ന്യൂഡല്‍ഹി: ചാന്ദ്‌നി ചൗക്കിലെ ഹൊസ് ഖ്വാസിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് സുരക്ഷ ശക്തമാക്കി. പ്രദേശത്ത് വീണ്ടും സംഘര്‍ഷം ഉണ്ടാകാതെയിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചെന്ന് പൊലീസ് അറിയിച്ചു. കേസില്‍ ഒന്‍പതുപേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ഹൊസ് ഖ്വാസിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.
പാര്‍ക്കിംഗ് വിഷയത്തില്‍ രണ്ട് പേര്‍ തുടങ്ങിയ തര്‍ക്കമാണ് വര്‍ഗീയ സംഘര്‍ഷത്തിലെത്തിയത്. തര്‍ക്കത്തെ തുടര്‍ന്ന് രാത്രിയില്‍ ഒരു സംഘം ആളുകള്‍ വീടുകള്‍ക്കുനേരെ ആക്രമണമഴിച്ചുവിടുകയായിരുന്നു. തുടര്‍ന്ന് ആരാധനാലയത്തിന് നേരെയും ആക്രമണമുണ്ടായി. ആരാധനാലയം ആക്രമിക്കപ്പെട്ടതോടെ വര്‍ഗീയ സംഘര്‍ഷത്തിനുള്ള സാധ്യത സംജാതമായി. എന്നാല്‍ പോലീസ് സുരക്ഷ ശക്തമാക്കി. ആക്രമണങ്ങളെ ചെറുക്കാന്‍ മതനേതാക്കളും രംഗത്തെത്തിയിരുന്നു.
പ്രദേശത്ത് സമാധാനം പുന:സ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. സംഭവത്തെ രാഷ്ട്രീയ മുതലെടുപ്പിന് അവസരം നല്‍കില്ലെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി. സംഭവത്തില്‍ ഡല്‍ഹി പോലീസ് മേധാവിയെ കേന്ദ്ര ആഭ്യന്തരമ മന്ത്രി അമിത് ഷാ വിളിച്ചുവരുത്തി വിവരങ്ങള്‍ ആരാഞ്ഞിരുന്നു. സംഘര്‍ഷം കലാപത്തിലേക്ക് നീങ്ങുന്നുവെന്ന സൂചനകള്‍ പുറത്തു വന്നതോടെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടല്‍. അമിത് ഷാ ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഡല്‍ഹി പൊലീസ് മേധാവി അമുല്‍ പട്‌നായിക്ക് അമിത് ഷായെ പ്രത്യേകം കണ്ട് ഇതുവരെ സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ വിശദീകരിച്ചു.പോലീസിനെ കൂടാതെ അര്‍ധസൈനികരേയും മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.
Post Your Comments