അടിമാലി : സൈന്യത്തില്‍ ചേര്‍ക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് യുവാക്കളില്‍നിന്നു പണം തട്ടിയെടുത്ത കര്‍ണാടക്കാരന്‍ പിടിയില്‍. മിലിട്ടറി ഇന്റലിജന്‍സ് ഉദ്യോഗസ്‌ഥന്‍ ചമഞ്ഞു തട്ടിപ്പ് നടത്തിയ ചിക്‌മംഗ്ലൂര്‍ സിങ്കേരി ഗൗരീകൃഷ്‌ണയില്‍ നാഗനാഥ ശാസ്‌ത്രിയുടെ മകന്‍ ജയരാമന്‍ (37) ആണു പിടിയിലായത്.കര്‍ണ്ണാടക സ്വദേശിയായ ജയരാമന്‍ കഴിഞ്ഞ 14 മുതല്‍ അടിമാലിയിലെ ടൂറിസ്‌റ്റ് ഹോമില്‍ മുറിയെടുത്ത് താമസിച്ചു വരികയാണ്. മിലിട്ടറി ഇന്റലിജന്‍സ് ഉദ്യോഗസ്‌ഥന്‍ രണ്ടാഴ്‌ചയായി താമസിച്ചു വരികയാണെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ ഞായറാഴ്‌ച ഇവിടെ പരിശോധന നടത്തി.
താന്‍ സൈനിക ഉദ്യോഗസ്‌ഥനാണെന്നു പോലീസിനെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പുകള്‍ കാണിച്ചു. മേലുദ്യോഗസ്‌ഥനായ ബ്രിഗേഡിയറുടെ നമ്പരും നല്‍കി. സംശയം തോന്നിയതോടെ പോലീസ് ഇയാളോട് ഓഫീസ് വിലാസം ആവശ്യപ്പെട്ടു. ഡല്‍ഹിയിലെ വിലാസവും ജയരാമന്‍ നല്‍കി. ഓഫീസിലെ ലാന്‍ഡ് ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ടതോടെ പരുങ്ങലിലായി. മുറിയില്‍ പോലീസ് വിശദമായ പരിശോധന നടത്തിയതോടെയാണു തട്ടിപ്പ് വിവരങ്ങള്‍ പുറത്തുവന്നത്. അതിനിടെ സീനിയര്‍ ഉദ്യോഗസ്‌ഥന്റേത് എന്നു പറഞ്ഞ് നല്‍കിയ ഫോണ്‍ നമ്പര്‍ ഇയാളുടേതാണെന്നും പോലീസ് കണ്ടെത്തി.
കിടക്കയുടെ അടിയില്‍നിന്നു നിരവധി യുവാക്കളുടെ ആധാര്‍ കാര്‍ഡിന്റെ കോപ്പികള്‍ അടക്കം കണ്ടെടുത്തു. സൈന്യത്തില്‍ ജോലി ല്‍കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് നിരവധി പേരില്‍ നിന്നും ആദ്യ ഗഡുവായി 1500 രൂപ വീതം ഇയാള്‍ വാങ്ങി. അടുത്തയാഴ്‌ച പട്ടാളത്തില്‍നിന്ന് ആറംഗ സംഘം ഇവിടെയെത്തി റിക്രൂട്ട്‌മെന്റിനുള്ള നടപടികള്‍ ചെയ്യുമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു. ജയരാമന്‍ താമസിച്ചിരുന്ന ഫോര്‍ച്ച്‌യൂണ്‍ ടൂറിസ്‌റ്റ് ഹോമിലെയും ബേക്കറിയിലെയും മൂന്നു ജീവനക്കാരോടും പണം വാങ്ങി.
തട്ടിപ്പിനിരയായവരില്‍ ദേവിയാര്‍കോളനി 20 സെന്റ് സ്വദേശി വെള്ളരിങ്ങല്‍ ബേസില്‍ തോമസില്‍നിന്നു പോലീസ് മൊഴിയെടുത്തു. അടിമാലി കാംകോ ജംങ്‌ഷനിലള്ള ലോഡ്‌ജില്‍നിന്ന് ഇയാളെ സി.ഐ: പി.കെ സാബു, അഡീഷണല്‍ എസ്.ഐ: എം.പി ജോണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്‌റ്റ് ചെയ്‌തത്.
Post Your Comments