ഇടുക്കി : പീരുമേട് സബ് ജയിലിലെ റിമാന്‍ഡ് പ്രതി രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ അറസ്റ്റ് ചെയ്തപ്പോൾ കുഴഞ്ഞു വീണ എസ്‍ഐക്ക് ഹൃദയസംബന്ധമായ അസുഖങ്ങളില്ലെന്ന് ആശുപത്രി റിപ്പോർട്ടിൽ പറയുന്നു. അറസ്റ്റിലായ എസ്ഐ കെ എ സാബുവിനെ കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്‍ചാർജ് ചെയ്താലുടൻ ദേവികുളം സബ് ജയിലിലേക്ക് മാറ്റും.മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗമാണ് സാബുവിന്റെ ആരോഗ്യസംബന്ധമായ റിപ്പോർട്ട് തയ്യാറാക്കിയത്.
ഏറ്റുമാനൂർ മജിസ്ട്രേറ്റ്, മെഡിക്കൽ കോളേജിലെത്തിയാണ് സാബുവിനെ റിമാൻഡ് ചെയ്തത്. കേസിൽ ഒന്നാം പ്രതിയാണ് എസ്ഐ സാബു. കസ്റ്റഡി മർദ്ദനം തടയുന്നതിൽ എസ്ഐക്ക് ഗുരുതര വീഴ്‍ചയുണ്ടായെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. പോലീസുകാർ പ്രതിയെ മർദ്ദിക്കുമ്പോൾ എസ്ഐ നോക്കി നിന്നു, ഇടപെടുകയോ, മേലുദ്യോഗസ്ഥരെ വിവരമറിയിക്കുകയോ ചെയ്തില്ല എന്നും റിമാൻഡ് റിപ്പോർട്ട് പറയുന്നു.
പ്രാകൃതമായ രീതിയിലാണ് രാജ്കുമാറിനെ മര്‍ദ്ദിച്ചത്. കാല്‍വെള്ളയിലും തുടയിലും മര്‍ദ്ദിച്ചു. മര്‍ദ്ദനം തടയാന്‍ എസ് ഐ ശ്രമിച്ചില്ലെന്നും പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ ഇതുവരെ നാലു പേരെ തിരിച്ചറിഞ്ഞതായും, ഒന്നും നാലും പ്രതികളാണ് അറസ്റ്റിലായതെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments