തിരുവനന്തപുരം: സിനിമയില്‍ മദ്യപാനവും പുകവലിയുമുള്ള രംഗങ്ങള്‍ ഒഴിവാക്കണമെന്ന് നിയമസഭാ സമിതി നിര്‍ദേശത്തിനെതിരെ തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. ഇത്തരം വിഡ്ഢിത്തങ്ങള്‍ക്കെതിരെ പൊരുതിയില്ലെങ്കില്‍ ഇതിനും ”വലിയ വില കൊടുക്കേണ്ടി വരു”മെന്ന് മുരളി ഗോപി ഫെയിസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു.
കലാസൃഷ്ടിയുടെ സ്വതന്ത്ര പ്രക്രിയകളെ ചങ്ങലയ്ക്കിടുന്ന ഇത്തരം നീക്കങ്ങള്‍ പമ്പര വിഡ്ഢിത്തത്തില്‍ നിന്ന് പിറക്കുന്നതാണെന്ന് വിശ്വസിക്കാന്‍ എളുപ്പമാണ്. ഇതിനെ ഇപ്പോള്‍ നേരിട്ടില്ലെങ്കില്‍ വളരെ വലിയ അവകാശ ധ്വംസനങ്ങളിലേക്ക് നയിക്കപ്പെടും. ബഹു പാര്‍ട്ടി പ്രാതിനിധ്യമുള്ള ഒരു നിയമസഭാ സമിതി ഇതിന്റെ ചുക്കാന്‍ പിടിക്കുമ്പോള്‍ അക്കാര്യത്തില്‍ തര്‍ക്കമില്ല. ജനാധിപത്യ മൂല്യങ്ങളെക്കുറിച്ചുള്ള ശുദ്ധ അറിവില്ലായ്മയാണ് ഇതില്‍ പ്രകടമാകുന്നതെന്നും മുരളി ഗോപി പറഞ്ഞു.
അയിഷ പോറ്റി എംഎല്‍എ അധ്യക്ഷയായ നിയമസഭാ സമിതിയാണ് സിനിമയില്‍ മദ്യപാനം, പുകവലി എന്നിവ ചിത്രീകരിക്കുന്ന സീനുകള്‍ ഒഴിവാക്കണമെന്ന് ശുപാര്‍ശ ചെയ്തത്. ഇത്തരം രംഗങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയ ശേഷമേ സിനിമകള്‍ക്കും സീരിയലുകള്‍ക്കും പ്രദര്‍ശനാനുമതി നല്‍കാവൂ എന്ന് സമിതി ശുപാര്‍ശ ചെയ്തു. സ്ത്രീകള്‍, ട്രാന്‍സ്ജെന്‍ഡറുകള്‍, ഭിന്നശേഷിക്കാര്‍, കുട്ടികള്‍ എന്നിവരുടെ ക്ഷേമത്തിനായുള്ള സമിതിയാണ് ഇത്. ഇത്തരം രംഗങ്ങളില്‍ നിയമപരമായ മുന്നറിയിപ്പ് നല്‍കണമെന്നതാണ് നിലവിലുള്ള ചട്ടം. ഈ നിര്‍ദേശത്തിനെതിരെ ചലച്ചിത്ര പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments