പട്ന : ബീഹാറില്‍ കടുത്ത വരള്‍ച്ച ഭീഷണി വര്‍ധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍. വരാനിരിക്കുന്ന പ്രതിസന്ധി നേരിടാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നിയമസഭയിലെ ഇരുസഭകളിലെയും അംഗങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു.
മസ്തിഷ്‌ക ജ്വരം ബാധിച്ച് 150 ലേറെ കുട്ടികള്‍ മരിച്ചതുമായി ബന്ധപ്പെട്ട് സഭയില്‍ നടന്ന അടിയന്തരപ്രമേയ ചര്‍ച്ചയില്‍ ഇടപെട്ടുകൊണ്ടായിരുന്നു നിതീഷ് കുമാര്‍ വരള്‍ച്ചയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. ശാസ്ത്രജ്ഞര്‍ പറയുന്നതനുസരിച്ചല്ല താന്‍ നീങ്ങുന്നതെന്നും ബീഹാര്‍ കടുത്ത വരള്‍ച്ചയിലേക്ക് കടക്കുകയാണെന്നാണ് തന്റെ സ്വന്തം അനുഭവം പറയുന്നതെന്നും വ്യക്തമാക്കിയ മുഖ്യമന്ത്രി ഇക്കാര്യം ഗൗരവത്തോടെ ചര്‍ച്ച ചെയ്യാന്‍ അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ഓരോ നിയമസഭാ സാമാജികനും തന്റെ നിയോജകമണ്ഡലവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പങ്കുവെക്കുകയും നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരുകയും ചെയ്യണമെന്നും നിതീഷ് കുമാര്‍ അഭ്യര്‍ത്ഥിച്ചു. അങ്ങനെ മാത്രമേ വരാനിരിക്കുന്ന പ്രതിസന്ധിയെ നേരിടാന്‍ നമുക്ക് കഴിയൂ എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വെള്ളവും വൈദ്യുതിയും പാഴാക്കുന്നതിനെക്കുറിച്ചും അദ്ദേഹം സഭയില്‍ സംസാരിച്ചു. സംസ്ഥാനത്തെ എല്ലാ പൗരന്മാര്‍ക്കും ആവശ്യമായ വൈദ്യുതിയും ജലവിതരണവും ഉറപ്പുവരുത്തുന്നതിനായി തന്റെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും എന്നാല്‍ പാഴായ ഉപഭോഗം കാരണം ശ്രമങ്ങള്‍ വെറുതെയാകാമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Post Your Comments