സോള്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് അന്നുമായി കൂടിക്കാഴ്ച നടത്തി. ഉത്തരകൊറിയന്‍ അതിര്‍ത്തിയായ പാന്‍മംജോമിലെ സൈനിക വിമുക്തമേഖലയിലായിരുന്നു കൂടിക്കാഴ്ച.
അധികാരത്തിലിരിക്കെ ഉത്തരകൊറിയ സന്ദര്‍ശിക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റ് എന്ന സ്ഥാനവും ഇതോടെ ട്രംപിന് സ്വന്തമായി. സൈനികവിമുക്ത മേഖലയിലെത്തിയ ട്രംപ് കിം ജോങ് അന്നിന് ഹസ്തദാനം ചെയ്തു. ആണവ നിരായുധീകരണം സംബന്ധിച്ച ചര്‍ച്ച പുനരാരംഭിക്കാന്‍ ധാരണയായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്നാം തവണയാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. മുമ്പുള്ള നിരവധി അമേരിക്കന്‍ പ്രസിഡന്റുമാര്‍ ദക്ഷിണകൊറിയ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ആരും ഉത്തരകൊറിയ സന്ദര്‍ശനം നടത്തിയിട്ടില്ല.
താങ്കളെ വീണ്ടും കാണാനായതില്‍ സന്തോഷമെന്നും ഉത്തരകൊറിയയില്‍ വച്ച് കാണാനാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ലെന്നും കിം ജോങ് അന്‍ ദ്വിഭാഷിയുടെ സഹായത്തോടെ ട്രംപിനോട് പറഞ്ഞു. വലിയ പുരോഗതിയാണിതെന്നും ചരിത്രമുഹൂര്‍ത്തമാണെന്നും ട്രംപ് പ്രതികരിച്ചു. പിന്നീട് ഇരുവരും ദക്ഷിണകൊറിയയിലെ ഫ്രീഡം ഹൗസില്‍ ചര്‍ച്ച നടത്തി. കിമ്മിന്റെ ക്ഷണം സ്വീകരിച്ചാണ് ട്രംപ് എത്തിയത്. എന്നാല്‍, കൂടിക്കാഴ്ചയെ വെറും നാടകമായാണ് അന്താരാഷ്ട്ര നീരിക്ഷകര്‍ വിലയിരുത്തുന്നത്.
കൂടിക്കാഴ്ച മൂന്നാംതവണ
2018 ജൂണ്‍ 12ന് സിംഗപ്പൂരിലായിരുന്നു ട്രംപും കിമ്മും തമ്മില്‍ ആദ്യ കൂടിക്കാഴ്ച. അന്ന് ആണവ നിരായുധീകരണത്തില്‍ ഇരുരാജ്യങ്ങളും ധാരണയായിരുന്നില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ ഹനോയില്‍ നടന്ന രണ്ടാം കൂടിക്കാഴ്ചയും ഒരു തീരുമാനവുമാകാതെ അവസാനിച്ചു. പിന്നീട് ഞായറാഴ്ചയാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്.
Post Your Comments