KeralaLatest News

ദൈവങ്ങള്‍ ചിലപ്പോള്‍ ഡോക്ടര്‍മാരുടെ രൂപത്തിലാവും അവതരിക്കുക എന്ന് ആരാണ് പറഞ്ഞത്- ഷില്‍നയുടെ കുറിപ്പ് വായിക്കേണ്ടത്

കോളേജ് അധ്യാപകനായ ഭര്‍ത്താവ് സുധാകരന്റെ വിയോഗത്തിന് ശേഷം ഐവിഎഫ് വഴി ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുത്ത ഷില്‍നയെ കുറിച്ച് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഷില്‍നയെ അഭിനന്ദിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. സുധാകരന്‍ മാഷിന്റെ മരണശേഷം ശീതികരിച്ച് സൂക്ഷിച്ച അദ്ദേഹത്തിന്റെ ബീജത്തില്‍ നിന്നാണ് ഷില്‍നയ്ക്ക് ഇരട്ടക്കുഞ്ഞുങ്ങളുണ്ടാകുന്നത്. തന്റെ ഈ വിഷമഘട്ടത്തില്‍ ഒപ്പം നിന്ന ഡോക്ടര്‍മാര്‍ക്ക് ഡോക്ടേഴ്‌സ് ദിനത്തില്‍ നന്ദി പറയുകയാണ് ഷില്‍ന.

ഷില്‍നയുടെ കുറിപ്പ് ഇങ്ങനെ

പൂര്‍ണമായും നമുക്ക് മാത്രം അവകാശപ്പെടാനാവാത്ത ചില ജീവിതങ്ങളുണ്ട്.. എന്റെ രണ്ടു പെണ്‍കുഞ്ഞുങ്ങളെ പോലെ.. കയ്യില്‍ കിട്ടുന്നത് വരെ ഇവരുടെ ജനനം ഒരു സമസ്യ മാത്രമായിരുന്നു.. ആലോചിക്കുമ്പോഴെല്ലാം കൂടുതല്‍ കൂടുതല്‍ കുരുക്കുകളിലേക്കു മനസ് ചെന്നെത്തും.. ഒരു കടങ്കഥ പകല്‍ സത്യമായി ഭവിക്കുന്നതെങ്ങനെയാവും ? വൈദ്യശാസ്ത്രമില്ലെങ്കില്‍ ഇത് പോലെ ഇവിടിരിക്കാന്‍ ഇവരോ ,ഈ കഥകളെഴുതാന്‍ ഞാനോ ഉണ്ടാവുമായിരുന്നില്ല.. കുട്ടിക്കാലത്തു പഠിച്ചിട്ടുണ്ട് ലൂയിസ് ബ്രൗണ്‍ ആണ് ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു എന്ന്.. ആ വഴിയിലൂടെയാവും എന്റെയും പുനര്‍ജനനം എന്ന് ആരാണ് അറിഞ്ഞത്..

ഓപ്പറേഷന്‍ തീയേറ്ററിലെ നീല കുപ്പായക്കാര്‍ക്കിടയില്‍ നിന്നു ഡോക്ടര്‍ അമറിനെ ഒരു മിന്നായം പോലെയേ അന്ന് കണ്ടിരുന്നുള്ളൂ..എപ്പോഴും ശുഭാപ്തി വിശ്വാസം പകരുന്ന അലസനായ ആ മെലിഞ്ഞ മനുഷ്യന്റെ കൈകളിലായിരുന്നു എന്റെ പുനര്‍ജീവിതം. ..രണ്ടു പെണ്‍കുഞ്ഞുങ്ങളെ പ്രതീക്ഷിച്ചാണ് ഞാന്‍ കിടന്നിരുന്നത്..മരണത്തിനു മുന്‍പ് മാഷ് എനിക്ക് തന്ന ഉറപ്പായിരുന്നു അത്…ആദ്യത്തേത് പെണ്‍കുഞ്ഞെന്നുള്ള ഡോക്ടര്‍ അമറിന്റെ പതിഞ്ഞ സ്വരം ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നുണ്ട്..രണ്ടാമത്തെയാളും പെണ്‍കുഞ്ഞെന്ന അറിയിപ്പ് വന്നതോടെ പത്തു മാസമായി ഞാന്‍ അമര്‍ത്തി വെച്ച ദുഃഖം അണപൊട്ടിയൊഴുകി..കണ്ണീരില്‍ ആ കിടക്കവിരി നനഞ്ഞു കുതിര്‍ന്നു…

എന്റെ ജീവിതത്തിലെ വിലപ്പെട്ട സമ്പാദ്യങ്ങള്‍ ആദ്യമായി സ്പര്‍ശിച്ച ,ഒരു പോറലും ഏല്‍ക്കാതെ പുറത്തു കൊണ്ടുവന്ന ആ ഡോക്ടറെ ഒന്ന് കെട്ടിപ്പിടിച്ചു പൊട്ടിക്കരയാന്‍ ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചു.. ആഗ്രഹിച്ചു കിട്ടുന്നൊരു ഗര്‍ഭം പൊട്ടാതെ പൊളിയാതെ മുന്നോട്ട് കൊണ്ടുപോവാന്‍ ആരാണോ എന്നെന്നും കൂടെയുണ്ടാവേണ്ടത് ആ മനുഷ്യന്‍ എന്നെന്നേക്കുമായി എന്നെ വിട്ടുപോയിരുന്നു.. അതി ദുരിതവും കഠിനവുമായിരുന്നു ആ ഗര്ഭകാലം..മാഷൊടെന്നിച്ചുള്ള ദിനങ്ങള്‍ എത്രയോ കിനാവ് കണ്ടിരുന്നു..പക്ഷെ ഇപ്പോ ഞാന്‍ ഒറ്റയാനെന്ന തിരിച്ചറിവ് എന്നെ കൂടുതല്‍ കൂടുതല്‍ ക്ഷീണിതയാക്കി.. ഡോക്ടര്‍ ഷൈജസ് പറഞ്ഞു തന്ന ഒരുപാടൊരുപാട് ഗര്‍ഭ കഥകള്‍ എന്നെ പലതിനും പ്രാപ്തയാക്കി..കുഞ്ഞുങ്ങളെയും കൊണ്ട് വിജയിച്ചു മാത്രമേ നമ്മള്‍ വരികയുള്ളു എന്ന് അദ്ദേഹം എല്ലായ്‌പ്പോഴും ഉറപ്പു തന്നു…ആ കരങ്ങളില്‍ അത്യധികം സുരക്ഷ ഞാന്‍ കണ്ടെത്തി…ഒരിക്കല്‍ പോലും വിഷമിച്ചിരിക്കാന്‍ അദ്ദേഹം അനുവദിച്ചില്ല…

സിനിമയേക്കാള്‍ വിചിത്രമാണ് എന്റെ ജീവിതം എന്നെനിക്കു എല്ലായ്‌പ്പോഴും തോന്നാറുണ്ട്.മരിച്ചു പോയ ഒരു മനുഷ്യന്റെ കുഞ്ഞുങ്ങളെ പ്രസവിക്കുക..കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമാണ്..തീരുമാനങ്ങള്‍ എടുക്കുമ്പോഴൊക്കെയും മനസ്സില്‍ ധൈര്യമായി നിന്നതു ആ വലിയ മനുഷ്യനായിരുന്നു…ഡോക്ടര്‍ കുഞ്ഞു മൊയ്ദീന്‍…എല്ലാ ദുഃഖങ്ങള്‍ക്കും ഉള്ള മരുന്ന് മനസ് തന്നെയാണെന്ന വലിയ തിരിച്ചറിവിലൂടെ അദ്ദേഹം എന്നെ ജീവിതത്തിലേക്ക് പിച്ച വെച്ച് നടത്തിച്ചു… ആ വലിയ തീരുമാനത്തിന് എല്ലാ പിന്തുണയും തന്നു കൂടെ നിന്നു..എല്ലാം ശരിയാവുമെടോ എന്ന് പറഞ്ഞു പുറത്തു രണ്ടു കൊട്ടും കൊട്ടി ചേര്‍ത്ത് നിര്‍ത്തി.. എങ്ങനെ നന്ദി പറഞ്ഞാണ് ഞാന്‍ ഈ കടങ്ങളൊക്കെ വീട്ടി തീര്‍ക്കുക… ഇത് എന്റെ മാത്രം കഥയല്ല ,എല്ലാവര്ക്കും ഉണ്ടാവും അതി പ്രിയപ്പെട്ട ചില ഡോക്ടര്‍ കഥകള്‍.. ജീവിതം തുടങ്ങുന്നതും ജീവിതം അവസാനിക്കുന്നതും ഡോക്ടര്‍മാരിലാണെന്നു ഈയിടെ എവിടെയോ വായിക്കുകയുണ്ടായി.. ദൈവങ്ങള്‍ ചിലപ്പോള്‍ ഡോക്ടര്‍മാരുടെ രൂപത്തിലാവും അവതരിക്കുക എന്ന് ആരാണ് പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button