ആലപ്പുഴ: ബൈക്ക് അപകടത്തില്‍ ജീവിതം താറുമാറായി മുന്‍ കായികതാരം. ബെക്ക് അപകടത്തില്‍ ഗുരുതര പരിക്കേറ്റ് തുടര്‍ ചികിത്സയ്ക്ക് പോലും നിവൃത്തിയില്ലാതെ ലോങ്ങ് ജംപ് മുന്‍ ദേശീയ ചാമ്പ്യന്‍ സഹായം തേടുകയാണ്. ലോങ് ജംപില്‍ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടിയ മനോജ് തോമസിന് ജീവിതം ഇന്നൊരു ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്. ജോലി ഇല്ലാതെ ജീവിതം വഴിമുട്ടിയ എസ് എല്‍ പുരം സ്വദേശിയായ മനോജ് തോമസിന് വീട് നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഇതുവരെ നടപ്പായില്ല.
2016ല്‍ ബൈക്ക് അപകടത്തില്‍ പരിക്കേറ്റതോടെയാണ് മനോജിന്റെ ജീവിതം പ്രതിസന്ധിയിലായത്. അപകടത്തോടെ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ജോലി കിട്ടുമെന്ന പ്രതീക്ഷയും ഇല്ലാതായി.അപകടമുണ്ടായ സമയത്ത് ചികിത്സയ്ക്കുള്ള പണം, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലാണ് നല്‍കിയത്. സഹോദരങ്ങളുടെയും സുഹൃത്തുക്കളുടെയും വീടുകളിലാണ് മനോജിന്റെ ഇപ്പോഴത്തെ താമസം.
ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മനോജിന് സ്ഥലവും വീടും അനുവദിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ഉറപ്പ് നല്‍കിയെങ്കിലും തുടര്‍നടപടി ഉണ്ടായില്ല. തല ചായ്ക്കാന്‍ ഒരിടം, വിശപ്പകറ്റാന്‍ ഒരു ജോലി അത് മാത്രമാണ് മനോജിന്റെ ഇപ്പോഴത്തെ ആവശ്യം. 1995 ലെ സംസ്ഥാന അമച്വര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ തുടങ്ങി ഒരു പതിറ്റാണ്ടിലേറെ റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ കായികതാരമാണ് മനോജ്.
Post Your Comments