ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയിലെ അഭയാര്‍ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കുമായുള്ള തടങ്കല്‍ കേന്ദ്രത്തിന് നേരെ നടന്ന വ്യോമാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടുവെന്ന് ആരോഗ്യ, അത്യാഹിത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ലിബിയയിലെ യുഎന്‍ സപ്പോര്‍ട്ട് മിഷന്റെ കണക്കനുസരിച്ച് ബുധനാഴ്ച രാത്രി നടത്തിയ വ്യോമാക്രമണത്തില്‍ 44 പേര്‍ കൊല്ലപ്പെടുകയും 130 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
കിഴക്കന്‍ പ്രാന്തപ്രദേശമായ താജൂറയിലെ ഒരു സൈനിക ക്യാമ്പിന് അടുത്തായി സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രത്തില്‍ 600 ലധികം ആളുകള്‍ താമസിക്കുന്നുണ്ട്. എന്നാല്‍ ആക്രമണം നടന്ന ഭാഗത്ത് 150 ഓളം പുരുഷ അഭയാര്‍ഥികളും ആഫ്രിക്കന്‍ രാജ്യങ്ങളായ സുഡാന്‍, എറിത്രിയ, സൊമാലിയ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരും ഉണ്ടായിരുന്നു.
കഴിഞ്ഞ മൂന്ന് മാസമായി ട്രിപ്പോളി പിടിച്ചെടുക്കാന്‍ പോരാടുന്ന ലിബിയന്‍ റിനെഗേഡ് ജനറല്‍ ഖലീഫ ഹഫ്താറിന്റെ സേനയാണ് ആക്രമണം നടത്തിയതെന്ന് ഐക്യരാഷ്ട്രസഭയുടെ അംഗീകൃത സര്‍ക്കാര്‍ (ജിഎന്‍എ) കുറ്റപ്പെടുത്തി.
”ഹഫ്താറിന്റെ ലിബിയന്‍ നാഷണല്‍ ആര്‍മിയുടെ വ്യോമസേനാ കമാന്‍ഡര്‍ മുഹമ്മദ് അല്‍ മന്‍ഫോര്‍ പ്രസ്താവനയ്ക്ക് ശേഷമാണ് ഈ കുറ്റകൃത്യം ഉണ്ടായത്. അതിനാല്‍ നിയമപരവും ധാര്‍മ്മികവുമായ ഉത്തരവാദിത്തം വഹിക്കുന്നത് അവരാണ്,” ആഭ്യന്തര മന്ത്രി ഫാത്തി ബഷാഗ അല്‍ വാസത്ത് സ്റ്റേറ്റ് റേഡിയോയോട് പറഞ്ഞു.
‘ട്രിപ്പോളിയെ മോചിപ്പിക്കാനുള്ള’ പരമ്പരാഗത മാര്‍ഗ്ഗങ്ങള്‍ തീര്‍ന്നുപോയതിനാല്‍ വ്യോമ ബോംബാക്രമണം ശക്തമാക്കുമെന്ന് തിങ്കളാഴ്ച മന്‍ഫോര്‍ പറഞ്ഞിരുന്നു. ഏറ്റുമുട്ടല്‍ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് മന്‍ഫോര്‍ അഭ്യര്‍ത്ഥിച്ചു.
”ഇതാദ്യമായല്ല ഹഫ്താര്‍ സേന തടങ്കല്‍ കേന്ദ്രത്തെ ലക്ഷ്യമിടുന്നത്. ഏപ്രിലില്‍ ട്രിപ്പോളി പിടിച്ചെടുക്കാനുള്ള പ്രചരണം ഹഫ്താര്‍ സേന ആരംഭിച്ചപ്പോഴും കേന്ദ്രം ആക്രമണത്തിന് വിധേയമായി,” സിവിലിയന്മാരെയും പാര്‍പ്പിട മേഖലകളെയും ലക്ഷ്യമിട്ടാണ് ഹഫ്താറിന്റെ സൈന്യം യുദ്ധക്കുറ്റങ്ങള്‍ ചെയ്യുന്നതെന്ന് സര്‍ക്കാരിലെ സൈനിക വൃത്തങ്ങള്‍ പറയുന്നു.
Post Your Comments