ലി-അയേണ്‍സ് ഇലക്ട്രിക് പ്രൈവറ്റ് ലിമിറ്റഡിന്റെ ഇലക്ട്രിക്ക് സ്‌കൂട്ടറായ സ്‌പോക്ക് വിപണിയിലെത്തി. ഹൈ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറായ സ്പോക്കാണ് കമ്പനിയുടെ ആദ്യ മോഡല്‍. ഇന്ധന സ്‌കൂട്ടറുകളില്‍ നിന്ന് വ്യത്യസ്തമായ രൂപത്തിലാണ് സ്പോക്ക്. കേന്ദ്ര സര്‍ക്കാറിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് ചുവടുപിടിച്ചാണ് സ്പോക്ക് വിപണിയിലേക്കെത്തുന്നതെന്ന് ലി-അയേണ്‍സ് ഇലക്ട്രിക് ഡയറക്ടര്‍ ക്യാപ്റ്റന്‍
ഗുര്‍വീന്ദര്‍ സിങ് വ്യക്തമാക്കി.
പുറത്തേക്ക് തള്ളി നില്‍ക്കുന്ന ഹെഡ്ലൈറ്റ്, അതിനോട് ചേര്‍ന്ന ഇന്‍ഡികേറ്റര്‍, ബൈക്കുകളിലേതിന് സമാനമായ ഹാന്‍ഡില്‍ ബാര്‍, താഴ്ന്ന സീറ്റ്, വലിയ ഫൂട്ട് സ്പേസ്, ട്രെന്റി ടെയില്‍ ലാമ്പ്, 12 ഇഞ്ച് വീല്‍ തുടങ്ങിയവയാണ് സ്പോക്കിന്റെ പ്രധാന പ്രത്യേകത. പിന്നില്‍ ചെറിയ കാര്‍ഗോ ബോക്സ് ഫാക്ടറി ഫിറ്റഡ് ഓപ്ഷനായും സ്പോക്കില്‍ ലഭിക്കും.
2.9 kWh ലിഥിയം അയേണ്‍ ബാറ്ററിയും ബിഎല്‍ഡിസി ഹബ് മോട്ടോറുമാണ് വാഹനത്തിന്റെ ഹൃദയം. തുടര്‍ച്ചയായി 1.2 kW കരുത്തും പരമാവധി 2.1 kW കരുത്തും സ്പോക്കില്‍ ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. ഒറ്റചാര്‍ജില്‍ 50-130 കിലോമീറ്റര്‍ സ്പോക്കില്‍ സഞ്ചരിക്കാന്‍ സാധിക്കും. എക്കണോമി മോഡിലാണ് 130 കിലോമീറ്റര്‍ ദൂരം പിന്നിടുക. പവര്‍ മോഡില്‍ 100 കിലോമീറ്ററും സഞ്ചരിക്കാം. മണിക്കൂറില്‍ 45 കിലോമീറ്ററാണ് പരമാവധി വേഗത. ആവശ്യാനുസരണം എടുത്ത് മാറ്റാവുന്ന ബാറ്ററി നാല് മണിക്കൂറിനുള്ളില്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യാം. 1200 ചാര്‍ജിങ് സൈക്കിള്‍ വരെ ബാറ്ററി ഈട് നില്‍ക്കുമെന്നും
കമ്പനി പറയുന്നു. സുഖകരമായ യാത്രയ്ക്ക് ടെലസ്‌കോപ്പിക് ഹൈഡ്രോളിക്ക് ഫോര്‍ക്കാണ് സ്പോക്കിലെ സസ്പെന്‍ഷന്‍. ജിപിഎസ്, യുഎസ്ബി ചാര്‍ജിങ് സൗകര്യവും സ്‌കൂട്ടറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
വൈറ്റ്, ബ്ലാക്ക്, റെഡ്, ഗ്രീന്‍, ബ്ലൂ, യെല്ലോ എന്നീ ആറ് നിറങ്ങളില്‍ വാഹനം ലഭ്യമാകും. ആതര്‍ ഇലക്ട്രിക്, ഒഖിനാവ എന്നിവയുടെ ഇ-സ്‌കൂട്ടറുകളാണ് സ്‌പോക്കിന്റെ പ്രധാന എതിരാളികള്‍.65,000 മുതല്‍ 99,999 രൂപ വരെയായിരിക്കും വാഹനത്തിന്റെ ഓണ്‍റോഡ് വില. സ്‌കൂട്ടറിന്റെ ബുക്കിങ് കമ്പനി ആരംഭിച്ചു കഴിഞ്ഞു. ജൂലായ് മുതല്‍ വാഹനം ഉപഭോക്താക്കള്‍ക്ക് കൈമാറി തുടങ്ങും.
Post Your Comments