്ച് സെന്ററിലെ ഡയാലിസ് സെന്ററിലെ രാത്രികള്‍ ഹാഷിം, മുഹമ്മദ്ക്ക, ബഷീര്‍ക്ക തുടങ്ങിയവരുമൊത്ത് ഞങ്ങള്‍ തമാശപറഞ്ഞും പാട്ട് പാടിയും സന്തോഷത്തിന്റെ നിറമുള്ളതാക്കി, അത് കഴിഞ്ഞ് റൂമില്‍ എന്റെയും റോണിയുടേയും പാട്ട് പാടി റെക്കോര്‍ഡ് ചെയ്യലാണ് പാതിരാ നേരം വരെ അങ്ങനെ പലതുമായി തുടരും
അതെ…അവന്‍ ഉള്ള് തുറന്ന് ചിരിക്കാന്‍ തുടങ്ങി,,
പുതിയ ജീവിതത്തെ പറ്റി സ്വപ്നങ്ങള്‍ കണ്ട് തുടങ്ങി..,
വിവാഹം,,,,,ഭാര്യ,,, മക്കള്‍,,,,
ഒഴിവ് സമയങ്ങളില്‍ മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലും വാര്‍ഡിലും പോകും.
ഒരു ദിവസം രാത്രി എന്റെ പരിചയത്തിലുള്ള ഒരാളുടെ നാട്ടിലുള്ള കുട്ടിയെ അപകടം സംഭവിച്ച് കൊണ്ട് വന്നപ്പോള്‍ ഞങ്ങള്‍ പോയി സഹായിച്ചു ഇതിനിടക്ക് റോണിയെ കാണാനില്ല,, സമയം പുലര്‍ച്ചെ മൂന്ന് മണിയാവാറായി ഫോണ്‍ വിളിച്ചിട്ട് കിട്ടുന്നുമില്ല അവസാനം ലബോറട്ടറിയുടെ മുന്നിലുള്ള ക്യൂവില്‍ ഏതോ ഒരു രോഗിയുടെ രക്തത്തിന്റെ
സാമ്പിളുമായി നില്‍ക്കുന്ന റോണിയെ ഞാന്‍ കണ്ടു,,
തമാശക്ക് പോലും കളവ് പറയാത്ത അവനെ കണ്ട…അറിഞ്ഞവര്‍ക്ക് അവനെ പറ്റി അഭിപ്രായം ഒന്നേ കാണു,, നിഷ്‌കളങ്കന്‍,,
രാവിലെ ആറര മണിക്ക് കോട്ടയത്തെത്തി,
അവന്റെ വീട്ടില്‍ പോയി,
അമ്മയും അനിയനും മാത്രം, കേട്ടത് സത്യമാണെന്ന് അവരുടെ സംസാരത്തില്‍ നിന്ന് വായിച്ചെടുത്തെങ്കിലും മനസ്സ് പറഞ്ഞു,,അല്ല,,അല്ല,,
ഞങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പോയി, അവിടെ നിന്നും ഒരു പത്രം വാങ്ങിമറിക്കുമ്പോള്‍ പ്രിയപ്പെട്ട റോണിയുടെ മുഖം കണ്ടു,,
അതെ.., പത്രവും കേട്ടത് ശരിവെച്ചു,
അല്ല,, അല്ല മനസ്സ് മന്ത്രിച്ചു..,
കുറച്ച് കഴിഞ്ഞ് മോര്‍ച്ചറിയുടെ അടുത്തേക്ക് പോയി അവന്റെ ബന്ധു വെള്ളത്തുണി പൊതിഞ്ഞ ഒരു മൃതശരീരം ചൂണ്ടിക്കാണിച്ചു,,
‘പടച്ചവനേ ഇതവന്‍ ആകരുതേ,,, ‘
ഞാന്‍ പ്രാര്‍ത്ഥിച്ചു,,
ജംഹര്‍ മുഖത്തെ തുണി മാറ്റി,,
നെഞ്ച് പൊട്ടുന്ന വേദനയാല്‍ ആ സത്യം ഞാന്‍ ഉള്‍ക്കൊണ്ടു…
എന്നും രോഗികളെ കിടത്തി ആശുപത്രിയിലെത്തിക്കുന്ന സ്ട്രച്ചറില്‍ ഞാന്‍ പിടിക്കുമ്പോള്‍ മറ്റേയറ്റം പിടിക്കുന്ന റോണി സ്ട്രച്ചറില്‍ കിടക്കുകയാണ്… ജീവനില്ലാതെ,,
പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ മോര്‍ച്ചറിയുടെ അകത്തേക്ക് അവന്റെ മൃതശരീരം കൊണ്ട് വച്ച് ഞങ്ങള്‍ പുറത്തിറങ്ങി,,
ശരീരം വെട്ടിക്കീറുന്നതിന്റെ ശബ്ദം പുറത്തേക്ക് വരുമ്പോള്‍ ആ വെട്ടേറ്റ് മുറിഞ്ഞത് ,,, ഞങ്ങളുടൊ സൗഹൃദം തീര്‍ത്ത നന്മമരമായിരുന്നു,,
ആ മരം തീര്‍ത്ത തണല്‍ നഷ്ടപ്പെടുകയാണ്,,
ഒറ്റക്കാകുമ്പോള്‍ എനിക്കൊപ്പം കൂട്ടിന് കൂടെ വന്ന റോണി, അവന്റെ ഒറ്റപ്പെടലിന്റെ മറ നീക്കി കൂടെ കൂട്ടിയ ഞാന്‍,,
ഒടുവില്‍ ഒരു വാക്കും പറയാതെ നീ…,
മാസങ്ങള്‍ക്ക് മുമ്പ് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് ഞാനും ഹാഷിമും രോഗിയുമായി പോയി വരുമ്പോള്‍ റോണിയുടെ വീട്ടില്‍ പോകാമെന്ന് പറഞ്ഞു, അവനെ വിളിച്ചു,, പക്ഷെ വഴിക്ക് വച്ച് ഞങ്ങളുടെ സംസാരം കാരണം അവന്റെ നാടു കഴിഞ്ഞ് കുറേ ദൂരം പിന്നിട്ടു,,
ഞങ്ങളെ കാത്ത് നിന്ന അവനോട് ഇനി പിന്നെയാവാമെടാ,
നിന്റെ കല്യാണത്തിന് വരാം,,
പെട്ടെന്ന് നോക്ക് എന്ന് പറഞ്ഞ് മെസേജയച്ചു,,
ഇന്ന് അവനെ വെള്ളപുതപ്പിച്ചൊരുക്കി ആംബുലന്‍സിലേക്ക് ഞങ്ങളെടുത്ത് വെക്കുമ്പോള്‍ ഇന്നേ വരെ അനുഭവിച്ചിട്ടില്ലാത്ത വിധം ശരീരവും മനസ്സും വേദനിച്ചു ,,, വീര്‍പ്പ് മുട്ടി,,,
കോട്ടയത്ത് നിന്ന് തിരിക്കുമ്പോള്‍ മനസ്സ് ഒരു വട്ടം കൂടി കെഞ്ചി,,,
‘പച്ചവനേ ഇന്ന് കേട്ടതും കണ്ടതും സ്വപ്നം മാത്രമാവണേ’,,,
വിവരമറിഞ്ഞ സി എച്ച് സെന്ററിന്റെ ഭാരവാഹികളായ റസാഖ് മാസ്റ്ററും അഷ്‌റഫ്ക്കയും മാനേജര്‍ ഗഫൂര്‍ ഹുദവിയും എന്നും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച് വര്‍ത്തമാനം പറയുന്ന സെക്യൂരിറ്റിക്കാരന്‍ മുഹമ്മദ്ക്കയും എന്നോടൊപ്പം അവനെ ഞങ്ങളിലൊരുവനാക്കിയ ഡ്രൈവര്‍ ഹാഷിമും പിന്നെ ബഷീര്‍ക്കയും മറ്റു ജീവനക്കാരും എന്നെ വിളിക്കുമ്പോള്‍ ദിവസങ്ങള്‍ മാത്രം അവനെ കണ്ട അവരുടെ വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു,,
എന്നിലൂടെ അവനെ കേട്ടറിഞ്ഞ എന്റെ പാതിയും വിതുമ്പി,,,
അതെ,,, അതായിരുന്നു റോണി..,
കോഴിക്കോട് സി എച്ച് സെന്ററിലെ എന്റെ റൂമിലിരുന്ന് ഇടയ്ക്ക് വല്ലതും മുഖപുസ്തകത്തില്‍ കുറിക്കുമ്പോള്‍ ഇടയ്ക്ക് അവന്‍ , സംസാരിക്കുമ്പോള്‍ ഞാന്‍ പറയും റോണി… എഴുതുന്നത് മുറിഞ്ഞ് പോകുമെടാ ഇടയ്ക്ക് സംസാരിച്ചാല്‍,, അപ്പോള്‍ അവന്‍ പറയുമായിരുന്നു ഞാനും ഒരു കഥ പറയണ്ട് നീ എഴുതണമെന്ന്,,,
പക്ഷെ,,,
മനം മരിക്കും വേദനനല്‍കി
മായ്ഞ്ഞ് പോകാനായിരുന്നെങ്കില്‍
എന്തിനു നീയെന്‍
ഹൃദയതീരത്തടിഞ്ഞു,,
https://www.facebook.com/muhammed.fazilcmt/posts/2322740281150722
Post Your Comments