മധ്യപ്രദേശ്: കൊലപാതകക്കേസില്‍ ഉടമസ്ഥര്‍ ജയിലിലായതോടെ വളര്‍ത്തുനായയ്ക്ക് സംരക്ഷണം നല്‍കി പൊലീസുകാര്‍. മധ്യപ്രദേശിലെ ബിനയിലെ ചോട്ടി ബജാരിയ പൊലീസ് സ്റ്റേഷനിലാണ് കൊലപാതക കേസിലെ പ്രതികളുടെ വളര്‍ത്തുനായയെ പോലീസുകാര്‍ സംരക്ഷിക്കുന്നത്. ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട സുല്‍ത്താന്‍ എന്ന നായയാണ് പോലീസ് സ്‌റ്റേഷന്‍ സ്വന്തം വീടാക്കി മാറ്റിയിരിക്കുന്നത്.
സുല്‍ത്താന്റെ യജമാനന്‍ മനോഹര്‍ അഹിര്‍വാറും കുടുംബവും ബന്ധുക്കളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുകയാണ്. ബന്ധുവിന്റെ കുടുംബത്തിലെ അഞ്ച് പേരെയാണ് മനോഹറും രണ്ട് മക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയത്. സ്വത്ത് തര്‍ക്കത്തിന് പിന്നാലെയാണ് 10 വയസുള്ള കുട്ടിയെയടക്കം ഇവര്‍ ക്രൂരമായി കൊലപ്പെടുത്തിയത്. യജമാനനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് സംഘം എത്തിയപ്പോള്‍ സുല്‍ത്താന്‍ തടഞ്ഞിരുന്നു. എന്നാല്‍ തെളിവെടുപ്പിന് എത്തിയപ്പോള്‍ അവശനായി കണ്ടതോടെയാണ് പൊലീസുകാര്‍ നായയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. അവശനായിരുന്നെങ്കിലും അന്വേഷണ സംഘത്തെ ആക്രമിക്കാന്‍ ശ്രമിച്ച നായയെ ഏറെ പരിശ്രമിച്ച ശേഷമാണ് ശാന്തനാക്കാന്‍ സാധിച്ചതെന്ന് പൊലീസുകാര്‍ പറയുന്നു.
തുടക്കത്തില്‍ സഹകരിച്ചില്ലെങ്കിലും ഇപ്പോള്‍ പൊലീസ് സ്റ്റേഷന്‍ സ്വന്തം വീടാക്കി മാറ്റിയിട്ടുണ്ട് സുല്‍ത്താന്‍. പൊലീസുകാര്‍ വീടുകളില്‍ നിന്ന് കൊണ്ടുവരുന്ന ഭക്ഷണമാണ് സുല്‍ത്താന് നല്‍കുന്നത്. മനോഹറിന്റെ മറ്റ് ബന്ധുക്കളുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും ആരും നായയുടെ സംരക്ഷണം ഏറ്റെടുക്കാന്‍ മുന്നോട്ട് വരാതായതോടെയാണ് പൊലീസുകാര്‍ തന്നെ സംരക്ഷിക്കാന്‍ തീരുമാനിച്ചത്.
പൊലീസുകാര്‍ തന്നെയാണ് നായയെ കുളിപ്പിക്കുന്നതും നടക്കാന്‍ കൊണ്ടുപോവുന്നതെന്നും സ്റ്റേഷന്‍ ചാര്‍ജ്ജുള്ള തിവാരി വിശദമാക്കുന്നു. അവനെ സംരക്ഷിക്കാന്‍ യോഗ്യരായ വീട് കണ്ടെത്തിയാല്‍ മാത്രമേ നായയെ വിട്ടുനല്‍കൂവെന്നാണ് പൊലീസുകാരുടെ തീരുമാനം.
Post Your Comments