പലപ്പോഴും കുഞ്ഞുങ്ങളുടെ ആരോഗ്യകാര്യത്തിൽ അച്ഛനമ്മമാർക്ക് സംശയങ്ങൾ ഏറെയുണ്ടാകും, ഇതിൽ പ്രധാനമായും ഉയർന്ന് വരുന്നതാണ് കുഞ്ഞുങ്ങൾക്ക് ഉച്ചയുറക്കം നിര്‍ബന്ധമാണോ എന്നത്? ആണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അമേരിക്കയിലെ പെന്‍സില്‍വാനിയ സര്‍വകലാശാലയിലെയും കലിഫോര്‍ണിയ സര്‍വകലാശാലയിലെയും ഗവേഷകരാണ് കുട്ടികളിലെ ഉച്ചയുറക്കം അവരുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനു നല്ലതാണെന്നു പറയുന്നത്.
ഇത്തരത്തിൽ പതിവായി ഉച്ചയ്ക്ക് മയങ്ങുന്ന കുട്ടികളില്‍ സന്തോഷം, ഉന്മേഷം, കൂടിയ ഐക്യൂ എന്നിവ ഉണ്ടാകുമെന്നും അവര്‍ പറയുന്നു. മാത്രമല്ല അങ്ങനെയുള്ള കുഞ്ഞുങ്ങള്‍ക്ക് പെരുമാറ്റവൈകല്യങ്ങളും കുറവായിരിക്കുമത്രേ. സ്‌ലീപ് ജേണലില്‍ ഇതുസംബന്ധിച്ച് പഠനവും പ്രസിദ്ധീകരിച്ചിരുന്നു. 10-12 വയസ്സിനിടയിലെ മൂവായിരത്തോളം കുട്ടികളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍.
കുഞ്ഞുങ്ങൾ ആഴ്ചയില്‍ മൂന്നോ അതിലധികമോ കൂടുതല്‍ തവണ ഉച്ചമയക്കം ശീലിച്ച കുട്ടികള്‍ അവരുടെ അക്കാഡമിക് മികവില്‍ 7.6%മുന്നില്‍ നില്‍ക്കുന്നതായി കണ്ടെത്തി. പ്രിസ്കൂള്‍ മുതല്‍ ചെറിയ ക്ലാസ്സുകളില്‍ പഠിക്കുന്ന പലനാടുകളിലെ കുട്ടികളെ നിരീക്ഷിച്ചു കൊണ്ടായിരുന്നു ഈ പഠനം അധികവും നടന്നത്. അമേരിക്കയില്‍ ചെറിയ ക്ലാസ്സുകള്‍ കഴിഞ്ഞാല്‍ കുട്ടികളെ ഉച്ചയ്ക്ക് ഉറക്കുന്ന ശീലം നന്നേ കുറവായിട്ടാണ് കണ്ടുവരുന്നത്. അതേസമയം ചൈനയില്‍ മുതിര്‍ന്ന കുട്ടികളെ പോലും ഉച്ചയ്ക്ക് ഉറങ്ങാന്‍ അനുവദിക്കാറുണ്ട്.
പഠനത്തിനായി മൂവായിരത്തിനടുത്ത് കുട്ടികളില്‍ നടത്തിയ പഠനത്തില്‍ അവരുടെ ഉറക്കസമയത്തിനൊപ്പം ഈ കുട്ടികള്‍ ഒരല്‍പം മുതിര്‍ന്ന ക്ലാസ്സുകളില്‍ ആയ ശേഷമുള്ള അവരുടെ പ്രകടനം, പെരുമാറ്റം, ബുദ്ധിശക്തി എന്നിവയെ പറ്റിയും ഗവേഷകര്‍ വിലയിരുത്തിയിരുന്നു. ഇതില്‍ നിന്നാണ് ഇങ്ങനെയൊരു നിഗമനത്തിലേക്ക് ഗവേഷകര്‍ എത്തിയത്. ഉച്ചയുറക്കം കുഞ്ഞുങ്ങള്‍ക്ക് എന്തുകൊണ്ടും നല്ലതാണ്.
Post Your Comments