തിരുവനന്തപുരം: കേരള പോലീസിന് ആധുനിക ആയുധങ്ങളും കവചിത വാഹനങ്ങളും ഉള്‍പ്പെടെയുള്ളവ ലഭിക്കാന്‍ പോകുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പോലീസ് സേനകളെ ആധുനികവത്കരിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇത്.
ഓട്ടോമാറ്റിക് തോക്കുകളില്‍ ലോകപ്രശസ്തമായ എകെ 47ന്റെ പിന്‍ഗാമിയായ എകെ 103 തോക്കായിരിക്കും കേരള പോലീസിന് ലഭിക്കുകയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്ര വിഹിതമായി 5 കോടി രൂപ ആയുധങ്ങള്‍ക്കായി അനുവദിക്കും. 42 എകെ 103 തോക്കുകളും തദ്ദേശീയമായി നിര്‍മിച്ച ട്രിച്ചി അസോള്‍ട്ട് റൈഫിളുകളും രണ്ട് കവചിത വാഹനങ്ങളുമാണ് ലഭിക്കുക. മൈന്‍ സ്ഫോടനങ്ങളും ബോംബ് സ്ഫോടനങ്ങളും താങ്ങാന്‍ ശേഷിയുള്ളവയാണ് ഈ വാഹനങ്ങള്‍.
എകെ 103 തോക്കുകള്‍ റഷ്യയുമായുള്ള ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ നിര്‍മിച്ചു വരുന്നുണ്ട്. തിരുച്ചിറപ്പള്ളി ആയുധ ഫാക്ടറിയില്‍ നിര്‍മിക്കുന്ന ട്രിച്ചി അസോള്‍ട്ട് റൈഫിള്‍ മിനിറ്റില്‍ 600 റൗണ്ട് വെടിവെക്കാന്‍ ശേഷിയുള്ളതാണ്. 300 മീറ്റര്‍ വരെയാണ് ഇതിന്റെ പരിധി. മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനുകള്‍ക്കു വേണ്ടിയാണ് കവചിത വാഹനങ്ങള്‍ അനുവദിക്കുന്നത്.
ഇവയ്ക്കു പുറമേ 10 മള്‍ട്ടി-ഷെല്‍ ലോഞ്ചറുകള്‍, മൂന്നു ലക്ഷത്തിലേറെ വെടിയുണ്ടകള്‍, 500ഓളം ഗ്രനേഡുകള്‍ എന്നിവയും അനുവദിക്കും. മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശങ്ങളില്‍ ബാരക്കുകള്‍ നിര്‍മിക്കാന്‍ 2 കോടി രൂപ അനുവദിക്കും. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലായിരിക്കും ബാരക്കുകള്‍ നിര്‍മിക്കുക.
Post Your Comments