Latest NewsArticleKerala

‘നാന്‍ പെറ്റ മകനേ’യെന്ന ഹൃദയം പൊട്ടിയ ആര്‍ത്തനാദം മാര്‍ക്കറ്റ് ചെയ്യപ്പെടുമ്പോള്‍ മറന്നുപോകരുത് നിലാവ് പോലെ ചിരിച്ച ഒരുവനെ!

അഞ്ജു പാര്‍വ്വതി പ്രഭീഷ്

ഇന്ന് എസ്എഫ്‌ഐയെന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെ ജീവനില്‍ ആവാഹിച്ചൊരുവന്റെ ഓര്‍മ്മ ദിവസം.പതിവുപോലെ അനുസ്മരണയോഗങ്ങളും തൊണ്ടപൊട്ടുമാറുച്ചത്തില്‍ അമരത്വമുദ്രാവാക്യങ്ങളുമുണ്ട്. മുഖപുസ്തകഭിത്തിയിലെങ്ങും ഓര്‍മ്മക്കുറിപ്പുകളായും പ്രൊഫൈല്‍ പിക്ചറുകളായും ആ മുഖം നിലാവ് പരത്തി ചിരിച്ചുനില്ക്കുന്നുമുണ്ട്.പക്ഷേ!

അഭിമന്യുവിനെ കുത്തിവീഴ്ത്തിയ രണ്ടു പ്രതികള്‍ ഈ ഒരുവര്‍ഷത്തിനു ശേഷവും എവിടെയെന്ന ചോദ്യം ആഭ്യന്തരവകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിയോട് ചോദിക്കാനുള്ള ആര്‍ജ്ജവം സഖാക്കളില്‍ എത്രപേര്‍ക്കുണ്ട് എന്നതിലാണ് ആ ചിരിക്കുന്ന മുഖത്തോടുള്ള ആത്മാര്‍ത്ഥ വെളിവാക്കപ്പെടേണ്ടത്! ഊരിപ്പിടിച്ച വാള്‍ത്തലപ്പുകള്‍ക്കിടയിലൂടെയും ചെഞ്ചോരപ്പുഴകളിലൂടെയും സധീരം നടന്നുനീങ്ങിയ വിപ്ലവസിംഹം ഭരിക്കുകയും ആഭ്യന്തരം കയ്യാളുകയും ചെയ്യുന്ന നമ്പര്‍ 1 നാട്ടില്‍,ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം ജീവവായുവാക്കിയ ഒരു സഖാവ് മഹാരാജാസെന്ന വിപ്ലവസമരാഗ്‌നി സിരകളിലാവാഹിച്ച കലാലയത്തിനുള്ളില്‍ വര്‍ഗ്ഗീയവാദികളുടെ കുത്തേറ്റുപിടഞ്ഞിട്ടു ഒരുവര്‍ഷമായിട്ടും മുഴുവന്‍ പ്രതികളെയും പിടിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്?

abhimanyu

പതിനാറുപ്രതികളുള്ള ഈ കൊലപാതകക്കേസില്‍ അഭിമന്യുവിനെ കുത്തിയ പനങ്ങാട് സ്വദേശി സഹലും ഷഹീമുമാണ് പിടിയിലാകാനുള്ളവര്‍. അവരെവിടെയാണെന്ന് അന്വേഷണമികവില്‍ നമ്പര്‍ 1 സ്ഥാനം അലങ്കരിക്കുന്ന കേരളാപോലീസിനു പറയാനാകുന്നില്ല.ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഏതൊക്കെ പത്രമാധ്യമങ്ങളില്‍ ഇവരുടെ പടമുള്ള ലുക്ക് ഔട്ട് നോട്ടീസ് അച്ചടിച്ചുവന്നിട്ടുണ്ടെന്നു പറയാമോ സഖാക്കളെ?

‘നാന്‍ പെറ്റ മകനേ’യെന്നുള്ള ഒരമ്മയുടെ ഹൃദയംപൊട്ടിയുള്ള നിലവിളിയെ മാര്‍ക്കറ്റ് ചെയ്തുകൊണ്ട് സിനിമ ഇറക്കി! അവന്റെ ദുരിതവും ഇല്ലായ്മകളും പരമാവധി ഹൈലൈറ്റ് ചെയ്തുക്കൊണ്ട് ആ ഒറ്റമുറിവീടിനെ മറയാക്കി കോടികളുടെ ബക്കറ്റ്പിരിവ് നടത്തി!അഭിമന്യു രക്തസാക്ഷി ഫണ്ടിലേക്ക് ലഭിച്ചത് 3,10,74,887 രൂപ.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ അറിയിച്ചതാണ് ഈ കണക്ക്.അതില്‍ ആ കുടുംബത്തിനായി എത്ര ചെലവഴിച്ചുവെന്ന് അറിയുമ്പോഴാണ് രക്തസാക്ഷിയുടെ ലേബലില്‍ പാര്‍ട്ടിഫണ്ടിലേയ്ക്ക് പണമൊഴുക്കുന്ന മര്‍ദ്ദിതരുടെയും ചൂഷിതരുടെയും പാര്‍ട്ടിയുടെ ഐസക്കന്‍ എക്കണോമിയുടെ അന്തര്‍ധാര വെളിവാകുന്നത്.

പാര്‍ട്ടിക്കാര്‍ വെളിപ്പെടുത്തിയ കണക്ക് ഇപ്രകാരമാണ്.’അഭിമന്യുവിന്റെ കുടുംബത്തിനായി 12,50,000 രൂപ ചെലവിട്ട് സ്ഥലം വാങ്ങി. 24,45,750 രൂപ ചെലവിട്ട് വീടു പണിതു. വട്ടവടയില്‍ നിര്‍മിച്ച വീട് കഴിഞ്ഞ ജനുവരി 14ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. അഭിമന്യുവിന്റെ ആഗ്രഹം പോലെ കഴിഞ്ഞ നവംബറില്‍ സഹോദരിയുടെ വിവാഹവും നടന്നു. സഹോദരിയുടെ വിവാഹാവശ്യത്തിന് 10 ലക്ഷം രൂപ നല്‍കി. അഭിമന്യുവിന്റെ മാതാപിതാക്കളുടെ പേരില്‍ 25 ലക്ഷം ഫിക്‌സഡ് ഡെപ്പോസിറ്റായി ബാങ്കില്‍ നിക്ഷേപിച്ചു.കണക്കൊക്കെ കിറുകൃത്യം!ഇല്ലായ്മയുടെ വറുതിയില്‍ ജീവിതം തള്ളിനീക്കിയ ഒരു കുടുംബത്തിനു മകന്റെ ജീവത്യാഗത്തിനു പാര്‍ട്ടി തല്കിയ ഔദാര്യം. അഭിമന്യുവിന്റെ പേരില്‍ 3 കോടിയിലേറെ ലഭിച്ച ധനസമാഹാരണഫണ്ടില്‍ നിന്നും വീട്ടുകാര്‍ക്ക് ലഭിച്ചത് 70ലക്ഷത്തിനടുത്ത്! ബാക്കി 2 കോടി 40 ലക്ഷം എവിടെപ്പോയി?

പക്ഷേ ന്യായീകരണവാദികളുടെ കണക്കുകള്‍ തീരുന്നില്ല! ആ രണ്ടുകോടി 40 ലക്ഷം ഇങ്ങനെയാണത്രേ വിനിയോഗിക്കുന്നത്!വട്ടവട പഞ്ചായത്ത് ഓഫീസിന് മുകളില്‍ സജ്ജീകരിച്ച അഭിമന്യു മഹാരാജാസ് ലൈബ്രറി അന്നു തന്നെ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു. വിദേശങ്ങളില്‍ നിന്നുള്‍പ്പെടെ സംഭാവനയായി ലഭിച്ച 45000 പുസ്തകങ്ങളാണ് ലൈബ്രറിയിലുള്ളത്. അഭിമന്യുവിന്റെ സ്വപ്നമായിരുന്ന പി എസ് സി കോച്ചിംഗ് സെന്ററും യാഥാര്‍ത്ഥ്യമായി. വട്ടവടയിലെ രക്തസാക്ഷി സ്മാരകത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. അമരസ്മരണകളുടെ ഒന്നാം വാര്‍ഷികത്തില്‍ എറണാകുളം കലൂര്‍-കതൃക്കടവ് റോഡില്‍ അഭിമന്യു സ്മാരകമായി ഉയരുന്ന വിദ്യാര്‍ത്ഥിസേവന കേന്ദ്രത്തിന് ചൊവ്വാഴ്ച സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ശിലയിടും. (അതായത് ഇന്ന്)വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകള്‍ക്കുള്ള പരിശീലനം, ആധുനിക ലൈബ്രറി, താമസത്തിനുള്ള ഡോര്‍മെറ്ററികള്‍, വര്‍ഗീയവിരുദ്ധ പാഠശാല എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് കേന്ദ്രം.!

Abhimanyu

പ്രസ്ഥാനത്തിനുവേണ്ടി രക്തസാക്ഷിയായ ഒരുവന്റെ പേരില്‍ സമാഹരിച്ച ധനം എത്ര സമര്‍ത്ഥമായാണ് സ്മാരകശിലയായും സ്മാരകകേന്ദ്രമായും മാറുന്നത് അഥവാ മാറ്റപ്പെടുന്നത്. ഓരോ രക്തസാക്ഷികള്‍ ഉണ്ടാകുമ്പോഴും പാര്‍ട്ടിയുടെ ബാലന്‍സ്ഷിറ്റിനു പറയാന്‍ ലാഭക്കണക്കുകള്‍ മാത്രം! നഷ്ടങ്ങള്‍ ഓരോ രക്തസാക്ഷിയുടെയും കുടുംബത്തിനു മാത്രവും! ഇവിടെയാണ് മാഹിന്‍ അബൂബക്കറെന്ന യുവാവിന്റെ പോസ്റ്റിലെ ചില വരികള്‍ പ്രസക്തമാവുന്നത്.

മാഹിന്റെ വാക്കുകള്‍ കടമെടുക്കുമ്പോള്‍-
‘നൊന്തു പെറ്റ അമ്മക്ക് വേണ്ടത് മകനെ കുറിച്ചുണ്ടാക്കിയ സിനിമയല്ല. നൂറു ബുക്ക് നിരത്തി വച്ച ലൈബ്രറി അല്ല. നിങ്ങള്‍ പണിതു കൊടുത്ത വീടല്ല, നിങ്ങളില്ലെങ്കിലും കെട്ടിച്ചയക്കുമായിരുന്ന സഹോദരിയുടെ കുടുംബജീവിതമല്ല, രാവന്തിയോളം പണിയെടുത്തു അവനെ വളര്‍ത്തിയെടുത്ത അച്ഛന് വേണ്ടത് നിങ്ങളുടെ സമ്മേളനങ്ങളിലെ സ്ഥിരം കസേരയല്ല. നിങ്ങളുടെ പാര്‍ട്ടിക്കാരന്‍ ആകുന്നതിനു മുന്‍പ്, നിങ്ങളുടെ രക്തസാക്ഷിയാകുന്നതിനും മുന്‍പ് അവര്‍ക്ക് അഭിമന്യൂ എന്നൊരു മകനുണ്ടായിരുന്നു. ഒരു കൂരയുടെ പ്രതീക്ഷ ചുമലിലേറ്റിയ ആ ചെറുപ്പക്കാരന്റെ മാതാപിതാക്കള്‍ എന്ന നിലയില്‍ അവര്‍ക്ക് വേണ്ടത് പൊന്നു കൊണ്ടുള്ള കൊട്ടാരമോ, ബാങ്ക് ബാലന്‍സിന്റെ സുരക്ഷിതത്വവുമല്ല. പകരം തന്റെ മകന്റെ ഘാതകരെ നിയമത്തിനു മുന്നില്‍ കൊണ്ട് വരിക എന്നത് മാത്രമാണ്. ആ ആവശ്യത്തോട് നീതി പുലര്‍ത്താതെ, എത്ര സിനിമ പിടിച്ചിട്ടോ, രക്തസാക്ഷി മണ്ഡപം കെട്ടിയിട്ടോ കാര്യമില്ല. ‘

പൂര്‍ണ്ണമായും നൂറുശതമാനവും യോജിക്കുന്നുണ്ട് മാഹീനോട്.ഒപ്പം ഈ വരികളുടെ ഇന്നത്തെ അവസ്ഥാന്തരത്തെ കുറിക്കാനും മുതിരുന്നു!

‘ഓരോ തുള്ളി ചോരയില്‍ നിന്നും
ഒരായിരം കോടി പിരിക്കുന്നു!
പിരിക്കുന്നു അവര്‍ വിപ്ലവമോതി
പാര്‍ട്ടിഫണ്ടില്‍ ഒഴുക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button