KeralaNews

കര്‍ഷകര്‍ക്ക് ആശ്വാസമായി വിള ഇന്‍ഷൂറന്‍സ് പദ്ധതി

 

കാസര്‍കോട്: വരള്‍ച്ച, വെള്ളപ്പൊക്കം, കാറ്റ് തുടങ്ങിയ പ്രകൃതിക്ഷോഭംമൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസമായി വിള ഇന്‍ഷുറന്‍സ് പദ്ധതി. വരള്‍ച്ച, മണ്ണിടിച്ചില്‍, ഉരുള്‍പ്പൊട്ടല്‍, വെള്ളപ്പൊക്കം, ഭൂമികുലുക്കം, കടലാക്രമണം, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, ഇടിമിന്നല്‍, വന്യജീവി അക്രമം, കാട്ടുതീ തുടങ്ങിയവ മൂലമുള്ള നാശനഷ്ടങ്ങള്‍ വിള ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ വരും. കായ്ഫലമുള്ള തെങ്ങ് ഒന്നിന് ഒരു വര്‍ഷത്തേക്ക് രണ്ടുരൂപയും, കായ്ഫലമുള്ള കവുങ്ങ് ഒന്നിന് ഒരുരൂപ 50 പൈസയും, ടാപ്പ് ചെയ്യുന്ന റബ്ബറിന് ഒരു വര്‍ഷത്തേക്ക് മൂന്ന് രൂപയുമാണ് പ്രീമിയം. നഷ്ടപരിഹാര തുക തെങ്ങ്, കവുങ്ങ്, റബ്ബര്‍ എന്നിവയ്ക്ക് ഒന്നിന് യഥാക്രമം 2000, 200, 1000 രൂപയാണ്. ഇന്‍ഷൂര്‍ ചെയ്യുന്നതിനായി കുറഞ്ഞത് 10 തെങ്ങുകള്‍/കവുങ്ങുകള്‍ ഉണ്ടായിരിക്കണം.

റബറാണെങ്കില്‍ കുറഞ്ഞത് 25 എണ്ണം ഉണ്ടാകണം. നട്ട് കഴിഞ്ഞ് ഒന്നു മുതല്‍ അഞ്ച് മാസത്തിനുള്ളില്‍ വാഴ ഇന്‍ഷൂര്‍ ചെയ്യണം. വാഴ ഒന്നിന് മൂന്ന് രൂപ ആണ് പ്രീമിയം. കുലച്ച ശേഷമാണ് നഷ്ടപ്പെടുന്നതെങ്കില്‍ നേന്ത്രന് 300 രൂപയും ലഭിക്കും. കപ്പവാഴ, ഞാലിപ്പൂവന്‍ എന്നിവയും ഇന്‍ഷൂര്‍ ചെയ്യാം.കുലയ്ക്കാത്ത വാഴയ്ക്കും നഷ്ടപരിഹാരമുണ്ട്. 25 സെന്റ് സ്ഥലത്ത് നെല്‍കൃഷിക്ക് 25 രൂപ മാത്രമാണ് പ്രീമിയം. നട്ട് 15 ദിവസം കഴിഞ്ഞ് 45 ദിവസത്തിനുള്ളില്‍ നെല്ല് ഇന്‍ഷൂര്‍ ചെയ്യണം. നട്ട് ഒന്നര മാസത്തിനുള്ളിലാണ് നഷ്ടം സംഭവിക്കുന്നതെങ്കില്‍ 25 സെന്റിന് 1500 രൂപയും 45 ദിവസത്തിന് ശേഷമാണെങ്കില്‍ 3500 രൂപയും നഷ്ടപരിഹാരം ലഭിക്കും.

ജില്ലയിലെ മുഴുവന്‍ കൃഷി ഭവനുകളിലും വിള ഇന്‍ഷൂറന്‍സ് ദിനം ആചരിച്ചു. മുഴുവന്‍ കര്‍ഷകരെയും വിള ഇന്‍ഷൂറന്‍സ് പദ്ധതിയിക്ക് കീഴില്‍ കൊണ്ടുവരുന്നതിനായി ഈ മാസം ഒന്നു മുതല്‍ രണ്ടാഴ്ച ഇന്‍ഷൂറന്‍സ് പക്ഷാചരണം കൊണ്ടാടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button