ആലപ്പുഴ : സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങിൽ നിന്ന് മുൻമന്ത്രിയും ആലപ്പുഴയിൽ നിന്നുളള മുതിർന്ന നേതാവുമായ ജി. സുധാകരനെ ഒഴിവാക്കി. ആർ.മുരളീധരൻ നായർ സ്മാരക ഓഫീസ് മന്ത്രി സജി ചെറിയാനാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. പുന്നപ്ര വടക്ക് ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനച്ചടങ്ങിൽ നിന്നാണ് ജി.സുധാകരനെ ഒഴിവാക്കിയത്. ജി സുധാകരന്റെ വീട് ഉൾപ്പെടുന്ന പ്രദേശത്തെ ലോക്കൽ കമ്മിറ്റി ഓഫിസ് ആണിത്.
പാർട്ടിയിലെ പ്രധാന നേതാക്കൾ ഇടപെട്ടാണ് സുധാകരനെ ഒഴിവാക്കിയതെന്നാണ് റിപ്പോർട്ട്. ജില്ലയില്‍ ഇപ്പോഴും രൂക്ഷമായ വിഭാഗീയതയുടെ ഒടുവിലെ ഉദാഹരണമാണ് ജി സുധാകരന് നേരിടേണ്ടി വരുന്ന തുടർച്ചയായ അവഗണന. സുധാകരന്റെ വീടിന്റെ വിളിപ്പാടകലെ നടക്കുന്ന ചടങ്ങായിരുന്നിട്ടും അദ്ദേഹത്തെ ഒഴിവാക്കിയതില്‍ വിമര്‍ശനം ഉയരുന്നു. പാര്‍ട്ടി പ്രവര്‍ത്തനത്തിലും വേദികളിലും സുധാകരന്‍ സജീവമായിരുന്നു. എന്നാല്‍ അമ്പലപ്പുഴ എംഎല്‍എ എച്ച്. സലാമടക്കമുള്ള നേതാക്കളുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾക്ക് പിന്നാലെ, ഇദ്ദേഹത്തെ പാർട്ടി തന്നെ തഴയുന്ന കാഴ്ചയാണ് കാണുന്നത്.
ലോക്കല്‍ കമ്മറ്റി ഓഫീസിന്റെ നിര്‍മ്മാണം അഞ്ച് മാസം മുന്‍പാണ് ആരംഭിച്ചത്. നിര്‍മ്മാണത്തോട് അനുബന്ധിച്ച് നടന്ന തറകല്ലിടല്‍ ചടങ്ങിലും നേരത്തെ ജി സുധാകരന് ക്ഷണമുണ്ടായിരുന്നില്ല. അമ്പലപ്പുഴ ഏരിയയില്‍ നേതൃതലത്തില്‍ അടുത്തകാലത്തായി നിരവധി പ്രശ്‌നങ്ങളാണ് ഉയര്‍ന്നു വരുന്നത്. ജില്ലയിലെ പാര്‍ട്ടിയിലെ അവസാനവാക്കായ മന്ത്രിയുടെ പിൻബലത്തിലാണ് ഇവിടെയുള്ള നേതാക്കൾ ഈ കളികളെല്ലാം കളിക്കുന്നതെന്നാണ് റിപ്പോർട്ട്.
Post Your Comments