കോട്ടയം: കേരളാ രാഷ്ട്രീയത്തിലെ പകരംവയ്ക്കാനില്ലാത്ത നേതാവായിരുന്ന കെ എം മാണിയുടെ മനസ്സില്‍ പിറന്ന പദ്ധതിയായിരുന്നു കാരുണ്യ ബെനവലന്റ് പദ്ധതി. പാവപ്പെട്ടവര്‍ക്കിടയില്‍ മാണിയെ ജനപ്രിയനാക്കിയ പദ്ധതിയായിരുന്നു ഇത്. നിരവധി പാവപ്പെട്ടവര്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകുകയും ചെയ്തു. എന്നാല്‍ മാണിയുടെ മരണത്തോടെ പദ്ധതി പൂട്ടിക്കെട്ടിയിരിക്കുകയാണ് ഈ സര്‍ക്കാര്‍. കാരുണ്യ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തലാക്കിയതു ലോട്ടറി വിതരണ മേഖലയെ പ്രതിസന്ധിയിലാക്കുമെന്നു സൂചന. ‘ചൂതാട്ട’മാണു ലോട്ടറി വിതരണമെന്നു പരക്കെ ആക്ഷേപം ഉയര്‍ന്നിരുന്ന സമയത്ത് രോഗികളെ സഹായിക്കാനുളള പദ്ധതിയുടെ ഭാഗമായി കാരുണ്യ ലോട്ടറി അവതരിപ്പിച്ചതോടെയാണ് ലോട്ടറി വ്യാപാരത്തിന് കാരുണ്യമുഖം കൈവന്നത്.
ആയിരക്കണക്കിന് സാധുക്കള്‍ക്ക് ആശ്രയമാകുന്ന പദ്ധതിയാണ് ഇതോടെ ഇല്ലാതാകുന്നത്. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ മതി ഇനി ചികിത്സാനുകൂല്യങ്ങള്‍ എന്നാണ് തീരുമാനമെന്നറിയുന്നു. പദ്ധതിക്കായി ജില്ലാ ലോട്ടറി ഓഫിസുകളില്‍ അപേക്ഷ സ്വീകരിക്കുന്നത് ഇന്നു നിര്‍ത്തും. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2011-12 വര്‍ഷത്തെ ബജറ്റില്‍ അന്നത്തെ ധനമന്ത്രി കെ.എം.മാണിയാണ് സ്വപ്ന പദ്ധതിയായി കാരുണ്യ കൊണ്ടുവന്നത്. സംസ്ഥാന ഭാഗ്യക്കുറിക്കും പ്രതിച്ഛായത്തിളക്കം നല്കിയ പദ്ധതിയില്‍ ഒട്ടേറെ പാവപ്പെട്ട രോഗികള്‍ക്ക് കോടിക്കണക്കിനു രൂപയുടെ ചികിത്സാനുകൂല്യം ലഭിച്ചിരുന്നു.
കാന്‍സര്‍, ഹൃദ്രോഗം, വൃക്ക, കരള്‍ രോഗം തുടങ്ങിയവ ബാധിച്ച പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സാ ചെലവുകള്‍ താങ്ങാന്‍ പറ്റാത്ത സാഹചര്യം ഉണ്ടായതിനെ തുടര്‍ന്നാണ് കാരുണ്യ തുടങ്ങിയത്.ബിപിഎല്‍ വിഭാഗത്തില്‍ പെട്ടവര്‍ക്കും പ്രതിവര്‍ഷം 3 ലക്ഷം രൂപവരെ വരുമാനമുള്ള എപില്ലുകാര്‍ക്കും ആയിരുന്നു ആനുകൂല്യം. അത്യാവശ്യ ഘട്ടങ്ങളില്‍ രോഗിക്കു 24 മണിക്കൂറിനകം 2 ലക്ഷം രൂപവരെ ചികിത്സാനുകൂല്യം ലഭിച്ചതും നേട്ടമായിരുന്നു. സര്‍ക്കാരിനു ഒരു സാമ്പത്തിക ബാധ്യതയും ഇല്ലാതെ ലോട്ടറി ടിക്കറ്റ് വരുമാനം വഴിയായിരുന്നു ആനുകൂല്യം നല്‍കിയിരുന്നത്.
ചികിത്സിക്കുന്ന ഡോക്ടറുടെ റിപ്പോര്‍ട്ടനുസരിച്ച് ജില്ലാ തല സമിതിയുടെ ശുപാര്‍ശ പ്രകാരം ഫണ്ട് രേഖപ്പെടുത്തി തിരുവനന്തപുരത്ത് കാരുണ്യ ബെനവലന്റ് ഫണ്ട് ആസ്ഥാനത്തേക്ക് റിപ്പോര്‍ട്ട് നല്കിയാല് തുക ബന്ധപ്പെട്ട ആശുപത്രിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കു ഉടന്‍ എത്തുന്ന തരത്തില്‍ സുതാര്യമായിരുന്നു പദ്ധതി. ഒടുവില്‍ മരണശയ്യയില്‍ കിടക്കുമ്പോള്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലും കാരുണ്യപദ്ധതിയെ നശിപ്പിക്കരുതെന്ന അഭ്യര്‍ത്ഥനയായിരുന്നു. മാര്‍ച്ച് 28നാണ് കാരുണ്യയ്ക്കെതിരായ നീക്കം ഉപേക്ഷിക്കണമെന്ന് സംസ്ഥാനസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച് വാര്‍ത്താകുറിപ്പിറക്കിയത്.
കഴിഞ്ഞ ബഡ്ജറ്റിനെതിരെ കെ.എം.മാണി നിയമസഭയിലും പുറത്തും ഏറ്റവും കൂടുതല്‍ വിമര്‍ശനം ഉന്നയിച്ചതും കാരുണ്യയെ നശിപ്പിക്കുന്നുവെന്ന ദുഃഖം പ്രകടിപ്പിച്ചായിരുന്നു. കാരുണ്യ പദ്ധതി പ്രഖ്യാപിക്കുന്നതിന് മുമ്പ് മൊത്തവിതരണക്കാരും ഏജന്റുമാരുമായി അറുപത്തിയയ്യായിരം പേരാണ് ലോട്ടറി വില്പന മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നത്. കാരുണ്യ പദ്ധതിക്കു ശേഷം ഇപ്പോള്‍ മൂന്നു ലക്ഷം പേരാണ് ലോട്ടറി വില്പന മേഖലയില്‍ ജോലിചെയ്യുന്നത്.
മാത്രമല്ല 2012-ല്‍ ലോട്ടറിയില്നിന്നുളള വാര്‍ഷിക വിറ്റുവരവ് 550 കോടിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ലോട്ടറിയുടെ വാര്‍ഷിക വിറ്റുവരവ് 1,200 കോടിയായി ഉയര്‍ന്നു.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന ആയുഷ്മാന്‍ ഭാരത് കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി സംസ്ഥാനത്തും നടപ്പാക്കുന്നതിന്റെ ഭാഗമായാണ് കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം.
Post Your Comments