കൊച്ചി: പീരുമേട് വില്ലേജിലെ പഴയ സര്‍വെ രേഖകളില്‍ പാഞ്ചാലിമേട്ടില്‍ ഭുവനേശ്വരി ക്ഷേത്രമുള്‍പ്പെടെ നാല് ക്ഷേത്രങ്ങളുണ്ടായിരുന്നതായി ദേവസ്വം ബോര്‍ഡ് കോടതിയിൽ അറിയിച്ചു. പാഞ്ചാലിമേട്ടില്‍ അനധികൃതമായി സ്ഥാപിച്ച കുരിശുകള്‍ നീക്കണമെന്നാവശ്യപ്പെട്ട് കുപ്പക്കയം സ്വദേശി ജി. അരുണ്‍ലാല്‍ നല്‍കിയ ഹര്‍ജിയിലാണ് ദേവസ്വം ബോര്‍ഡ് വിശദീകരണം നൽകിയത്. ഇതു സംബന്ധിച്ച് കൂടുതൽ വ്യക്തതയ്ക്കായി ഇടുക്കി പാഞ്ചാലിമേട്ടിലെ വിവാദ ഭൂമിയുമായി ബന്ധപ്പെട്ട് കൈവശമുള്ള എല്ലാ രേഖകളും ഹാജരാക്കാന്‍ സംസ്ഥാന സര്‍ക്കാരിനും, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ഹൈക്കോടതി കത്തയച്ചു.
ജസ്റ്റിസ് സി.ടി. രവികുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിര്‍ദേശം. ഭൂമിയുടെ രേഖകള്‍ കൈവശമുണ്ടെങ്കില്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരനോടും കോടതി നിര്‍ദേശിച്ചു. ഹര്‍ജി ഈ മാസം അവസാനം വീണ്ടും പരിഗണിക്കും. നേരത്തെ ഹര്‍ജി പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് കുരിശുകള്‍ സ്ഥാപിച്ചത് സര്‍ക്കാര്‍ ഭൂമിയിലാണോ ദേവസ്വം ഭൂമിയിലാണോ എന്നറിയിക്കാന്‍ നിര്‍ദേശിച്ചിരുന്നു. തിങ്കളാഴ്ച ഹര്‍ജി പരിഗണിക്കുമ്പോള്‍ ഇതു റവന്യൂ ഭൂമിയാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി. ഏത് ഭൂമിയായാലും നടപടി വേണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു
എബ്രഹാം ജോര്‍ജ് കള്ളിവയലിന്റെ പക്കല്‍ നിന്ന് പാഞ്ചാലിമേട്ടില്‍ 144 ഏക്കര്‍ 55 സെന്റ് അധിക ഭൂമി 1976ല്‍ ഏറ്റെടുത്തിരുന്നെന്ന് സര്‍ക്കാര്‍ പറഞ്ഞു. സെറ്റില്‍മെന്റ് രജിസ്റ്ററില്‍ വഞ്ഞിപ്പുഴ മഠത്തിന്റെയാണ് ഭൂമിയെന്നും ബി.ടി.ആറില്‍ (ബേസിക് ടാക്‌സ് രജിസ്റ്റര്‍) എബ്രഹാം ജോര്‍ജ് കള്ളിവയലിന്റെയാണെന്നും പറയുന്നു. ക്ഷേത്രം ഉണ്ടായിരുന്നോയെന്നതിന് രേഖകള്‍ പരിശോധിക്കേണ്ടി വരുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
Post Your Comments