Latest NewsIndia

കേന്ദ്ര ബജറ്റ് നാളെ; പ്രതീക്ഷകളുമായി കാര്‍ഷിക മേഖല

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാറിന്റെ കന്നി ബജറ്റ് നാളെ അവതരിപ്പിക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കുകയാണ് സര്‍ക്കാരിന് മുന്നിലെ പ്രധാന വെല്ലുവിളി. ബജറ്റില്‍ കാര്‍ഷിക-തൊഴില്‍ മേഖലകള്‍ക്കുള്ള വലിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നു. ബജറ്റിന് nirmmaമുന്നോടിയായുള്ള സാമ്പത്തിക സര്‍വെ ഇന്ന് ലോക്‌സഭയില്‍ വെക്കും. ഇന്ത്യന്‍ സമ്പദ്ഘടന പല വെല്ലുവിളികളും നേരിട്ടുകൊണ്ടിരിക്കുന്ന അവസരത്തിലാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വെള്ളിയാഴ്ച തന്റെ കന്നി ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ആഭ്യന്തര വളര്‍ച്ച നിരക്ക് 6.8 ശതമാനമായി കുറഞ്ഞു. കാര്‍ഷിക, വ്യാവസായിക മേഖലകളിലും പുരോഗതിയില്ല. അതിനാല്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തല്‍ തന്നെയായിരിക്കും ബജറ്റിലെ പ്രധാന ഊന്നല്‍. ഇടക്കാല ബജറ്റിലെ നിര്‍ദ്ദേശം ഓഹരികള്‍ വിറ്റഴിച്ച് 90,000 കോടി രൂപ കണ്ടെത്താനായിരുന്നു. എന്നാല്‍ നാളത്തെ ബജറ്റില്‍ ആ പരിധി കൂട്ടാനുള്ള സാധ്യതയുണ്ട്. കാര്‍ഷിക മേഖലയിലും വന്‍തോതിലുള്ള പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാം. കാര്‍ഷിക മേഖലയിലെ ഘടനാപരമായ മാറ്റമാണ് ലക്ഷ്യമെന്ന് നിതി ആയോഗില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നതാണ് ഈ മേഖലില്‍ പ്രതീക്ഷ വെക്കാനുള്ള കാരണം.

തൊഴില്‍ പ്രതിസന്ധി പരിഹരിക്കാനുള്ള പ്രഖ്യാപനങ്ങളുണ്ടാകാനും സാധ്യതയേറെയാണ്. ആദായനികുതി ഘടനയില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നേക്കും. ജിഎസ്ടി നടപ്പാക്കിയെങ്കിലും സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ജിഎസ്ടി വരുമാനത്തിലുണ്ടായ ഇടിവ് നല്ല സൂചനയല്ല നല്‍കിയത്. അടിസ്ഥാന സൗകര്യവികസനത്തിനും സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്കും കൂടുതല്‍ തുക നീക്കിവെക്കാനും സാധ്യത ഉണ്ട്.

കേരളവും ബജറ്റില്‍ വലിയ രീതിയിലുള്ള പ്രതീക്ഷകള്‍ അര്‍പ്പിച്ചിട്ടുണ്ട്. പ്രളയപുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വായ്പ പരിധി ഉയര്‍ത്തണമെന്നതടക്കം നിരവധി ആവശ്യങ്ങള്‍ കേരളം മുന്നോട്ടുവെച്ചിട്ടുണ്ട്. എയിംസ്, വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, കണ്ണൂരില്‍ രാജ്യാന്തര ആയൂര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ കൂടാതെ തീരദേശ പാത, ചെന്നൈ- ബംഗളൂരു വ്യവസായ ഇടനാഴി കൊച്ചി വഴി കോയമ്പത്തൂരിലേക്ക് നീട്ടുക, തിരുവനന്തപുരം-കാസര്‍കോഡ് രണ്ട് അധിക റെയില്‍വെ ലൈന്‍ തുടങ്ങി നിരവധി പ്രതീക്ഷകള്‍ കേരളത്തിനുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button