ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലെന്ന് കേന്ദ്ര നിയമകാര്യ മന്ത്രി രവിശങ്കര്‍ പ്രസാദ്. കോടതി വിധി മറികടക്കാന്‍ നിയമനിര്‍മാണം നടത്തുമോയെന്ന ശശി തരൂരിന്റെയും ആന്റോ ആന്റണിയുടെയും ചോദ്യങ്ങള്‍ക്ക് ഒറ്റ വരിയിലാണ് മന്ത്രി മറുപടി നല്‍കിയത്. യുവതി പ്രവേശന വിധിക്കെതിരായ പുന:പരിശോധനാ ഹര്‍ജികളില്‍ വാദം കേട്ട സുപ്രീം കോടതി വിധി പറയാന്‍ മാറ്റി വച്ചിരിക്കുകയാണ്. ഇതാണ് രവി ശങ്കര്‍ പ്രസാദ് ചൂണ്ടിക്കാണിച്ചത്.
സുപ്രീം കോടതിയിലെ നിയമനടപടികള്‍ പൂര്‍ത്തിയായതിന് ശേഷം ഭരണഘടനാ ഭേദഗതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന സൂചന. വര്‍ഷങ്ങളായി നിയമയുദ്ധം നടന്നുവരുന്ന രാമജന്മഭൂമി വിഷയത്തിലും ഇതേ നിലപാടാണ് സര്‍ക്കാരിനുള്ളത്. ശബരിമല കോടതിയിലാണെന്നിരിക്കെ ആശയക്കുഴപ്പമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിഷയം കോണ്‍ഗ്രസ് അംഗങ്ങള്‍ പാര്‍ലമെന്റിലേക്ക് വലിച്ചിഴച്ചത്. നിയമന്ത്രിയുടെ മറുപടി തെറ്റായി വ്യാഖ്യാനിച്ച് ഒരു വിഭാഗം മാധ്യമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തില്ലെന്ന് വ്യാജപ്രചാരണവും നടത്തി.
നേരത്തെ വിശ്വാസികള്‍ക്ക് ഭരണഘടനാപരമായ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് കോഴിക്കോട്ട് തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. വിശ്വാസവും ആചാരങ്ങളും സുപ്രീംകോടതിയ്ക്ക് മുമ്പാകെ കൃത്യമായി അവതരിപ്പിക്കുമെന്നും ഭരണഘടനാപരമായ സംരക്ഷണം ഉറപ്പാക്കുമെന്നും പ്രകടനപത്രികയിലും ബിജെപി ഉറപ്പ് നല്‍കിയിരുന്നു. എന്‍.കെ പ്രേമചന്ദ്രന്റെ ശബരിമല സ്വകാര്യബില്‍ അപൂര്‍ണമാണെന്നും സമഗ്രമായ നിയമനിര്‍മ്മാണമാണ് വേണ്ടതെന്നും ബിജെപി എംപി മീനാക്ഷി ലേഖി അടുത്തിടെ ലോകസഭയിലും വ്യക്തമാക്കിയിരുന്നു.
Post Your Comments