
തിരുവനന്തപുരം: തിരുവനന്തപുരം, ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ ഹൃദയ ശസ്ത്രക്രിയ പ്രതിസന്ധിയിലാകുന്നു. ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിര്‍ത്തിയതാണ് ഇതിന് കാരണം. തിരുവനന്തപുരത്ത് ഇരുപത് കോടിയും ആലപ്പുഴയില്‍ പതിനഞ്ച് കോടിയും കുടിശിക ഉണ്ടായതിനേത്തുടര്‍ന്നാണ് കമ്പനികള്‍ ഉപകരണങ്ങളുടെ വിതരണം നിര്‍ത്തിയത്. കോടികള്‍ കുടിശിക വരുന്നതിന് കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്നാണ് വിതരണക്കാരുടെ ആരോപണം.
സൗജന്യ ചികിത്സാ പദ്ധതിയില്‍പ്പെടുത്തി രോഗികള്‍ക്ക് നല്കുന്ന സ്റ്റെന്റ്, പേസ്‌മേക്കര്‍, അനുബന്ധ ഉപകരണങ്ങള്‍ ഇവയുടെയെല്ലാം വിതരണം ഇപ്പോള്‍ നിലച്ചിരിക്കയാണ്. ഒരാഴ്ചയ്ക്കുള്ള സ്റ്റോക്ക് മാത്രമാണ് ബാക്കിയുള്ളത്. കഴിഞ്ഞ മാസം 28 മുതല്‍ തന്നെ സ്റ്റോക്ക് നല്‍കുന്നത് കമ്പനികള്‍ നിര്‍ത്തിയിരുന്നു. മുന്‍പ് കോഴിക്കോട് മെഡിക്കല്‍ കോളേജിലും ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിറുത്തിയതോടെ ഹൃദയ ശസ്ത്രക്രിയ മുടങ്ങിയിരുന്നു. എന്നാല്‍ കുടിശ്ശിക ഉടന്‍ നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതോടെ ഇവിടേക്കുള്ള മരുന്നിന്റേയും സ്റ്റെന്റിന്റേയും വിതരണം പുനരാരഭിക്കുകയായിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി വിതരണ കമ്പനികള്‍ക്ക് 22 കോടിയും ആലപ്പുഴ മെഡിക്കല്‍ കോളജ് ആറ് കോടിയും നല്കാനുണ്ടെന്നാണ് ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസം നിയമസഭയെ രേഖാമൂലം അറിയിച്ചത്.
ബില്ലുകള്‍ പാസാക്കുന്നതില്‍ വലിയ കാലതാമസം ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നും വിതരണക്കാര്‍ പറയുന്നു. കുടിശിക നല്‍കാത്തതിനാല്‍ കഴിഞ്ഞ ജൂണിലും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിതരണം നിലച്ചിരുന്നു. കാരുണ്യ ചികിത്സാ പദ്ധതിയുടെ തുക 2018 ജൂണ്‍ മുതലും ആര്‍എസ്ബിവൈ പദ്ധതിയുടെ തുക ഡിസംബര്‍ മുതലും കുടിശികയാണ്. ഇന്‍ഷുറസ് കമ്പനിയായ റിലയന്‍സ് തുക നല്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
Post Your Comments