ന്യൂഡല്‍ഹി: ബി.ജെ.പി എം.എല്‍.എ കൈലാഷ് വിജയ്‌വര്‍ഗിയയുടെ മകന്‍ ആകാശ് വിജയ്‌വര്‍ഗിയ മുനിസിപ്പല്‍ ഓഫീസ് ജീവനക്കാരനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് ആക്രമിച്ചെന്ന ആരോപണത്തിൽ ക്ഷുഭിതനായി പ്രധാനമന്ത്രി നരേന്ദ്രമോദി .പാര്‍ട്ടിയുടെ പ്രതിഛായ മോശമാക്കാന്‍ ഒരു നേതാവിനെയും അനുവദിക്കില്ല. ആരുടെ മകനാണെന്നത് വിഷയമല്ല, ആരുടെ മകനായാലും സ്വഭാവദൂഷ്യം വച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്നും മോദി പറഞ്ഞു. ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലായിരുന്നു മോദിയുടെ വിമര്‍ശനം.
‘സംഭവത്തിന് പിന്നിൽ ആരുടെ മകനാണെന്ന് എനിക്ക് പ്രശ്‌നമില്ല, അത് തികച്ചും അനാവശ്യവും സ്വീകാര്യവുമല്ലെന്നും ജനങ്ങളെ സേവിക്കുക എന്ന ജോലിയാണ് ഒരു എം.പിയെന്ന നിലയില്‍ അംഗങ്ങള്‍ക്കുള്ളതെന്നും പ്രധാനമന്ത്രി മോദി പാർട്ടി യോഗത്തിൽ ബിജെപി എംപിമാരോട് പറഞ്ഞു. ആകാശ് വിജയവർഗിയ ജയിലിൽ നിന്ന് മോചിതനായപ്പോൾ തോക്കുമായി സ്വാഗതം ചെയ്യാൻ പോയവരെയും പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഏതു വലിയ നേതാവായാലും പ്രധാനമന്ത്രിയുടെ ഒരു വ്യക്തമായ സന്ദേശമാണെന്ന് യോഗത്തിനു ശേഷം ബിജെപി എംപി രാജീവ് പ്രതാപ് റൂഡി പറഞ്ഞു.
അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് ബി.ജെ.പി നേതാവിന്റെ മകന്‍ ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചത്. സംഭവത്തില്‍ ജൂണ്‍ 26ന് ആകാശിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ‘ഇതാണ് ബി.ജെ.പിയുടെ രീതി. ആദ്യം അപേക്ഷിക്കും, പിന്നെ ആക്രമിക്കും. തന്റെ നടപടിയില്‍ ഒട്ടും ഖേദമില്ല. അത് സ്വയരക്ഷയുടെ ഭാഗമാണെന്നുമാണ് ‘ആകാശ് ഇതേകുറിച്ച് പ്രതികരിച്ചത്. ശനിയാഴ്ച ജാമ്യം നേടി പുറത്തിറങ്ങിയ സമയത്ത് ആകാശിന്റെ ആഘോഷങ്ങളും വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. രണ്ടു പേരുടെയും ഭാഗത്ത് കുറ്റമുണ്ടെന്നായിരുന്നു പിതാവ് കൈലാഷ് വിജയ്‌വര്‍ഗിയ പ്രതികരിച്ചത്.
Post Your Comments