ന്യൂഡല്‍ഹി: സ്ത്രീകളുടെ ജോലിസമയം രാവിലെ 6നും വൈകിട്ട് 7നും ഇടയ്ക്കുള്ള സമയത്ത് മാത്രമേ ആകാവൂ എന്നു ശുപാര്‍ശ. കേന്ദ്ര കാബിനറ്റ് അംഗീകരിച്ച തൊഴിലിടങ്ങളിലെ സുരക്ഷ സംബന്ധിച്ച തൊഴില്‍ ചട്ടത്തിലാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്. വൈകുന്നേരം 7 മണി കഴിഞ്ഞും സ്ത്രീകള്‍ക്ക് ജോലിയെടുക്കേണ്ട സാഹചര്യം ഉണ്ടായാല്‍ അവരുടെ പൂര്‍ണ സുരക്ഷ തൊഴിലുടമ ഉറപ്പാക്കണം എന്നാണ് നിബന്ധന. വനിതാ ജീവനക്കാരെ അവധി ദിനങ്ങളില്‍ ജോലിക്കു വിളിക്കേണ്ടി വന്നാലും സുരക്ഷ ഉറപ്പാക്കാനുള്ള ചുമതല തൊഴിലുടമയ്ക്ക് ഉണ്ട്.
നിലവിലുള്ള 44 കേന്ദ്ര തൊഴില്‍ നിയമങ്ങളിലെ പ്രസക്ത ഭാഗങ്ങള്‍ ചേര്‍ത്ത് 4 തൊഴില്‍ ചട്ടങ്ങളാണ് രൂപീകരിക്കുന്നത്: 1. വേതനം, 2. വ്യവസായ ബന്ധങ്ങള്‍, 3. സാമൂഹിക സുരക്ഷയും ക്ഷേമവും, 4. തൊഴിലിടങ്ങളിലെ സുരക്ഷ – ആരോഗ്യ, സാഹചര്യങ്ങള്‍. ഇത് സംബന്ധിച്ച ചട്ടം നിയമ മന്ത്രാലയം പരിശോധിക്കുകയാണിപ്പോള്‍.
തൊഴിലാളിയുടെ രക്ഷിതാക്കള്‍ക്കൊപ്പം ചികിത്സാ ആനുകൂല്യങ്ങള്‍ അവരുടെ മുത്തച്ഛനും മുത്തശ്ശിക്കും കൂടി ഉറപ്പാക്കണം. ഓവര്‍ടൈം മാസം 125 മണിക്കൂറില്‍ കൂടരുത് എന്നും നിര്‍ദ്ദേശമുണ്ട്. കുട്ടികള്‍ക്ക് ക്രഷ് സൗകര്യം, കന്റീന്‍, ഫസ്റ്റ് എയ്ഡ് സൗകര്യം എന്നിവ ഉണ്ടായിരിക്കണം, സ്ഥാപനത്തില്‍ വെല്‍ഫെയര്‍ ഓഫീസര്‍ ഉണ്ടാകണം എന്നും നിബന്ധനയുണ്ട്.
Post Your Comments